2006 മുതല്‍ 2012 വരെ പവര്‍കട്ട് എന്തെന്നറിയാതെയും ട്രഷറി ബാന്‍ കൂടാതെയും കേരളം കടന്നുപോയി. എന്നാല്‍ 2012 ലിതാ ലോഡ് ഷെഡിംഗും പവര്‍കട്ടും കേരള ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു. സംഭരണികളില്‍ ജലം നിറയാന്‍ ഇനിയും രണ്ടുമാസം കാത്തിരിക്കണം. ഒരു ഭരണത്തിന്റെ കെടുകാര്യസ്ഥതയായി മാത്രമേ ഈ പവര്‍കട്ടിനെ കാണാനാകൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഇടുക്കി അണക്കെട്ടില്‍ കൂടുതല്‍ ജലം ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണത്രെ വൈദ്യുതി ഉല്‍പ്പാദനത്തിനായി ശേഖരിച്ചുവച്ച ജലം തുറന്നുവിട്ടത്. ഇതാണത്രെ നേരത്തെ പറഞ്ഞ പവര്‍കട്ട് വേണ്ടിവന്നത്. എന്നാല്‍ തമിഴ്നാട് മുല്ലപ്പെരിയാറിന്റെ ജലവിതാനം താഴ്ത്തി കേരളത്തിലെ അഞ്ചുജില്ലകളിലെ ജനങ്ങളുടെ ആശങ്കയകറ്റിയില്ലെങ്കില് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിയുടെ ജല്‍പ്പനം വെറും വീമ്പിളക്കല്‍ മാത്രമായി. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ശക്തിയായി വരുന്ന ജല പാച്ചിലില്‍ ഇടുക്കി അണക്കെട്ട് പൊട്ടിപ്പോകുമെന്ന കേരളത്തിന്റെ വാദത്തിനെതിരെ ഇടുക്കിയില്‍ ജലവിതാനം കുറച്ചാല്‍ പ്രശ്നം തീരുമെന്ന തമിഴ്നാടിന്റെ ആവശ്യത്തിനനുകൂലമായിപ്പോയി വെള്ളം തുറന്നു വിടല്‍. ഫലമോ കേരള ജനതയ്ക്ക് പവര്‍കട്ട്.
പ്രധാനമന്ത്രി ഇടപെടും, പുതിയ അണക്കെട്ടിന് അനുമതി തുടങ്ങി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്ട്രീയ നേതാക്കളുടെ വാക്കുകള്‍ കേരളത്തിനുമേല്‍ ഇരുട്ട് അടിച്ചേല്‍പ്പിക്കുവാനുള്ള കുതന്ത്രങ്ങളായിരുന്നോവെന്ന് സംസ്ഥാന ജനത തിരിച്ചറിയണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മഴ കുറഞ്ഞ വര്‍ഷങ്ങള്‍ ഉണ്ടായിരുന്നിട്ടും എങ്ങനെ പവര്‍കട്ട് ഒഴിവാക്കാനായി. വെറും മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ഇടുക്കിയിലെ വെള്ളം തുറന്നുവിട്ടാല്‍ മാത്രം പവര്കട്ടിലെത്തിക്കുന്ന വൈദ്യുതിക്ഷാമം എങ്ങനെയുണ്ടായി. അതോ ജനങ്ങള്‍ സംശയിക്കുന്നതുപോലെ ജനറേറ്റര്‍ ഇന്‍വെര്‍ട്ടര്‍ കമ്പനികളുമായുണ്ടാക്കിയ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നാക്കിത്തീര്ത്ത് അതിരപ്പിള്ളി, പാത്രക്കടവ്, സെയിലന്റ്വാലി, മാനന്തവാടി, പൂയംകുട്ടി, കേരള ഭവാനി എന്നീ ജലവൈദ്യുത പദ്ധതികള്‍ തിരിച്ചുകൊണ്ടുവരാനുള്ള തന്ത്രമാണോ ഈ ഇരുട്ടടിയ്ക്ക് പിന്നില്‍ എന്ന് കേരളജനത വിലയിരുത്തേണ്ടതുണ്ട്. 1980 നു ശേഷം ഇടമലയാര്‍ (75 ാം), ലോവര്‍ പെരിയാര്‍ (180 ാം), കക്കാട് (50 ാം), കുറ്റ്യാടി (50 ാം) എന്നിവയാണ് കേരളത്തില്‍ കമ്മീഷന് ചെയ്ത ജല വൈദ്യുത പദ്ധതികള്‍. അവയില്‍ നിന്നുള്ള ശരിയായ വൈദ്യുതി ഉല്‍പ്പാദനം എത്രയെന്ന് വിലയിരുത്തപ്പെടേണ്ടത് അത്യന്താപേക്ഷിതാണ്.
കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളുടെ അവസാനം ഇടുക്കി അണക്കെട്ട് കമ്മീഷന് ചെയ്യുമ്പോള്‍ കേരളത്തിലെ പത്രമാധ്യമങ്ങളിലെ പ്രധാന തലക്കെട്ട് ഇടുക്കി ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമാണെന്നും വലിയ ജല വൈദ്യുത പദ്ധതിയാണെന്നും ഇതോടെ കേരളം വൈദ്യുതി രംഗത്ത് സ്വയം പര്യാപ്തതയിലെത്തുമെന്നും വൈദ്യതി മിച്ച സംസ്ഥാനമെന്നുമൊക്കെയായിരുന്നു. 780 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷിയുള്ളതും പദ്ധതിയില്‍നിന്നും നാളിതുവരെ 273 മെഗാവാട്ട് വൈദ്യുതി മാത്രമാണുല്പ്പാദിപ്പിക്കുന്നത്. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു. എന്തുകൊണ്ട് ഇത്രയേറെ കോടികള്‍ ചെലവഴിച്ചും ഇടുക്കി വനപ്രദേശം നശിപ്പിച്ചും ഈ ജലവൈദ്യുത പദ്ധതി നഷ്ടക്കച്ചവടമായി എന്ന് വിലയിരുത്തപ്പെടേണ്ടതല്ലേ? പദ്ധതിക്കായി ഇറക്കിയ പണവും പ്രകൃതി നാശത്തിന്റെ എസ്റ്റിമേറ്റും വൈദ്യുതി ഉല്‍പ്പാദനവുമായി തുലനം ചെയ്യപ്പെടേണ്ടതല്ലേ?
എവിടെയാണ് നമുക്ക് പിഴച്ചത്. 1956 ല്‍ പൂര്‍ണതോതില്‍ കമ്മീഷന് ചെയ്ത പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ 37.5 ാം വൈദ്യുതി ഉല്‍പ്പാദന ക്ഷമതയില്നിന്ന് ഇന്നും 32.5 ാം ഉല്‍പ്പാദനം നടത്താനാകുന്നതെങ്ങിനെയാണെന്ന് ശാസ്ത്രീയമായി പഠിക്കേണ്ടതല്ലേ? സെയിലന്റ്വാലി ജല വൈദ്യുത പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ട 1978-79 കാലഘട്ടത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് പറഞ്ഞിരുന്നത് 1990കളില്‍ സംസ്ഥാനത്തിന് 3000 മുതല്‍ 3500 മെഗാവാട്ട് വൈദ്യുതി ആവശ്യമാണെന്നും 2000 ത്തില്‍ പറഞ്ഞത് 2010 ല്‍ 6000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യം വരുമെന്നുമാണ്. എന്നാല്‍ കെഎസ്ഇബി 1990 ല്‍ പറഞ്ഞത് 2000-ാമാണ്ടില്‍ 17000 മുതല്‍ 22000 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ആവശ്യമാണെന്നുമാണ്. ശരിക്കും 2000 ത്തില്‍ ആവശ്യമായി വന്നത് വെറും 12464 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി മാത്രമാണ്. 2004-2005 ല്‍ ആവശ്യമായി വന്നത് 12751 മില്ല്യണ്‍ യൂണിറ്റുമാണ്. റെഗുലേറ്ററി കമ്മീഷന്റെ എആര്‍ആര്‍ പ്രകാരം 7000 മില്ല്യന്‍ യൂണിറ്റ് ജലവൈദ്യുത പദ്ധതികളില്‍നിന്നും 7000 മില്ല്യണ്‍ യൂണിറ്റ് സെന്‍ട്രല്‍ പൂളില്‍നിന്നും 5000 മില്ല്യണ്‍ യൂണിറ്റ് തെര്‍മല്‍ പവര്സ്റ്റേഷനുകളില്നിന്നും പ്രതീക്ഷിക്കുന്നു. പിന്നെ എങ്ങനെയാണ് കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി ഉടലെടുക്കുന്നതെന്നാണ് പ്രസക്തമായ ചോദ്യം.
ഈ ഊതിപ്പെരുപ്പിച്ച വൈദ്യുതി പ്രതിസന്ധി ജലവൈദ്യുത പദ്ധതികള്‍ക്ക് പിന്നാലെ സര്‍ക്കാരിനെ നടത്താനുള്ള കെഎസ്ഇബിയുടെ തന്ത്രമായി മാത്രമേ കണക്കാക്കാനാകൂ. ജലവൈദ്യുത പദ്ധതികള്‍ വളരെ വില കുറഞ്ഞ വൈദ്യുതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഉപകരണങ്ങളുടെ വിലയും പണിക്കൂലിയും മാത്രം കണക്കിലെടുക്കുമ്പോഴാണിങ്ങനെ കണക്കാക്കപ്പെടുന്നത്. എന്നാല്‍ പദ്ധതിമൂലം ഉണ്ടാകുന്ന കുടിവെള്ള ക്ഷാമം, മഴ കുറവ്, ജലസേചന തകര്‍ച്ച, കൃഷി നാശം, ഇക്കോളജീയ അസന്തുലിതാവസ്ഥ, ആദിവാസികളുടെ ജീവിത സാഹചര്യം നഷ്ടപ്പെടല്‍ എന്നിവയുടെ സാമ്പത്തികശാസ്ത്രം വിലയിരുത്തുമ്പോള്‍ ഇന്നുള്ള വൈദ്യുതി ഉല്‍പ്പാദന പ്രക്രിയകളില്‍ ചെലവേറിയതാണ് ജലവൈദ്യുത പദ്ധതികള്‍ എന്നു മനസ്സിലാക്കാനാകും. നാടു നശിപ്പിച്ചുള്ള പദ്ധതികള്‍ വരുംതലമുറയെ ഇരുട്ടിലാക്കുമെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം. ദ്രവ ഇന്ധനം ഉപയോഗിച്ചുള്ള കെഎസ്ഇബി (234 ാം). എന്‍ടിപിസി (360 ാം) ബിഎസ്ഇഎസ് (157 ാം), കെപിസിഎല്‍ (21 ാം) തുടങ്ങിയ പദ്ധതികള്‍ ശരിയാംവണ്ണം പ്രവര്‍ത്തിക്കുകയും നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ പ്രസരണ നഷ്ടം കുറയ്ക്കുകയും ജലസംഭരണികളില്‍ മഴക്കാലത്ത് ജലം നിറയുന്നത് ഉറപ്പാക്കാന്‍ വൃഷ്ടിപ്രദേശത്ത് ജലമാനേജ്മെന്റ് നടത്തുകയും ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുകയും ചെയ്താല്‍ തീര്‍ച്ചയായും കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും. ഇതുകൂടാതെ എല്‍ഇഡി, സിഎഫ്എല്‍ ബള്‍ബുകള്‍ക്ക് പ്രചാരം നല്‍കുക, വൈദ്യുതി മോഷണം തടയുക, വൈദ്യുതി ചാര്‍ജ് കുടിശിക സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ കമ്പനികളില്‍നിന്നും പിരിച്ചെടുക്കുക, വൈദ്യുതി ഉപയോഗം ക്രമീകരിക്കുക, അമിത ഉപയോഗത്തിന് കടിഞ്ഞാണിടുക തുടങ്ങിയ പ്രായോഗിക കര്‍ശന നടപടികള്‍ സ്വീകരിക്കാതെ നേരെ ഉപഭോക്താവിനെ ദ്രോഹിക്കുന്നതരത്തിലുള്ള പവര്‍ക്കട്ടും ലോഡ്ഷെഡിംഗും നടപ്പാക്കിയത് ജനദ്രോഹ നടപടിയാണ്.
കെഎസ്ഇബിയെന്ന സ്ഥാപനത്തെ നിലനിര്‍ത്തുക യെന്നതിനേക്കാള്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ വൈവിധ്യവല്‍ക്കരണമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സോളാര്‍ വൈദ്യുതി ബയോമാസ് വൈദ്യുതി ഗ്രീന്‍ അഥവാ ജൈവ ഊര്‍ജ്ജ സ്രോതസുകള്‍, കാറ്റില്‍നിന്ന് വൈദ്യുതി, ഹൈഡ്രജന്‍ ഇന്ധനം വഴി വൈദ്യുതി തുടങ്ങി ഒട്ടനവധി നൂതനമായ മാര്‍ഗ്ഗങ്ങള്‍ കേരള സര്‍ക്കാരിന്റെ മുമ്പില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുണ്ട്. പക്ഷേ ഇതെല്ലാം കെഎസ്ഇബി എന്ന സ്ഥാപനത്തില്‍ തട്ടി മുന്നോട്ടുപോകുന്നില്ലെന്നതാണ് സത്യം. ഇത്രയേറെ സൗരോര്‍ജ്ജം ലഭ്യമായിട്ടുള്ള സംസ്ഥാനത്ത് സൗരോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി നിര്‍മിക്കുവാനും ഗാര്‍ഹിക ഉപയോഗത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തെ ആയിരത്തിലധികം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഖരമാലിന്യ സംസ്ക്കരണത്തിനായി ബുദ്ധിമുട്ടുകയാണ്. ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് വൈദ്യുതിയും ഗ്യാസും നിര്‍മിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയാല്‍ അനേകം രോഗങ്ങളെ തടയുവാനും ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് ശാശ്വതപരിഹാരമാകും. ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ബയോഫ്യൂവല്‍ നിര്‍മാണം ഇന്ത്യയില്‍ പ്രചുരപ്രചാരം നേടിവരികയാണ്. ആന്ധ്ര, തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ജെട്രോപ്പ കൃഷി അനേകായിരം ഹെക്ടര്‍ സ്ഥലത്താണ് നടപ്പിലാക്കി വരുന്നത്. കേരളവും ഇക്കാര്യത്തില്‍ പുതിയ ചുവടുവെപ്പ് വഴി ബയോ ഡീസല്‍ ഉല്‍പ്പാദനം നടത്തി ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോകത്ത് 2025-ാമാണ്ട് ആകുന്നതോടെ യൂറോപ്പില്‍ 10 ശതമാനത്തിലധികം വൈദ്യുതി കാറ്റില്നിന്നായിരിക്കുമത്രെ. മഹാരാഷ്ട്രയിലെ വൈദ്യുതി ഉപയോഗത്തിന്റെ 50 ശതമാനത്തിലധികം കാറ്റില്‍നിന്നുള്ള വൈദ്യുതിയാക്കിമാറ്റാനുള്ള ബൃഹത്തായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇന്ന് ലോകത്ത് 25000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ 7000 മെഗാവാട്ട് വൈദ്യുതി 2007 മുതല്‍ കാറ്റില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 45000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനാണ് പരിശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലും കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള ബൃഹത്തായ പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട്. ജലവൈദ്യുത പദ്ധതികള്‍ക്ക് പുറകെ മാത്രം പോകാതെ കെഎസ്ഇബി വൈദ്യുതി രംഗത്ത് വൈവിധ്യവല്‍ക്കരണം നടപ്പാക്കണം. കേരളത്തിന്റെ ഇക്കോളജിയെയും ജൈവവൈവിധ്യത്തേയും നശിപ്പിക്കാതിരിക്കുവാന്‍ ശുദ്ധമായ ഊര്‍ജ്ജ ഉറവിടങ്ങള്‍ക്ക് മുന്‍ഗണന നല്കി സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണം. ഒപ്പം പവര്‍കട്ടില്‍നിന്നും ലോഡ്ഷെഡിംഗില്നിന്നും സംസ്ഥാനത്തെ രക്ഷിക്കണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: