ന്യൂദല്‍ഹി: ശ്രീലങ്കയിലെ യുദ്ധബാധിത മേഖലകള്‍ ഇന്ത്യന്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കും. ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാസ്വരാജിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിമാരുടെ സംഘം അടുത്തയാഴ്ചയാണ് ലങ്ക സന്ദര്‍ശിക്കുന്നത്. യുദ്ധബാധിത മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രക്രിയകളും ലക്ഷ്യംവെച്ചുകൊണ്ടാണ് ഇന്ത്യന്‍ പ്രതിനിധികള്‍ ലങ്ക സന്ദര്‍ശിക്കുന്നത്.
ബിജെപി, കോണ്‍ഗ്രസ്, ഡിഎംകെ, എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍നിന്നും 15 അംഗങ്ങളായിരിക്കും ലങ്ക സന്ദര്‍ശിക്കുന്നത്. ഏപ്രില്‍ 16 മുതല്‍ 21 വരെയാണ് സന്ദര്‍ശനം.
സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ ഉള്‍പ്പെടെയുള്ള ലങ്കന്‍ നേതാക്കളുമായി ഇന്ത്യന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.
തമിഴ്നാട്ടില്‍നിന്നും ഏഴ് പ്രതിനിധികള്‍ ഉണ്ടായിരിക്കും. ഒരു ദശകക്കാലം ലങ്കയിലെ തമിഴ് ജനവിഭാഗത്തിനെതിരെ സൈന്യം നടത്തിയ അതിക്രമങ്ങള്‍ അവസാനിച്ചതിനുശേഷം രാജ്യത്ത് നടത്തിവരുന്ന പുനരധിവാസ പ്രക്രിയകളെക്കുറിച്ച് നേതാക്കള്‍ വിലയിരുത്തും.
സുഷമാ സ്വരാജ്, കോണ്‍ഗ്രസ് എംപി സുദര്‍ശനാ നച്ചിയപ്പന്‍, മണിക ടാഗോര്‍, എം. കൃഷ്ണസ്വാമി, എന്‍.എസ്. ചിതാന്, ഡിഎംകെ മന്ത്രി ടി.കെ.എസ്. ഇളങ്കോവന്, പ്രഹ്ലാദ് ജോഷി, ബിജെപി നേതാവ് സി.പി. താക്കൂര്‍ എന്നിവരാണ് ലങ്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രതിനിധികള്‍.
ശ്രീലങ്കയിലെ എല്‍ടിടിഇയുടെ പ്രധാന കേന്ദ്രമായിരുന്ന ജാഫ്നയും കിളിനൊച്ചിയും നേതാക്കള്‍ സന്ദര്‍ശിക്കും. യുദ്ധകാലയളവിനുശേഷമുള്ള പുനരധിവാസ പ്രക്രിയകളെക്കുറിച്ച് പ്രതിനിധികള്‍ വിലയിരുത്തും. പ്രദേശത്തെ തമിഴ് പാര്‍ട്ടികളുമായും സാധാരണ വ്യക്തികളുമായും പ്രതിനിധികള്‍ സംസാരിക്കും. യുദ്ധത്തിനുശേഷമുള്ള ലങ്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇവരില്‍നിന്നും ചോദിച്ചറിയും.
യുദ്ധകുറ്റങ്ങളുടെ പേരില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ കൊണ്ടുവന്ന പ്രമേയത്തിന് ഇന്ത്യ പിന്തുണ നല്‍കുകയും മാര്‍ച്ച് 23 ന് ജെയിനെവയില്‍ ലങ്കക്കെതിരായ പ്രമേയം പാസായതിനുശേഷമാണ് ഇന്ത്യന്‍ പ്രതിനിധികള്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ലങ്ക സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, ഇന്ത്യന്‍ പ്രതിനിധികള്‍ ലങ്ക സന്ദര്‍ശിക്കുന്ന കാര്യം അറിയിച്ചിരുന്നു. ശ്രീലങ്കയിലെ തമിഴ് ജനതയുടെ ഇപ്പോഴുള്ള അവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് എല്ലാ പാര്‍ട്ടികളിലെയും പ്രതിനിധികള്‍ അടങ്ങുന്ന സംഘത്തെ ലങ്കയിലേക്ക് അയക്കണമെന്ന് നേരത്തെതന്നെ ബിജെപി ഉപനേതാവ് എസ്.എസ്. ആലുവാലിയ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 11 നാണ് ഇന്ത്യന്‍ പ്രതിനിധികളുടെ ലങ്കന്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ സന്ദര്‍ശനം നീട്ടിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: