കൊച്ചി: ജില്ലയിലെ ജനസംഖ്യയില്‍ പ്രാപപൂര്ത്തിയായവരില് 30 ശതമാനത്തിനും ഒരു ബാങ്കിലും അക്കൗണ്ട് ഇല്ലെന്നു പ്രാഥമിക റിപ്പോര്‍ട്ട്. അര്‍ഥപൂര്‍ണമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടത്തിവരുന്ന സര്‍വെയിലാണ് ഇതു സംബന്ധിച്ച പ്രാഥമിക വിവരം.
ഇക്കാര്യത്തില്‍ സൂക്ഷ്മദര്‍ശിയായ ഇടപെടല്‍ അനിവാര്യമാണെന്ന് റിസര്‍വ് ബാങ്ക് മേഖല ഡയറക്ടര്‍ സുമവര്‍മ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ നടന്നുവരുന്ന അര്‍ത്ഥപൂര്‍ണ്ണമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ജില്ലാതല സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ബാങ്കിടപാടുകള്‍ വര്‍ധിപ്പിക്കുക, കുടിയേറ്റ തൊഴിലാളികള്‍ക്ക് അക്കൗണ്ട് തുറക്കുക എന്നിവയില്‍ കൂടുതല്‍ വഴി തേടേണ്ടതുണ്ട്. പണമിടപാട്, സ്വര്‍ണവായ്പ എന്നിവയ്ക്ക് കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ ആവശ്യക്കാരുണ്ട്. ഈ സാഹചര്യത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സാമ്പത്തിക സാക്ഷരത പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സുമവര്‍മ അഭിപ്രായപ്പെട്ടു.
സ്മാര്‍ട്ട് കാര്‍ഡ്, ഇന്‍ഷുറന്‍സ് എന്നിവയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ നടപടി എടുക്കേണ്ടതുണ്ട്. കുടുംബശ്രീ നടത്തുന്ന സര്‍വെ നീളുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അവര്‍ സര്‍വെ പൂര്‍ത്തീകരിക്കുന്ന തീയതി അറിയിക്കാന്‍ കുടുംബശ്രീ ജല്ലാ മിഷന് കോ-ഓര്‍ഡിനേറ്ററോട് ആവശ്യപ്പെട്ടു. കുടുംബശ്രീ സര്‍വെ പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകുന്ന വിവരശേഖരം അത്ഥപൂര്ണമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതി നടത്തിപ്പിനു സഹായകമാകുമെന്ന് അവര്‍ പറഞ്ഞു.
ജില്ലയിലെ ബാങ്കുകള്‍ അവയുടെ ഗ്രാമീണ, അര്‍ധ-നഗര, നഗര ശാഖകളുടെ വിശദമായ പട്ടിക, ലീഡ് ബാങ്കിന് അടിയന്തരമായി കൈമാറാന്‍ മേഖല ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ സമിതി അംഗങ്ങള്‍ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് സാമ്പത്തിക ഉള്‍പ്പെടുത്തലുകള്‍ സംബന്ധിച്ച് ഇന്നുളള സ്ഥിതി വിലയിരുത്തണമെന്നും നിദ്ദേശമുണ്ട്. ഈ മാസം അവസാനത്തിനകം ഇതു നൂറു ശതമാനമാക്കുന്നതിനുളള നടപടി സ്വീകരിക്കാനും സുമവര്‍മ നിര്‍ദ്ദേശിച്ചു.
ബാങ്ക് അക്കൗണ്ട് തുറക്കാന്‍ വൈമനസ്യം കാണിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അക്കൗണ്ടില്ലാത്ത 30 ശതമാനമുളള പ്രായപൂര്ത്തിയായവര്ക്കിടയില് പദ്ധതി കൂടതല്‍ ലക്ഷ്യം വയ്ക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. സി.ഡി.എസ്. അധ്യക്ഷരുടെ തിരഞ്ഞെടുപ്പാണ് സര്‍വെ താമസിപ്പിക്കാനിടയാക്കിയതെന്നു പറഞ്ഞ കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, ഈ മാസം 15-നകം സര്‍വെ ഫലം ലഭ്യമാക്കുമെന്ന് ഉറപ്പു നല്കി. ജില്ലയിലെ 6.83 ലക്ഷം കുടുംബങ്ങളിലും സര്‍വെ ഇതിനകം പൂര്‍ത്തിയായതായും 2.9 ലക്ഷം കുടുംബങ്ങളുടെ വിവരശേഖരം പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു.
ലീഡ് ബാങ്കായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മായങ്ക് മേത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊച്ചി റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ സി.വി. ജോര്‍ജ്, തിരുവനന്തപുരം റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ അനില്‍ ശര്‍മ, കുടുബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസ്, എന്നിവര്‍ പ്രസംഗിച്ചു. ലീഡ് ബാങ്ക് മാനേജര്‍ കെ. ആര്. ജയപ്രകാശ് സ്വാഗതവും ആര്.ബി.ഐ. അഡീഷണല്‍ ജനറല്‍ മാനേജര്‍ കെ.ഡി. ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: