കാലടി: വിദ്യാഭ്യാസത്തില്‍ ഉന്നതി നേടിയെടുക്കുന്നതിനൊപ്പംതന്നെ വിനയവും വളര്‍ത്തിയെടുക്കണമെന്ന് ശൃംഗേരി ശങ്കരാചാര്യര്‍ ശ്രീശ്രീ ഭാരതിതീര്ത്ഥസ്വാമികള് പറഞ്ഞു. ശ്രീശാരദാ വിദ്യാലയത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
വിനയമില്ലാത്ത വിദ്യാഭ്യാസംകൊണ്ട് യാതൊരു ഗുണവുമില്ല. വിദ്യയും വിനയവും ഒരുപോലെ വേണം. വിനയമില്ലെങ്കില്‍ വിദ്യയില്ല. ആദിശങ്കരന്റെ നാട്ടില്‍ താമസിക്കുകയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള വിദ്യാലയത്തില്‍ പഠിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നല്ല സംസ്ക്കാരത്തോടെ വളര്‍ന്നുവരണം. വളര്‍ന്ന് ഉന്നതങ്ങളില്‍ എത്തുമ്പോള്‍ നാട്ടുകാര്‍ക്കും സമൂഹത്തിനും സേവനം ചെയ്യണം. വിനയവും സേവനമനോഭാവവും ചെറിയ പ്രായത്തില്‍ത്തന്നെ വളര്‍ത്തിയെടുക്കണമെന്നും സ്വാമി പറഞ്ഞു.
ശ്രീശങ്കര വിദ്യാഭ്യാസ സമുച്ചയത്തിന് ആദിശങ്കര നോളജ് സിറ്റി എന്ന് നാമകരണം ചെയ്യുന്ന ചടങ്ങ് ഭക്തിനിര്‍ഭരമായി മറ്റൂരില്‍ നടന്നു. മറ്റൂര്‍ ശ്രീശങ്കരാ കോളേജ് ജംഗ്ഷനില്‍ സ്ഥാപിച്ച ഫലകം അനാവരണം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
രാവിലെ 10ന് കോളേജ് ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന സ്വാമികളെ വേദഘോഷത്തോടെ സ്വീകരിച്ചു. ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.എസ്.കൃഷ്ണന് പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. തുടര്‍ന്ന് ശ്രീശാരദാ വിദ്യാലയം, ശ്രീശങ്കരാ കോളേജ്, ആദിശങ്കര ട്രെയിനിംഗ് കോളേജ്, ആദിശങ്കര എഞ്ചിനീയറിംഗ് കോളേജ് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വാമിജിയെ ശ്രീശങ്കര വിദ്യാഭ്യാസ സമുച്ചയത്തിലേക്ക് ആനയിച്ചു.
ശ്രീശാരദാ വിദ്യാലയത്തിന് ആദിശങ്കര നോളജ് സെന്റര്‍-ശ്രീശാരദാ വിദ്യാലയം സിബിഎസ്ഇ സ്കൂള്‍ എന്ന് നാമകരണം ചെയ്യുന്ന ചടങ്ങ് ശ്രീശ്രീ ഭാരതിതീര്ത്ഥ സ്വാമികള്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ വി.മനോരഞ്ജിനിയും അധ്യാപകരും ചേര്‍ന്ന് സ്വാമികളെ സ്വീകരിച്ചു. തുടര്‍ന്ന് ഫലസമര്‍പ്പണം നടത്തി. തുടര്‍ന്ന് ആദിശങ്കര ട്രെയിനിംഗ് കോളേജില്‍ സ്വാമികള്‍ക്ക് സ്വീകരണം നല്കി. പ്രിന്‍സിപ്പല്‍ സി.പൊന്നുരാജ്, വൈസ് പ്രിന്‍സിപ്പല്‍ സുധ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഫലസമര്പ്പണവും നടത്തി. ‘ആദിശങ്കര നോളഡ്ജ് സെന്റര്‍-ടീച്ചര്‍ എഡ്യൂക്കേഷന്‍’ എന്ന ഫലകം സ്വാമിജി അനാവരണം ചെയ്തു.
ശ്രീശങ്കരാ കോളേജില്‍ എത്തിച്ചേര്‍ന്ന സ്വാമിജിക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്കി. കോളേജ് കവാടത്തില്‍ ‘ആദിശങ്കര നോളഡ്ജ് സെന്റര്‍-ആര്‍ട്ട്സ്, സയന്‍സ് ആന്റ് കൊമേഴ്സ്’ എന്ന ഫലകം സ്വാമികള്‍ അനാവരണം ചെയ്തു. കോളേജിലെ സ്വാമിജിയുടെ പേരിലുള്ള ശ്രീശ്രീ ഭാരതിതീര്ത്ഥ ഹാളിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എല്ലാ വകുപ്പ് അധ്യക്ഷന്മാരും അധ്യാപക അനധ്യാപക സംഘടനകളുടെ പ്രതിനിധികളും സ്വാമികള്‍ക്ക് ഫലപുഷ്പ സമര്‍പ്പണം നടത്തി. കോളേജ് എംഡി ഡോ. ബി.എസ്.കൃഷ്ണന്, സിഇഒ പ്രൊഫ. പി.എസ്.രാമചന്ദ്രന്, പ്രിന്‍സിപ്പല്‍ ഡോ. എം.കെ.രാമചന്ദ്രന് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഡോ. എ.പത്മജാ ദേവി രചിച്ച പുസ്തകത്തിന്റെ പ്രകാശനവും സ്വാമികള്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് ആദിശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ എത്തിച്ചേര്‍ന്ന സ്വാമികള്‍ ‘ആദിശങ്കര നോളജ് സെന്റര്‍-സയന്‍സ് ടെക്നോളജി ആന്റ് മാനേജ്മെന്റ്’ എന്ന ഫലകം അനാവരണം ചെയ്തു. സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശൃംഗേരി മഠം അഡ്മിനിസ്ട്രേറ്റര്‍ പത്മശ്രീ വി.ആര്.ഗൗരിശങ്കര്‍, ആദിശങ്കര മാനേജിംഗ് ട്രസ്റ്റി ഡോ. ബി.എസ്.കൃഷ്ണന്, ആദിശങ്കര ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്.ജി.അയ്യര്‍ എന്നിവര്‍ സംബന്ധിച്ചു.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട വിഷയത്തില്‍ ആഴത്തില്‍ പഠനം നടത്തി രാഷ്ട്രസേവന രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ സ്വാമിജി പറഞ്ഞു. തുടര്‍ന്ന് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ കൈവരിച്ച നേട്ടവും അഡ്മിനിസ്ട്രേറ്റര്‍ വി.ആര്.ഗൗരീശങ്കറും മാനേജിംഗ് ട്രസ്റ്റി ഡോ. ബി.എസ്.കൃഷ്ണനും സ്വാമിജിക്ക് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: