നിത്യഹരിത കേരളം ഇന്ന് കൊടും വറുതിയിലാണ്. നാല്പ്പത്തിനാല് നദികളുള്ള സംസ്ഥാനത്ത് കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. പുഴയും കിണറും കുളങ്ങളും തോടുകളുംകൊണ്ട് സമൃദ്ധമായിരുന്ന കേരളത്തില്‍ ഇന്ന് ഭൂഗര്‍ഭജലംപോലും വറ്റുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്രയം ടാങ്കര്‍ ലോറികള്‍ മാത്രമാണ്. ഇന്ന് കേരള വാട്ടര്‍ അതോറിറ്റിയല്ല, ടാങ്കര്‍ മാഫിയയാണ് മലയാളിയുടെ ദാഹശമനം വരുത്തുന്നത്. ഇത് കൊച്ചിയുടെയോ പശ്ചിമ കൊച്ചിയുടെയോ ദ്വീപുകളുടെയോ മാത്രം സ്ഥിതിയല്ല. കുടിവെള്ള ക്ഷാമവും ജലക്ഷാമവും അനുഭവിക്കുന്ന ജനങ്ങളാണ് തലസ്ഥാന നഗരിയിലും കോഴിക്കോടും മറ്റ് നഗരങ്ങളിലും ഗ്രാമങ്ങളിലും. വര്‍ഷങ്ങളുടെ പഴക്കമുള്ള പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് എത്രയോ പദ്ധതികള്‍ രൂപീകൃതമായിട്ടും അതെല്ലാം കടലാസില്‍ ഒതുങ്ങി. ഇന്ന് കേരളത്തില്‍ ആദിവാസി മേഖല തൊട്ട് നഗരവീഥികള്‍ വരെ കുടങ്ങള്‍ ചുമക്കുന്ന സ്ത്രീകളെയും കുട്ടികളെയും കുടങ്ങള്‍ നിരന്നിരിക്കുന്ന കുടിവെള്ള പൈപ്പുകളുടെയും കാഴ്ച നിരത്തിലെ വാഹനപ്പെരുപ്പംപോലെ സുലഭമായിക്കഴിഞ്ഞു. ആഴ്ചയില്‍ മൂന്നുദിവസം ടാങ്കറുകള്‍ എത്തിക്കുന്ന വെള്ളമാണ് പശ്ചിമകൊച്ചിക്ക് ആശ്വാസം.
ലോകത്ത് പൊതുവെ കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്നും അടുത്ത യുദ്ധം വെള്ളത്തിന് വേണ്ടിയുള്ളതാകുമെന്നും മറ്റും പ്രവചനങ്ങള്‍ വരുമ്പോള്‍ കടലില്‍ വെള്ളമുള്ളിടത്തോളം മനുഷ്യര്‍ക്ക് ദാഹിക്കേണ്ടി വരില്ല എന്നുപറയുന്ന ശാസ്ത്രജ്ഞര്‍ ഉണ്ട്. കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാമെന്ന് വിദഗ്ധര്‍ പറയുമ്പോഴും ലോകത്ത് പ്രതിദിനം 4500 പേര് വെള്ളം ലഭിക്കാതെ മരിക്കുന്നുണ്ടത്രെ. വെള്ളം ലഭ്യമാക്കാന്‍ പദ്ധതികള്‍ എത്രയോ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അവയൊന്നും പ്രാവര്‍ത്തികതലത്തില്‍ എത്തുന്നില്ല എന്നതാണ് നഗ്നയാഥാര്‍ത്ഥ്യം. പശ്ചിമകൊച്ചിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായത്തോടെ ഡിഎഫ്ഐഡി ആരംഭിച്ച പദ്ധതി നിശ്ചലാവസ്ഥയിലാണ്. 20 ദശലക്ഷം വെള്ളം പശ്ചിമകൊച്ചിയില്‍ വിതരണം ചെയ്യാനുള്ള പദ്ധതി 17 കോടി രൂപ ഡിഎഫ്ഐഡി ഗ്രാന്റായി ലഭിച്ചിട്ടും പൂര്‍ത്തിയാകാതെ പദ്ധതിച്ചെലവ് 35 കോടിയായി ഉയര്‍ന്ന് നിശ്ചലാവസ്ഥയിലാണ്. ജപ്പാന് കുടിവെള്ള പദ്ധതിയും ഇതുവരെ ആരുടെയും ദാഹം ശമിപ്പിക്കാന്‍ പര്യാപ്തമായില്ല. ഭൂഗര്‍ഭജലം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍പോലും പ്രാവര്‍ത്തികമായില്ല.
കുട്ടനാടുപോലും കുടിവെള്ള ക്ഷാമത്തില്‍നിന്നും വിമുക്തമല്ല. അച്ചന്‍കോവില്‍, പമ്പ, മീനച്ചില്‍, മണിമലയാര്‍ തുടങ്ങി നാല് നദികള്‍ ഒഴുകിയെത്തുന്ന കുട്ടനാട്ടില്‍ ഇന്ന് ജലക്ഷാമം അനുഭവപ്പെടുന്നു. എട്ട് ദശലക്ഷം പേര് വസിക്കുന്ന ഈ പ്രദേശത്തെ കക്കൂസുകള്‍ തുറന്നുവിടുന്നത് നദികളിലേക്കാണ്. നെല്‍വയലിലെ കീടനാശിനി തളിച്ച വെള്ളവും ഒഴുകിയെത്തുന്നത് ഈ നദികളിലാണ്. 80 ശതമാനം വെള്ളവും മാലിന്യ ജലമാണ്. കൈനകരി പഞ്ചായത്തില്‍ കുടിവെള്ളമേ ലഭ്യമല്ല. ശബരിമല സീസണില്‍ നാല് ദശലക്ഷം തീര്‍ത്ഥാടകര്‍ പമ്പയിലെത്തുമ്പോള്‍ പമ്പയിലെ ജലത്തിന്റെ പരിശുദ്ധി ഊഹിക്കാവുന്നതേയുള്ളൂ. കോഴിക്കോടും കഥ വ്യത്യസ്തമല്ല. ചേവായൂരില്‍ ക്വാറിയിലെ വെള്ളമാണ് ടാങ്കര്‍ ലോറികള്‍ വിതരണം ചെയ്യുന്നത്. ഭാരതപ്പുഴയില്‍ ചെക്ക്ഡാമുകള്‍ നിര്‍മിച്ച് ജലലഭ്യത ഉറപ്പ് വരുത്തണമെന്ന് കേരള വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയറായിരുന്ന ഭട്ടതിരിപ്പാടിന്റെ അപേക്ഷ വനരോദനമായപ്പോള്‍ മണല്‍മാഫിയ മണല്‍ വാരി ഭാരതപ്പുഴയെ മരുഭൂമിയാക്കി. 14 ചെക്ക്ഡാം നിര്‍മിക്കണമെന്ന അദ്ദേഹം നിര്‍ദ്ദേശിച്ചെങ്കിലും മൂന്ന് ചെക്ക് ഡാമുകള്‍ മാത്രമാണ് നിര്‍മിക്കപ്പെട്ടത്. മലമ്പുഴയിലും വെള്ളം കുറയുന്നത് പാലക്കാടിനെ ജലക്ഷാമഭീഷണിയില് നിര്‍ത്തുന്നുണ്ട്.
കേരളത്തില്‍ വികസനം പോരാ എന്ന് വാദിക്കുന്നവര്‍ തിരിച്ചറിയാത്തത് നഗരവല്‍ക്കരണവും നിര്‍മാണമേഖലാ വികസനവുമാണ് പ്രകൃതിയുടെ ജലസ്രോതസുകളെ നശിപ്പിച്ചതെന്നാണ്. കേരളത്തിന് 430 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ആവശ്യമുള്ളത്. ഇത് നല്കാന് കേരള വാട്ടര്‍ അതോറിറ്റിക്ക് സാധ്യമല്ല. ഭൂഗര്‍ഭജലം ഉപയോഗിക്കുക എന്ന ബദല്‍ സംവിധാനത്തിന് ഭൂഗര്‍ഭജല അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു. ജലമില്ലാതെ ജീവിതമോ ജീവികളോ പക്ഷികളോ പ്രാണികളോ വനങ്ങളോ വയലുകളോ മനുഷ്യനോ ഉണ്ടാകില്ല. ഇന്ന് ജലലഭ്യതയില്ലാതെ തുറന്ന കൊക്കുകളുമായി പറന്നുവന്നിരിക്കുന്ന പക്ഷികളുടെ കാഴ്ച സുലഭമാണ്. അവയ്ക്ക് പുറത്ത് ജലം ഏതെങ്കിലും പാത്രത്തില്‍ ഒഴിച്ചുവച്ച് ദാഹശമനത്തിന് വഴിവയ്ക്കണമെന്ന് ഭൂതദയയുള്ളവര് ആവശ്യപ്പെടുമ്പോള്‍ മനുഷ്യനുപോലും കുടിക്കാന്‍ ജലമില്ലാത്ത അവസ്ഥയിലേക്കാണ് കേരളം എത്തിനില്‍ക്കുന്നതെന്ന് അറിയേണ്ടവര്‍ അറിയുന്നുപോലുമില്ല.
മഞ്ഞുരുകാന്‍ ഇത് മതിയോ?
തീര്‍ത്ഥാടന നയതന്ത്രം ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുമോ? ഇന്ത്യ-പാക് ബന്ധം വഷളാക്കുന്ന ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ദാരി-മന്‍മോഹന്‍സിംഗ് കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാവിഷയം ലഷ്കറെ തൊയ്ബ സ്ഥാപകനായ ഹഫീസ് സയിദിനെതിരെ നടപടിയെടുക്കുക എന്നതായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഹഫീസ് സയിദിനെതിരെ നടപടിയെന്നത് ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. ആസിഫ് അലി സര്‍ദാരിയുടെ മകനും ഇന്ത്യയിലെത്തിയത് പ്രമുഖ മുസ്ലീം തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ അജ്മീറിലെ ക്വാജ മൊയിനുദ്ദിന്‍ ചിസ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കാനാണ്. സ്വകാര്യ സന്ദര്‍ശനമായിരുന്നിട്ടും രാഷ്ട്രത്തലവനര്ഹിക്കുന്ന ബഹുമതികളോടെ സര്‍ദാരി സംഘത്തെ സ്വീകരിച്ച പ്രധാനമന്ത്രി സര്‍ദാരിക്കും മകന് ബിലാവലിനും ഉച്ചഭക്ഷണ വിരുന്നും നല്കി. വീണുകിട്ടിയ അവസരം പാഴാക്കാതെ സയിദിന്റെ വിഷയത്തിലേക്ക് കടക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്. ഹഫീസ് സയിദിന്റെ തലയ്ക്ക് 50 കോടി ഇനാം അമേരിക്ക പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ച ശ്രദ്ധേയമായെങ്കിലും സര്‍ദാരി പന്ത് പാക് സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് എറിഞ്ഞ് തീര്‍ത്ഥാടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ മുംബൈ ഭീകരാക്രമണ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും മന്‍മോഹന്‍സിംഗ് ഊന്നിപ്പറഞ്ഞു. പക്ഷേ ഉഭയകക്ഷി ബന്ധം ഈവിധം തീര്‍ത്ഥാടന നയതന്ത്രത്തിലും അതിന് മുമ്പ് പര്‍വേസ് മുഷാറഫ് നടത്തിയ ക്രിക്കറ്റ് നയതന്ത്രത്തിലും മറ്റും ഒതുങ്ങുന്നു. ഇപ്പോള്‍ സര്‍ദാരി പ്രധാനമന്ത്രി മന്മോഹന്സിംഗിനെയും പിപിപി പ്രസിഡന്റായ സര്‍ദാരിയുടെ മകന് ബിലാവന്‍ ഭൂട്ടോ രാഹുല്‍ഗാന്ധിയെയും പാക്കിസ്ഥാന് സന്ദര്‍ശനത്തിന് ക്ഷണിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ക്ഷണം സ്വീകരിച്ചിരിക്കുകയാണ്. അജ്മീര്‍ ദര്‍ഗയ്ക്ക് സര്‍ദാരി ഒരു ദശലക്ഷം ഡോളര്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നു. പ്രധാനമന്ത്രിയാകട്ടെ സിയാച്ചിനില്‍ മഞ്ഞിനടിയില്‍ കുടുങ്ങിയ 130 പാക്കിസ്ഥാനി സൈനികരെ രക്ഷപ്പെടുത്താന്‍ സഹായവാഗ്ദാനവും നല്കി. പക്ഷേ ഇതെല്ലാം മതതീവ്രവാദത്തിന്റെയും പരമ്പരാഗത വൈരാഗ്യത്തിന്റെയും മഞ്ഞുരുകാന്‍ സഹായകരമാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: