കണ്ണൂര്‍: മുസ്ലീംലീഗിന് അഞ്ചാമത് ഒരു മന്ത്രിയെ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി.കെ.കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. ഇന്ന് രാവിലെ കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കോണ്‍ഗ്രസിന്റെ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.
അഞ്ചാം മന്ത്രിക്ക് പകരം രാജ്യസഭാ സീറ്റോ സ്പീക്കര്‍ സ്ഥാനമോ ക്യാബിനറ്റ് റാങ്കോടെ നോര്‍ക്ക റൂട്സിന്റെ ചെയര്മാന് പദവിയോ നല്‍കാമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അഞ്ചാം മന്ത്രിയില്ലെന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണെന്നും തീരുമാനത്തിന് രണ്ടുദിവസം കൂടി കാത്തിരിക്കണമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
അഞ്ചാം മന്ത്രി വിവാദം യു.ഡി. എഫ് ഐക്യത്തെ ഒരിക്കലും ബാധിക്കില്ലെന്നും ഇതു സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ക്ക് മണിക്കൂറുകളുടെ ആയുസ്സ് മാത്രമെയുണ്ടാകുള്ളുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകിട്ട് ലീഗിന്റെ സെക്രട്ടേറിയറ്റ് യോഗം പാണക്കാട് ചേരുന്നുണ്ട്.
രജ്യസഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അഞ്ചാം മന്ത്രി പ്രശ്നവുമായി കൂട്ടികുഴയ്ക്കേണ്ടതില്ലെന്നും ലീഗ് നേതൃത്വം നേരത്തെ പറഞ്ഞിരുന്നു. അഞ്ചാം മന്ത്രിയില്ലെങ്കില്‍ മറ്റ് നാല് മന്ത്രിമാരെയും പിന്‍വലിച്ച് പുറത്തു നിന്ന് പിന്തുണ നല്‍കണമെന്ന അഭിപ്രായക്കാരും ലീഗിലുണ്ട്.
അതേസമയം അഞ്ചാം മന്ത്രി പ്രശ്നത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല ദല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചൊവ്വാഴ്ച നടത്തുന്ന കൂടിയാലോചനകള്‍ നിര്‍ണായകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: