കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ ചരിത്ര പാഠ്യപദ്ധതിയില്‍നിന്ന് കാറല്‍ മാര്‍ക്സും ഫ്രഡറിക് ഏംഗല്‍സുമെല്ലാം പുറത്തേക്ക്. പാഠ്യപദ്ധതിയില്‍നിന്ന് മാര്‍ക്സിസം കുത്തിനിറച്ച പാഠഭാഗങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയോഗിച്ച വിദ്യാഭ്യാസ പാനല്‍ ശുപാര്‍ശ ചെയ്തു.
സംസ്ഥാനത്തെ സ്കൂളുകളിലെ ചരിത്ര പാഠപുസ്തകങ്ങളിലുള്ള അസന്തുലിതാവസ്ഥ തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. മൂന്നര പതിറ്റാണ്ടോളം നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയതോടെയാണ് ‘ചുവന്ന ചരിത്രം’ തിരുത്താനുള്ള ശ്രമം തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. സിപിഎം ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇത് അമര്‍ഷം കൊള്ളിച്ചിരിക്കുകയാണ്.
ചരിത്രപരമായ പ്രതിഭാസമെന്ന നിലയിലാണ് മാര്‍ക്സിനെ പഠിക്കേണ്ടതെനനും അത് മഹാത്മാഗാന്ധിയുടെയും മണ്ടേലയുടെയുമെല്ലാം ചെലവില്‍ ആകരുതെന്നും തൃണമൂല്‍ എംപി ഡെറിക് ഒബ്രിയന്‍ അഭിപ്രായപ്പെട്ടു. ‘സന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ് ബംഗാള്‍, ചരിത്രം ഉണ്ടാക്കുകയല്ല. ബോള്‍ ഷെവിക്കുകളില്നിന്ന് തുടങ്ങുകയും ബസുമാരിലും ഭട്ടാചാര്ജിമാരിലും അവസാനിക്കുകയും ചെയ്യുന്നില്ല. അവര്‍ക്ക് മുമ്പേ ചരിത്രമുണ്ട്, അവരെ അതിജീവിക്കുകയും ചെയ്യും’, അദ്ദേഹം പറഞ്ഞു.
പാഠ്യപദ്ധതികള്‍ ആധുനികവല്‍ക്കരിക്കാനും വിദ്യാര്‍ത്ഥികളില്‍ അനാവശ്യ വിഷയങ്ങളുടെ ഭാരം കുറയ്ക്കാനും നിയോഗിക്കപ്പെട്ട സമിതിയാണ് പാഠപുസ്തകങ്ങളില്‍നിന്ന് മാര്‍ക്സിനെയും ഏംഗല്‍സിനെയും 1917ല്‍ റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവത്തെയുമെല്ലാം സംബന്ധിക്കുന്ന അധ്യായങ്ങള്‍ നീക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: