ലാഹോര്‍: യുഎസ് സര്‍ക്കാര്‍ 50കോടി പ്രഖ്യാപിച്ച കാരണത്താല്‍ ഒളിത്താവളത്തില്‍ പോകാനില്ലെന്ന് മുംബൈ ആക്രമണത്തിലെ മുഖ്യ സൂത്രധാരനും ലഷ്ക്കറെ തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയിദ്. കഴിഞ്ഞയാഴ്ച യുഎസ് സര്‍ക്കാര്‍ സയിദിനെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 50 കോടി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒളിവില്‍ പോകാന്‍ താന്‍ തയ്യാറല്ലെന്ന് സയിദ് വ്യക്തമാക്കിയത്. ഇനാം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സയിദിനോട് ഒളിവില്‍ പോകുവാന്‍ ചില അടുത്ത വൃത്തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. യുഎസിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ പല സംഘടനകളും സയിദിന് പരസ്യ പിന്തുണയുമായി വന്നിരുന്നു. യുഎസിനെതിരെ ആഹ്വാനവുമായി 40 ലധികം പാര്‍ട്ടി നേതാക്കളാണ് രംഗത്ത് വന്നത്. മുംബൈ ആക്രമണക്കേസില്‍ സയിദിനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ പാക് സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി സയിദിനോ,സയിദിന്റെ സംഘടനക്കോ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പാക്കിസ്ഥാനിലെ ഭീകര സംഘടനകളെ നിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പ്രാധാന്യത്തോടെ എടുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് വ്യക്തമാക്കി.
ഭീകരസംഘടനകള്‍ പാക്കിസ്ഥാനില്‍ വളര്‍ന്നുവന്നതിന്റെ പരിണിതഫലമാണ് മുന്‍ പാക്പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും സല്മാന് നസീറും കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയിദിനെതിരെതെളിവുകളുണ്ടെന്ന് ഇന്ത്യ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും തെളിവില്ലാത്തതിനാലാണ് സയിദിനെ കോടതിയില്‍ ഹാജരാക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടയില്‍ സയിദിനെതിരെ നടപടിയെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് പാക് പ്രധാനമന്ത്രി റാസാ ഗിലാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സയിദിനെതിരായ പ്രശ്നം ഗൗരവമായാണ് കാണുന്നതെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ പാക് സര്‍ക്കാര്‍ നിസ്സഹായരാണെന്നും ഗിലാനി പറഞ്ഞു.
സയിദിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഇന്ത്യയിലെത്തിയ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗിലാനി ഇത്തരത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: