മഹാകവി കുമാരനാശാന്റെ കുട്ടിക്കാലത്തെ ആസ്പദമാക്കി ആശാന്റെ ജന്മനാടായ കായിക്കരയില്‍ ചിത്രീകരിച്ച ‘കുമാരനാശാന്റെ ജന്മനാട്ടില്’ എന്ന ഡോക്യുമെന്ററി കലാഇന്ദു വിഷന്റെ ബാനറില്‍ സുധീഷ് ഘോഷ് നിര്‍മ്മിച്ചിരിക്കുന്നു. രചനയും സംവിധാനവും ജി.സുജേഷ്.
കുമാരനാശാന്റെ ബാല്യകാലത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ഡോക്യുമെന്ററി. കുമാരനാശാനെ രൂപപ്പെടുത്തുന്നതില്‍ കായിക്കര എന്ന പ്രകൃതി രമണീയമായ കടലോരഗ്രാമം എത്രകണ്ട് സ്വാധീനിച്ചിരിക്കുന്നു എന്ന് ഈ ഡോക്യുമെന്ററി നമ്മോട് പറയുന്നു. ഉച്ചനീചത്വങ്ങളും ജാതിവ്യവസ്ഥിതിയുമൊക്കെ കുട്ടിക്കാലം മുതല്‍ അദ്ദേഹത്തെ അസ്വസ്ഥമാക്കിയിരുന്നു. കടലിന്റെ മുഴക്കവും കായലിന്റെ ചിലമ്പൊലിയും തുടങ്ങി ഒട്ടേറെ പ്രകൃതി വൈവിധ്യങ്ങള്‍ ഒരു പ്രദേശത്ത് ഒത്തു ചേരുന്ന കാഴ്ചയാണ് കായിക്കര ഗ്രാമത്തിന്റെ സൗന്ദര്യം. കവി ഹൃദയമുള്ള ഒരാളില്‍ കവിത പൂത്തുലയാന്‍ പാകത്തിനാണ് ഈശ്വരന് ഈ ഗ്രാമത്തെ വാര്‍ത്തെടുത്തിരിക്കുന്നത്.
ബാല്യകാലം മുതല്‍ സാമൂഹിക ചുറ്റുപാടുകളെ സശ്രദ്ധം വീക്ഷിച്ചിരുന്ന കുമാര ഗുരു എന്ന ബാലനെ മലയാളം ഉള്ളിടത്തോളം മറക്കാത്ത കവിയാക്കിയത് ഈ ഗ്രാമത്തിന്റെ ചിട്ടപ്പെടുത്തലുകളായിരുന്നുവെന്ന് ഡോക്യുമെന്ററിയിലൂടെ സ്ഥാപിക്കുന്നു. അച്ഛനില്‍ നിന്നും പഠിച്ച സംസ്കൃതശ്ലോകങ്ങളും അമ്മയില്‍ നിന്ന് കേട്ട കഥകളും കുമാരനാശാന്റെ സ്വഭാവ രൂപീകരണത്തെ സ്വാധീനിച്ചിരുന്നുവെന്ന് മുപ്പത് മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പറയുന്നു.
ആശാന്റെ ബാല്യകാലം അനശ്വരമാക്കിയിരിക്കുന്നത് വിഘ്നേഷ്ബിന്ദുവാണ്. വിജയന് പാലാഴി, നഗരൂര്‍ ഷാജി, സുധീര്‍ഘോഷ്, ചിറയിന്‍കീഴ് ഷാജി, രമാദേവി, ബേബിഹരിത, ബേബി നിഖിത, മാസ്റ്റര്‍ ശ്രീഹരി, മാസ്റ്റര്‍ ആദിത്യന് തുടങ്ങിയവര്‍ വേഷമിട്ടു. ക്യാമറ ജയന്‍ദാസ്, എഡിറ്റിംഗ് ഷാന്‍, എസ്.എം.കടയ്ക്കാവൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: