ആലുവ: തമിഴ്നാട്ടില്‍ കവര്‍ച്ചാ സംഘങ്ങള്‍ തങ്ങുന്ന തിരിട്ടുഗ്രാമത്തിലുള്ള ചിലര്‍ ആലുവായിലും പരിസരത്തും വ്യാപകമായി തമ്പടിച്ചിട്ടുള്ളതായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. കുന്നത്തേരി ഭാഗത്ത് തങ്ങുന്ന ചിലരെ സംബന്ധിച്ച് ചെന്നൈ പോലീസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇവരില്‍ ചിലരെല്ലാം പഴയപ്ലാസ്റ്റിക് സാധനങ്ങളും പാത്രങ്ങളും വിലയ്ക്കെടുത്ത് വില്പ്പനനടത്തുന്നവരാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ മോഷണത്തിനുള്ള സ്ഥലം കണ്ടെത്തുകയാണോ എന്നതും അന്വേഷിക്കുന്നുണ്ട്. ഇവരുടെ വിശദവിവരങ്ങള്ശേഖരിച്ച് തമിഴ്നാട് പോലീസില്‍ നിന്നും മറുപടി ലഭിക്കുന്നതുവരെ ഇവരില്‍ പലരും നിരീക്ഷണത്തിലാണ്. തിരുട്ടുഗ്രാമം തങ്ങള്‍ക്ക് സ്വതന്ത്രമായി മറ്റിടങ്ങളില്‍ പോയിജോലിനോക്കുന്നതിന് തടസ്സമായിരിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് നിരവധി മോഷണകേസുകളില്‍ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവര്‍ പ്രതികളാണ്. മോഷണം നടത്തിയശേഷം മോഷണ സാധനങ്ങളുമായി തിരുട്ടുഗ്രാമത്തിലേക്ക് കടക്കുന്ന ഇവരില്‍ പലരേയും പിന്നീട് പിടികൂടുവാന്‍ പോലീസിന് കഴിയാറുമില്ല. അതുപോലെതന്നെ പശ്ചിമബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ തങ്ങുന്നവരുടെ രേഖകളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇവരുടെ തിരിച്ചറിയല്‍കാര്‍ഡുകള്‍ വ്യാജമല്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ് തിരിട്ടുഗ്രാമത്തില്‍ നിന്നും മോഷണത്തിനെത്തുന്നത്. തിരക്കേറിയ ബസ്സുകളില്‍ കയറി കൊച്ചുകുട്ടികളെ ഉപയോഗിച്ചാണ് സ്വര്‍ണ മാലകവര്‍ച്ച ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: