കോഴിക്കോട്: രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം.
പട്ടികജാതി -വര്‍ഗ്ഗ വിഭാഗത്തിന്റെ സംവരണാവകാശത്തെ അട്ടിമറിക്കുന്ന രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് പിന്നാക്കസംഘടനകള്‍ പ്രക്ഷോഭം നടത്തുന്നതിനിടയിലാണ് ന്യൂനപക്ഷ മേഖലകളില്‍ സ്വാധീനമുറപ്പിക്കുന്നതിന് വേണ്ടി പിന്നാക്ക വിഭാഗത്തെ വഞ്ചിച്ചു കൊണ്ട് സിപിഎം പ്രമേയം അംഗീകരിച്ചത്. ബംഗാളില്‍ നിന്നുള്ള ഹനന്‍മുള്ളയാണ് ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. എ.വിജയരാഘവന് പ്രമേയത്തെ പിന്താങ്ങി. ഇതുവരെ തങ്ങളുടെ വോട്ട് ബാങ്കായി ഉപയോഗിച്ച അടിസ്ഥാന വര്‍ഗ്ഗത്തിന്റെ താത്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടാണ് മതന്യൂനപക്ഷവര്ഗ്ഗീയ ശക്തികള്‍ക്കും നിര്‍ബന്ധിത മതംമാറ്റം വഴി രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ശക്തികള്‍ക്കും ഊര്‍ജം പകരുന്ന സി.പി.എമ്മിന്റെ ഈ നടപടി.
ദേശീയ നിലവാരത്തില്‍ 19.3 ശതമാനം അംഗങ്ങളാണ് സിപിഎമ്മിന് പട്ടികജാതി വിഭാഗത്തില്‍ നിന്നുമുള്ളത്. കേരളത്തിലും ത്രിപുരയിലും ആണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിയകുറവുണ്ടായിരുന്നത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ കണക്കു പ്രകാരം കേരളത്തില്‍ 14.97 ഉം 15.86ഉം ത്രിപുരയില്‍ 19.03ഉം 19.93ഉം ആണ് യഥാക്രമം 2009 ലെയും 2004 ലേയും പട്ടികജാതി വിഭാഗത്തിലെ പാര്‍ട്ടി അംഗങ്ങളുടെ ബലം. പഞ്ചാബിലും ഹരിയാനയിലുമാണ് ഏറ്റവും കൂടുതല്‍ പട്ടികവിഭാഗങ്ങള്‍ സിപിഎമ്മിലുള്ളത്.
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനും അതു വഴി തങ്ങള്‍ക്ക് ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്ത കേന്ദ്രങ്ങളില്‍ മേല്വിലാസമുണ്ടാക്കാനുമാണ് പാര്‍ട്ടി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതുവരെ തങ്ങളുടെ പിന്നിലണിനിരന്ന പിന്നാക്കജനതയെ വഞ്ചിച്ചുകൊണ്ടാണ് പാര്‍ട്ടി പ്രമേയം അംഗീകരിച്ചിരിക്കുന്നത്. സംവരണത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ലംഘിക്കുകയും സംവരണത്തിന്റെ അന്തസത്ത കളഞ്ഞുകുളിക്കുന്നതുമാണ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ടെന്ന് പിന്നാക്കവിഭാഗസംഘടനകളുടെയും ഭരണഘടനാവിദഗ്ദ്ധരുടേയും പ്രതിഷേധം ഉയരുന്നതിനിടയിലാണ് സിപിഎം പ്രമേയം. മുസ്ലീം – ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് കാര്യമായ ഒരുപിന്തുണയും പാര്‍ട്ടിക്ക് ലഭിച്ചില്ലെന്ന വസ്തുതയില്‍ നിന്നാണ് ഇതുവരെ തങ്ങളെ പിന്തുണച്ചിരുന്ന പിന്നാക്ക വിഭാഗത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മതന്യൂനപക്ഷങ്ങളുടെ താത്പര്യത്തിന് സിപിഎം വഴങ്ങുന്നത്. ദേശീയ നിലവാരത്തില്‍ 10.22 ശതമാനമാണ് അംഗസംഖ്യയിലെ മുസ്ലീം പ്രാതിനിധ്യം. 4.65 ശതമാനം ആണ് ദേശീയതലത്തില്‍ സി.പി.എം അംഗങ്ങളുടെ ക്രിസ്ത്യന്‍ പ്രാതിനിധ്യം. മുസ്ലീം ക്രിസ്ത്യന്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പരിശ്രമങ്ങള്‍ വേണമെന്നായിരുന്നു പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം.
രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിരവധി നിര്‍ദ്ദേശങ്ങള്‍ ന്യൂനപക്ഷങ്ങളുടെ പുരോഗതിക്ക് ഉപയുക്തമാണെന്നും രണ്ട് സുപ്രധാന കാര്യങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജോലി- വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീംങ്ങള്‍ക്ക് 10 ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് 5 ശതമാനവും സംവരണം നല്‍കണമെന്നതാണ് കമ്മീഷന്റെ ഒരു നിര്‍ദ്ദേശം. സംവരണം 50 ശതമാനത്തില്‍ കൂടുതലാവരുതെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന്റെ പരിമിതി മറികടക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പശ്ചിമബംഗാളിലെ മുന്‍ ഇടതുസര്‍ക്കാര്‍ 10 ശതമാനം സംവരണം നടപ്പാക്കിയെന്നും പ്രമേയം അവകാശപ്പെടുന്നു. മുസ്ലീം ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലേക്ക് മതംമാറിയവരെ പട്ടികജാതി വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണമെന്ന കമ്മീഷന് നിര്‍ദ്ദേശത്തെയും സി.പി.എം. പ്രമേയം പിന്തുണക്കുന്നു. ദളിത് ക്രിസ്ത്യന്‍ – മുസ്ലീം വിഭാഗത്തെ പട്ടികവിഭാഗത്തിലുള്പ്പെടുത്തണമെന്നും 1950 ലെ പ്രസിഡന്റിന്റെ വിജ്ഞാപനവും തുടര്‍ന്നുണ്ടായ ഭേദഗതികളും മതപരിവര്‍ത്തനം ചെയ്ത മുസ്ലീം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്കെതിരാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ആകെയുള്ള 35ലക്ഷം പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിന്റെ സംവണാവകാശങ്ങള് കേരളത്തിലെ 40 ലക്ഷത്തോളം പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് കൂടി നല്കിയാല് പട്ടികജാതി വിഭാഗത്തെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് കൊണ്ടുപോകുന്നതിന് തുല്യമാകുമെന്ന് മണ്ണാന്‍ -വണ്ണാന്‍ സമുദായസംഘം സംസ്ഥാന പ്രസിഡന്റും സംവരണ സംരക്ഷണ പ്രക്ഷോഭ മുന്നണി അദ്ധ്യക്ഷനുമായ രഘൂത്തമന് പറഞ്ഞു. സിപിഎം. അതിന്റെഅടിസ്ഥാനജനവിഭാഗമായി വര്‍ത്തിച്ച സമുദായത്തെ വഞ്ചിച്ചിരിക്കുകയാണ്. ദേശീയ തലത്തില്‍ 15 ഉം 7 ഉം ആകെ 22 ശതമാനം സംവരണമാണ് പട്ടികജാതി- വര്‍ഗ്ഗ വിഭാഗത്തിനുള്ളത്. അത് കേരളത്തില്‍ 8ഉം 2ഉം ശതമാനമാണ്. പരിവര്‍ത്തിത ക്രൈസ്തവരെകൂടി കൂട്ടിച്ചേര്‍ത്താല്‍ സമുദായത്തിന്റെ സംവരണാനുകൂല്യം ഫലത്തില്‍ ഇല്ലാതാവും. പരിവര്‍ത്തിത ക്രൈസ്തവരും മുസ്ലീങ്ങളും സംഘടിത മതവിഭാഗത്തിന്റെ സംരക്ഷണമുള്ളവരും ഉയര്‍ന്ന ജീവിതനിലവാരമുള്ളവരുമാണ്. അന്താരാഷ്ട്ര ക്രൈസ്തവലോബിയുടെ പിടിയിലമരുകയാണ് ഇപ്പോള്‍ സിപിഎം ചെയ്തിരിക്കുന്നത്. പട്ടികവിഭാഗങ്ങളുടെ ശക്തമായ പ്രക്ഷോഭം ഇതിനെതിരെ ഉണ്ടാകുമെന്ന് രഘൂത്തമന് പറഞ്ഞു.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: