പാനൂര്‍: കേന്ദ്രഭരണം നടത്തുന്നവര്‍ കുത്തക മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആര്‍എസ്എസിനെതിരെ കുപ്രചാരണം നടത്തുകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ്കുമാര് കുറ്റപ്പെടുത്തി. പുതുതായി നിര്‍മിച്ച ആര്‍എസ്എസ് പാനൂര്‍ കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ തീവ്രവാദികളും അക്രമകാരികളുമായി ചിത്രീകരിക്കാന്‍ ചിലര്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ദേശസ്നേഹികളായ ഹിന്ദുസമൂഹത്തിന് ഒരിക്കലും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ സാധിക്കില്ല. ആര്‍എസ്എസ് വിരോധത്തിന്റെ പേരില്‍ ചില രാഷ്ട്രീയ ശക്തികള്‍ ആരോപണം ഉന്നയിക്കുകയാണ്. എല്ലാ മുസ്ലിംങ്ങളും തീവ്രവാദികളല്ല, ഒരു വിഭാഗം തീവ്രവാദ പ്രചാരണം നടത്തുന്നു. കമ്മ്യൂണിസ്റ്റുകളില്‍ ഒരു വിഭാഗമായ മാവോയിസ്റ്റുകള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു. ഈ പരമാര്‍ത്ഥങ്ങളെ മൂടിവെച്ചുകൊണ്ട് വിദേശ ശക്തികള്‍ വിലക്കെടുത്ത ചിലരെ ഉപയോഗിച്ച് സംഘത്തിനെതിരെ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്ന ദുഷ്പ്രചാരണം നടത്തുകയാണ്. പിറന്ന നാടിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘപ്രവര്‍ത്തകര്‍ക്ക് തീവ്രവാദിയാകാനാകില്ല. നിരവധി കള്ളക്കേസുകള്‍ എടുത്ത പോലീസിന് ഒരൊറ്റ സംഘപ്രവര്‍ത്തകന്റെ പേരുപോലും ഇതുവരെ ചാര്‍ജ്ജ്ഷീറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘനേതാക്കളെ വിളിച്ചുവരുത്തി സത്യാവസ്ഥ മനസ്സിലാക്കി ബോധ്യപ്പെടാന്‍ ശ്രമിക്കുകയാണ് സിബിഐ ചെയ്യേണ്ടത്. അല്ലാതെ ചില കുത്തക മാധ്യമങ്ങളെ കൂട്ടുപിടിച്ച് ദുഷ്പ്രചരണം നടത്തുകയല്ല വേണ്ടത്. അധര്‍മ്മം പ്രവര്‍ത്തിച്ചവര്‍ ഇന്നോളം ഭാരതത്തില്‍ വാണ ചരിത്രമില്ല. അതിനാല്‍ സത്യശക്തികള്ക്കെതിരെ അന്യായമായ അപവാദ പ്രചരണം നടത്തുന്നവര്‍ ഇക്കാര്യം മനസ്സിലാക്കണമെന്നും സത്യം അധികം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമിക്ക് വേണ്ടി ജീവിതമര്‍പ്പിച്ച ബലിദാനികള്‍ അമരമായ സന്ദേശം ഉയര്‍ത്തിപ്പിടിച്ചവരായിരുന്നു. ബലിദാനികളോടുള്ള നമ്മുടെ കടം വീട്ടാന്‍ ഇവരുയര്‍ത്തിയ ഈ സന്ദേശം സമൂഹത്തിലെത്തിക്കാന്‍ ഓരോ സ്വയംസേവകനും കഴിയണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 373 സ്വയംസേവകരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ബലിദാനികളുടെ ബലത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. 40 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഒരു വിരാട് രൂപമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിദ്യാഭ്യാസം, ഭരണം, സമ്പത്ത് തുടങ്ങി സര്‍വ്വമേഖലകളിലും അഴിമതി സാര്‍വ്വത്രികമായിരിക്കുന്നു. അഴിമതിക്കറ പുരണ്ടവര്‍ രാജ്യത്തെ പരമപ്രധാന മേഖലകളില്‍ എത്തിയിരിക്കുന്നു. വിദ്യാഭ്യാസവും ധനവും അധികാരവും ഉണ്ടായാലും ദൗത്യബോധമില്ലെങ്കില് അവര്‍ അഴിമതിക്കാരായിത്തീരും.
സ്വജനപക്ഷപാതവും കരിഞ്ചന്തയും നാട്ടില്‍ വര്‍ദ്ധിച്ചുവരുന്നു. ധനികരും വിദ്യാസമ്പന്നരുമായവരാണ് ഇന്ന് അഴിമതി നടത്തുന്നത്. ഇത്തരക്കാര്‍ക്ക് ജീവിത വീക്ഷണമില്ലെങ്കില്‍ ഇവര്‍ നാടിന് ദോഷമായിത്തീരും. ആദര്‍ശമില്ലെങ്കില്‍ സമ്പന്നര്‍ നാടിനെ ചൂഷണം ചെയ്യും. ഇത്തരത്തില്‍ സമൂഹം വഴിമാറാതിരിക്കാന്‍ സംഘം ഒരു ആദര്‍ശം മുന്നില്‍ വെച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുനിര്‍ത്തി പ്രവര്‍ത്തിക്കുകയാണെന്നും ഇന്ദ്രേഷ്കുമാര് പറഞ്ഞു.
ചടങ്ങില്‍ ആര്‍എസ്എസ് പാനൂര്‍ താലൂക്ക് സംഘചാലക് എന്‍.കെ.നാണുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് അഖില ഭാരതീയ സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് മുഖ്യപ്രഭാഷണം നടത്തി. അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്, പ്രാന്ത സഹസംഘചാലക് അഡ്വ. കെ.കെ.ബാലറാം, വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്, വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി.വത്സന്, ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ പി.പി.രാജന് മാസ്റ്റര്‍, എബിവിപി സംസ്ഥാന സെക്രട്ടറി കെ.അനീഷ്, ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി ഹരികൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: