അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയാണ് സിപിഎം എന്നാണ് അവര്‍ അവകാശപ്പെടാറ്. തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്നങ്ങളോടും പ്രയാസങ്ങളോടുമാണ് ആഭിമുഖ്യമെന്ന് പറയാവുന്ന വേദികളിലെല്ലാം അവര്‍ ആവര്‍ത്തിക്കും. ജന്മി കുത്തക ബൂര്‍ഷ്വാ പിന്തിരിപ്പന് നയങ്ങളോടും നിലപാടുകളോടും അവര്‍ക്ക് അറപ്പും വെറുപ്പുമാണ്. ഇതില്‍ ആകൃഷ്ടരായ വലിയൊരു ജനവിഭാഗമുണ്ട്. അവരാണ് പാര്‍ട്ടിയെ നെഞ്ചിലേറ്റിയത്. ഉണ്ണാനില്ലാത്ത, ഉടുക്കാനില്ലാത്ത, ഉറങ്ങാന്‍ ഇടമില്ലാത്ത പട്ടിണിപ്പാവങ്ങളുടെ പാര്‍ട്ടിയുടെ സമ്മേളനമാണ് ഇന്ന് കോഴിക്കോട് സമാപിക്കുന്നത്. സമ്മേളനം വലിയ വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യാ മഹാരാജ്യം ഭരിക്കേണ്ടത് കോണ്‍ഗ്രസല്ല, ബിജെപിയല്ല, ഇവര്‍ നയിക്കുന്ന മുന്നണികളല്ല എന്നും വിലയിരുത്തിയിട്ടുണ്ട്. പിന്നെയാരെന്ന ചോദ്യത്തിന് അവര്‍ക്ക് നേരത്തെ ഉത്തരമുണ്ടായിരുന്നു. അതാണ് ജനാധിപത്യ പാര്‍ട്ടികളെയും കൂട്ടുപിടിച്ച് രൂപം കൊള്ളുന്ന മൂന്നാം മുന്നണി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മൂന്നാം മുന്നണി എന്ന ആശയം തള്ളിക്കളഞ്ഞിരിക്കുന്നു. പകരം ഇടതു ബദലെന്നാണ് പുതിയ സങ്കല്പം. എന്നുവച്ചാല്‍ സകല പ്രതീക്ഷയും സിപിഎമ്മിന് നഷ്ടപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാന്‍. രാജ്യത്ത് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയുടെ മഹാമേള കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. പട്ടിണിപ്പാവങ്ങളുടെ പാര്‍ട്ടി സമ്മേളന പ്രചാരണം അഞ്ചാറുമാസമായി തുടരുകയായിരുന്നു. നിറം മങ്ങുന്നതിനനുസരിച്ച് കൊടിതോരണങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. പ്ലാസ്റ്റിക് സാധന സാമഗ്രികള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിഷ്കര്‍ഷിച്ചിരുന്ന പാര്‍ട്ടി, പ്രചാരണത്തിന് ഇവ യഥേഷ്ടം ഉപയോഗിച്ചു.
ആറു ദിവസത്തെ സമ്മേളനത്തിനാകട്ടെ പത്തു കോടിയോളം രൂപ ചെലവഴിച്ചു എന്നാണ് വാര്‍ത്ത. രണ്ടു മൂന്നു മണിക്കൂര്‍ മാത്രം ഉപയോഗിക്കുന്ന സമാപന സമ്മേളന വേദിക്കുമാത്രം അരക്കോടിയാണ് മുടക്കിയതെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ഭാടങ്ങളുടെ ആഴം വ്യക്തമാകും. കഷ്ടപ്പാടിന്റെയും കഠിനപ്രയത്നങ്ങളുടെയും കനല് വഴിയിലൂടെ നടന്നുകയറിയ നേതാക്കളെക്കൊണ്ട് സമ്പന്നമായിരുന്ന പാര്‍ട്ടിക്ക് ഇന്ന് സഭാവേദിയില്‍ ശീതീകരണമില്ലെങ്കില് സഹിക്കാനാകുന്നില്ല. സമ്മേളന പ്രതിനിധികള്‍ക്ക് താമസിക്കാന്‍ നക്ഷത്രസംവിധാനമുള്ള ഹോട്ടലുകള്‍ തന്നെ വേണം. ഇക്കാര്യത്തില്‍ ബൂര്‍ഷ്വാ പാര്ട്ടികളെന്നാക്ഷേപിക്കുന്നവരെ സിപിഎം കടത്തി വെട്ടിയിരിക്കുന്നു. സംസ്ഥാന സമ്മേളനത്തിന് ഈവന്റ്മാനേജ്മെന്റ് സംവിധാനത്തെ സിപിഎം ആശ്രയിച്ചു എന്ന് സിപിഐ അഭിപ്രായപ്പെട്ടപ്പോള്‍ നേതാക്കളുടെ ചൂരും ചൊടിയും കേരളം കണ്ടതാണ്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് അത്തരമൊരു ഏര്‍പ്പാടും നടന്നില്ലെന്നു പറയാന്‍ നേതാക്കള്‍ക്ക് സാധിക്കുമോ ? പണ്ട് കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിമാര്‍ക്കായി 5000 രൂപ വിലവരുന്ന കസേരവാങ്ങിയതിന്റെ പേരില്‍ സമരപരമ്പര സൃഷ്ടിച്ച പാര്‍ട്ടിയാണ് സിപിഎം. യുവജന-വിദ്യാര്‍ഥി സംഘടനകള്‍ മന്ത്രിമാരെ വഴിയില്‍ തടയുന്നതുള്‍പ്പെടെയുള്ള സമരപരമ്പരകള്‍ തന്നെ നടത്തിയിരുന്നു. എന്നാല്‍ അന്നത്തെ യുവാക്കള്‍ ഇന്ന് മുതിര്‍ന്ന നേതാക്കളായപ്പോള്‍ ഒരു ദിവസത്തെ അന്തിയുറക്കത്തിന് നാലായിരവും അഞ്ചായിരവും വാടകയുള്ള മുറികള്‍ തന്നെ വേണം. പാര്‍ട്ടി ഓഫീസിലെ പൊടിപിടിച്ച ബഞ്ചില്‍ കിടന്നുറങ്ങിയും കട്ടന്‍ചായയും കപ്പയും കഞ്ഞിയും കുടിച്ച് പൊതുപ്രവര്‍ത്തനം നടത്തിയവരുമാണ് ഞങ്ങളുടെ നേതാക്കളെന്നും ഊറ്റം കൊള്ളുന്നവരുടെ താമസത്തിന് ഇത്രയൊന്നും വേണ്ടെന്നു പറയാന്‍ ഒരു നേതാവും ഉണ്ടായില്ലെന്നറിയുമ്പോഴാണ് ഇരട്ടത്താപ്പ് ബോധ്യമാവുക.
കേന്ദ്രകമ്മറ്റി അംഗങ്ങളും പിബി അംഗങ്ങളും താമസിച്ചത് മാവൂര്‍ റോഡിലെ വന്‍കിട ഹോട്ടലില്‍. അവിടെ എക്കണോമി ക്ലാസിന്റെ നിരക്ക് ഒരു ദിവസം 1700 രൂപയാണ്. മറ്റ് നേതാക്കള്‍ താമസിക്കുന്നതും ഉയര്‍ന്നതരം മുറികളില്‍ത്തന്നെ. പ്രീമിയര്‍ വിഭാഗത്തിന് 4000 രൂപയാണ് നിരക്ക്. ഒരുദിവസത്തേക്ക് ഏതാണ്ട് ഒന്നേകാല്‍ ലക്ഷംരൂപ താമസത്തിന് മാത്രമായി ഇവിടെ ചെലവാകും. പശ്ചിമബംഗാള്‍ പ്രതിനിധികളിലെ ഭൂരിഭാഗവും താമസിക്കുന്നതിന് സജ്ജമാക്കിയത് മുതലക്കുളത്തിനടുത്തെ നാല് നക്ഷത്രപദവിയുള്ള ഹോട്ടലില്‍. നിരീക്ഷകര്‍ക്കും കേന്ദ്രകമ്മറ്റി അംഗങ്ങളടക്കമുള്ള 515 പ്രതിനിധികള്‍ക്കും ആറ് ദിവസത്തെ താമസത്തിനായി മാത്രം ചെലവാകുന്നത് മുക്കാല്‍ കോടിയോളമെന്നാണ് കണക്ക്. നഗരത്തില്‍ സിപിഎമ്മിനും വര്ഗ്ഗബഹുജനസംഘടനകള്ക്കുമായി നിരവധി ബഹുനില കെട്ടിടങ്ങള്‍ ഉള്ളപ്പോഴാണ് ഇത്രയധികം പണമൊഴുക്കുന്നതെന്നു കേട്ടാല്‍ പാര്‍ട്ടിക്കുവേണ്ടി മുണ്ട് മുറുക്കിയുടുത്ത് പ്രയത്നിക്കുന്നവരും അന്ധാളിച്ചുപോകും. കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന നാല്പതോളം സെമിനാറുകള്‍, നായനാര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്, സ്പോര്‍ട്സ് മേളകള്‍,ചരിത്രപ്രദര്‍ശനം, ഭക്ഷ്യമേള, സ്വപ്നനഗരിയിലെ കേരള എക്സ്പോ എന്നിവയ്ക്കായി കോടികള്‍ പൊടിച്ചത് വേറെയും. ശീതീകരിച്ച ടാഗോര്‍ സെന്റിനറി ഹാളിന്റെ വാടകയിനത്തില്‍ മാത്രം ചെലവാകുന്നത് ഒരു ദിവസം ലക്ഷത്തിലധികമാണ്. ഹാള്‍ നവീകരണത്തിനും സൗന്ദര്യവത്ക്കരണത്തിനും ചെലവഴിച്ചതിന് പുറമെയാണിത്.
നഗരത്തിലെ മുക്കിലും മൂലയിലും ഒരുക്കിയ കട്ടൗട്ടുകള്‍, പ്രചാരണസാമഗ്രികള്‍, കലാപരിപാടികള്‍ തുടങ്ങിയ വിവിധയിനങ്ങളിലായി വന്‍ സാമ്പത്തിക ചെലവ് ഉണ്ടായി. ഇന്നു നടക്കുന്ന വളണ്ടിയര്‍ മാര്‍ച്ചില്‍ കാല്‍ലക്ഷം പേര് പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ഇതില്‍ ഒരാള്‍ക്ക് മാത്രം യൂണിഫോമിന് ഏറ്റവും കുറഞ്ഞത് ആയിരം രൂപ ചെലവായതായാണ് കേള്‍ക്കുന്നത്. പാര്‍ട്ടികോണ്‍ഗ്രസിന് വേണ്ടിയുള്ള ധനസമാഹരണത്തില്‍ കോര്‍പ്പറേറ്റ് സാമ്പത്തിക സ്രോതസുകളടക്കമുള്ള നിരവധി വന്‍ വ്യവസായ ഗ്രൂപ്പുകള്‍ കയ്യയച്ച് സംഭാവന നല്‍കിയിട്ടുണ്ട്. സ്വാഗതസംഘം രൂപീകരണയോഗത്തില്‍ തന്നെ ഇത്തരം വ്യവസായഗ്രൂപ്പുകളുടെ വമ്പന്മാര് യോഗത്തിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നു. ഇത്തരം പണപ്പിരിവുകള്‍ക്ക് നേതൃത്വം കൊടുത്തത് സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തന്നെയായിരുന്നു. ഭരണത്തിലിരുന്നപ്പോള്‍ വന്‍കിട കുത്തകകള്‍ക്ക് വഴിവിട്ട് നല്കിയ ആനുകൂല്യങ്ങളും സൗജന്യങ്ങളും സമ്മേളന നടത്തിപ്പിനായുള്ള സമ്പത്തായി തിരിച്ചുപിടിക്കാന്‍ പാര്‍ട്ടി ശ്രദ്ധിച്ചു. പട്ടിണിപ്പാവങ്ങളെ കാട്ടി വിലപേശി കാശുണ്ടാക്കി നേതാക്കള്‍ ആര്‍ഭാടത്തോടെ ആഘോഷം നടത്തുകവഴി പറയുന്നതൊന്ന് ചെയ്യുന്നത് മറ്റൊന്ന് എന്ന് ബോധ്യപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ പര്യായമായി പാര്‍ട്ടി കോണ്‍ഗ്രസ് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: