പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരുന്ന ജനകീയ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ പോലീസ് കള്ളക്കേസെടുക്കുന്നുവെന്നാരോപിച്ച് ഇന്ന് കുറുപ്പംപടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. ഇന്ന് രാവിലെ 11ന് കുറുപ്പംപടി പള്ളിക്കവലയില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധമാര്‍ച്ചിന് മുട്ടത്തുമുകള്‍ പരിസ്ഥിതി സംരക്ഷണ ആക്ഷന്കൗണ്സിലാണ് നേതൃത്വം നല്‍കുന്നത്.
ഗ്രാമസഭാ തീരുമാനങ്ങളെപോലും കാറ്റില്‍പ്പറത്തിയാണ് മുട്ടത്തുമുകള്‍ 12-ാം വാര്‍ഡില്‍ പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഭൂരഹിതരും ഭവനരഹിതരുമായ പിന്നോക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്ഥലം വാങ്ങിനിര്മ്മിച്ച 3 വീടുകള്‍ പ്ലൈവുഡ് മാഫിയ ഇടിച്ചുനിരത്തിയതായും പറയുന്നു. എന്നാല്‍ ഇതിനെല്ലാം പ്ലൈവുഡ് കമ്പനി മുതലാളിമാര്‍ക്കൊപ്പം കുറുപ്പംപടി പോലീസും കൂട്ടുപിടിക്കുകയാണെന്നും സ്ത്രീകളടക്കമുള്ള സമരക്കാര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
ഇതിനെതിരെ പഞ്ചായത്ത് ആഫീസില്‍ പരാതിയുമായെത്തിയ സ്ത്രീകളെ 8-ാം വാര്‍ഡംഗം ആസഭ്യം പറഞ്ഞതായും ഭാരവാഹികളായ ആന്റോ എബ്രഹാം, പി.എന്‍.ചന്ദ്രന്, കെ.ജി.സദാനന്ദന് തുടങ്ങിയവര്‍ പറയുന്നു. ഇന്ന് നടക്കുന്ന പോലീസ് സ്റ്റേഷന് മാര്‍ച്ച് 12-ാം വാര്‍ഡ് മെമ്പര്‍ പി.വി.ചന്ദ്രന് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ മാനവ ദീപ്തി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: