ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി ആയുധവും ആള്‍ബലവും മാത്രമല്ല. അതിനെക്കാള്‍ ശക്തി ആത്മവീര്യത്തിനാണ്. സ്വാതന്ത്ര്യാനന്തരം നടന്ന കയ്യേറ്റങ്ങളെയും യുദ്ധങ്ങളേയും വിജയകരമായി നേരിട്ടത് ആയുധബലംകൊണ്ടല്ല ആത്മവീര്യം കൊണ്ടുതന്നെയാണ്. സ്വാതന്ത്ര്യം നേടി മാസങ്ങള്‍ തികയും മുമ്പ് സ്വന്തമായി ശക്തവും വ്യക്തവുമായ സൈനികനിര രൂപം കൊള്ളുംമുമ്പ് ശത്രുരാജ്യത്തിന്റെ അക്രമം നേരിടേണ്ടിവന്നു. ‘ഇന്ത്യാ ചീനാ ഭായിഭായി’ മുദ്രാവാക്യം മുഴുങ്ങുന്നതിനിടയില് ചൈനീസ്പട കടന്നുകയറി. തുടര്‍ന്ന് പല തവണ അക്രമം വന്നപ്പൊഴൊക്കെ ആറ്റം ബോംബിനേക്കാള്‍ ശക്തിയുള്ള ആത്മബലംകൊണ്ട് വിജയം നേടാന്‍ നമ്മുടെ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. യുദ്ധമുഖത്തുനിന്ന് വിജയം നേടിയ സൈന്യത്തെ നാണം കെടുത്തും വിധമുള്ള നടപടികളാണ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ഉണ്ടായതെന്നാണ് സത്യം. സൈന്യം ജയിച്ച സ്ഥലത്ത് സര്‍ക്കാര്‍ തോറ്റുകൊടുക്കുന്ന അനുഭവങ്ങളുണ്ടായപ്പോഴും രാജ്യസ്നേഹവും ആത്മവീര്യവും തരിമ്പുപോലും ചോരാതെ കാത്തുസൂക്ഷിക്കുവാന്‍ നമ്മുടെ സൈനികര്‍ക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രം ഒന്നാകെ സൈനികര്‍ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന സംശയം പ്രബലമായിരിക്കുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് കഴിഞ്ഞദിവസം വന്ന പത്രവാര്‍ത്തകളും തുടര്‍ന്നുള്ള പ്രതികരണങ്ങളും. രാജ്യത്ത് പട്ടാള അട്ടിമറി ശ്രമം നടന്നതായാണ് റിപ്പോര്‍ട്ട്. ജനുവരി 16ന് അര്‍ദ്ധരാത്രിയില്‍ കേന്ദ്രസര്‍ക്കാരിനെ അട്ടിമറിച്ച് രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ പട്ടാളം ശ്രമിച്ചതായി ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലാണ് വര്‍ത്ത വന്നത്. സര്‍ക്കാരും സൈന്യവും തമ്മിലുള്ള വിശ്വാസക്കുറവ് കൂടുതല്‍ വ്യക്തമാക്കുന്നതായാണ് വാര്‍ത്ത.
പ്രായവിവാദവുമായി ബന്ധപ്പെട്ട് കരസേനാ മേധാവി ജന. വി.കെ. സിംഗ് കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ദിവസമാണ് പട്ടാളം അട്ടിമറിക്ക് ശ്രമിച്ചതെന്നാണ് വിവരം. രാത്രി ഹരിയാനയിലെ ഹിസാറില്‍നിന്ന് വന്‍ യുദ്ധസന്നാഹങ്ങളുമായി സൈന്യം നീങ്ങി. ഇതുപോലെ ആഗ്രയില്‍ നിന്ന് 50 പാരാബ്രിഗേഡിലെ വന്‍ സംഘവും ന്യൂദല്‍ഹിയില്‍ പാലത്തിന് സമീപത്തെത്തി. ഇരു പട്ടാളസംഘങ്ങളെയും ഇടക്കുവച്ച് തടയുകയും മടങ്ങിപ്പോകാന്‍ ഉത്തരവ് നല്‍കുകയുമായിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. പ്രായവിവാദത്തില്‍ തുടങ്ങി വിവാദ വെളിപ്പെടുത്തലുകളുടെയും അഴിമതിയാരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ കേന്ദ്രവും കരസേനാ മേധാവിയും തമ്മിലുള്ള ബന്ധം ആടിയുലയുന്നതിനിടെയാണ് ‘പട്ടാള അട്ടിമറി നീക്കവും’ പുറത്തുവന്നിരിക്കുന്നത്. സേനാവിഭാഗങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കാന്‍ നടത്തിയ പരീക്ഷണമായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം. ദുരൂഹ സാഹചര്യത്തില്‍ സൈനിക നീക്കം നടന്നതായുള്ള പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയെയും സൈനിക ഉപമേധാവി എസ്.കെ. സിംഗിനെയും പ്രതിരോധകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി ചോദ്യം ചെയ്തു. ഗുരുതരമായ വിഷയവുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങളുമായി ഈ മാസം ഒമ്പതിന് കമ്മറ്റി മുമ്പാകെ വീണ്ടും ഹാജരാകാന്‍ പ്രതിരോധ സെക്രട്ടറിക്കും കരസേനാ ഉപമേധാവിക്കും സമിതി നിര്‍ദ്ദേശം നല്കി. ടെട്രാ ട്രക്ക് ഉള്‍പ്പെടെ സായുധസേനകളുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് ശര്‍മ്മയെയും സിംഗിനെയും വിളിച്ചുവരുത്തിയിരുന്നത്.
സര്‍ക്കാരിനെ അറിയിക്കാതെ സൈന്യത്തിന്റെ രണ്ട് യൂണിറ്റുകള്‍ നീങ്ങിയെന്ന വാര്‍ത്ത പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇടയ്ക്കിടെ സൈന്യം നടത്തുന്ന റിഹേഴ്സലുകളുടെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. പത്രത്തില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്നും പറയപ്പെടുന്നു. അതേസമയം മൂടല്‍ മഞ്ഞുള്ള കാലാവസ്ഥയില്‍ സൈന്യത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണുണ്ടായതെന്ന് സേനാ നേതൃത്വം വിശദീകരിക്കുന്നുണ്ട്. അസാധാരണവും അപ്രതീക്ഷിതവുമായ സൈനിക മുന്നേറ്റം ന്യൂദല്‍ഹി ലക്ഷ്യമാക്കി നടന്നുവെന്ന വാര്‍ത്ത അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ആവര്‍ത്തിക്കുന്നുണ്ട്. ജനാധിപത്യത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തിയും സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച എ.കെ. ആന്റണി, അട്ടിമറി നീക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും അടിസ്ഥാനമില്ലാത്തതാണെന്നും പറയുന്നു. സൈന്യം ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അന്നുണ്ടായത് സാധാരണവും സ്വാഭാവികവുമായ പ്രവര്‍ത്തനങ്ങളാണ്. അസാധാരണമായി ഒന്നുമില്ല. സായുധസേനകളുടെ ദേശസ്നേഹത്തില്‍ സര്‍ക്കാരിന് പരിപൂര്‍ണ വിശ്വാസമുണ്ട്. അവരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യരുത്. ഇന്ത്യന്‍ ജനാധിപത്യത്തെ ഹനിക്കുന്ന ഒന്നും അവര്‍ ചെയ്യില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പറയുന്നതും സേനാനേതൃത്വം പറയുന്നതും അവിശ്വസിക്കുന്നില്ല. പക്ഷേ ഇതുപോലുള്ള വാര്‍ത്തകളും വിമര്‍ശനങ്ങളും എങ്ങനെ ഉയരുന്നു എന്ന ചോദ്യം പ്രസക്തമാണ്.
മുമ്പൊരുകാലത്തും ഇങ്ങനെയൊന്നുണ്ടായിട്ടുമില്ല. സേനാനേതൃത്വവും സര്‍ക്കാരും തമ്മില്‍ അവിശ്വാസം നിലനില്ക്കുന്നു എന്നത് നേരാണ്. ഇതിനുത്തരവാദി സൈന്യമാണെന്ന് കണ്ടെത്താനാവില്ല. ഭരണത്തിലിരിക്കുന്നവരുടെ പിടിപ്പുകേടും വിവരക്കേടും നിഷ്ക്രിയത്വവുമാണ് പ്രശ്നങ്ങളെല്ലാം സൃഷ്ടിച്ചിട്ടുള്ളത്. യഥാസമയം ശക്തവും യുക്തവുമായ തീരുമാനങ്ങളെടുക്കുന്നതിലാണ് ഭരണാധികാരികളുടെ മേന്മ. ഇപ്പോള്‍ ഇല്ലാത്തതും ഇതാണ്. നിര്‍ഗുണ പരബ്രഹ്മങ്ങളായി വാണരുളുന്ന ഭരണാധികാരികള്‍ അവരോട് മാത്രമല്ല രാജ്യത്തോടുതന്നെ കടുത്ത അപരാധമാണ് ചെയ്യുന്നത്. എന്തും സഹിച്ചും രാജ്യത്തിന്റെ അതിര്‍ത്തിയും യശസ്സും കാത്തുസൂക്ഷിക്കുന്ന സൈനികരുടെ ആത്മവീര്യമാണ് ഇത്തരം പെരുമാറ്റം തകര്‍ക്കുക. അത് ഒരുതരത്തിലും അനുവദിച്ചുകൂടാത്തതാണ്. തന്റെ നിഷ്ക്രിയത്വം കൊണ്ട് സൈനികരുടെ ആത്മവീര്യം തകരില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ അത് സംഭവിക്കുന്നില്ല. കരസേനാ മേധാവിയുമായി ബന്ധപ്പെട്ടും പ്രത്യേകിച്ച് അതിന്റെ മേധാവി വി.കെ. സിംഗുമായും ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടാണ് പ്രതിരോധമന്ത്രാലയവും കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. കരസേനാ മേധാവിയുടെ അന്തസ്സ് തകര്‍ക്കരുതെന്ന് പറയുന്ന പ്രധാനമന്ത്രി തന്നെ ഇത്തരം ശ്രമങ്ങള്‍ നടക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ്. അതിനാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളില്‍ പ്രധാനമന്ത്രിയേയും പ്രതിരോധമന്ത്രിയേയും കുറ്റവിമുക്തരാക്കാന്‍ ജനങ്ങള്‍ക്കാവുന്നില്ല. പേരുദോഷം വരുത്തുന്ന ഇത്തരം ഭരണാധികാരികള്‍ രാജ്യത്തിനുതന്നെ ശാപമാണ്. രാജ്യത്തിന് ഭാരമാണെന്ന് കൂടി വിലയിരുത്തും മുമ്പ് സ്വയം മാറി നില്‍ക്കാനാണ് ഇവര്‍ തയ്യാറാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: