വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരില്‍ മന്ത്രിയും അതിലുപരി ‘സാംസ്കാരിക നായകനു’മായ എം.എ.ബേബിയുടെ കാര്‍മ്മികത്വത്തിലാണ് കേരളത്തിലെ സാംസ്കാരിക രംഗമാകെ രാഷ്ട്രീയവല്‍ക്കരിച്ചത്. കേരളാ സാഹിത്യ അക്കാദമിയും സംഗീത നാടക അക്കാദമിയും കലാമണ്ഡലവുമടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളാകെ രാഷ്ട്രീയക്കാരുടെ കൈപ്പിടിയിലാക്കുന്നതിന് സഹായിക്കലായിരുന്നു സാംസ്കാരിക വകുപ്പു മന്ത്രിയെന്ന നിലയില്‍ എം.എ.ബേബി ചെയ്തത്. സാംസ്കാരിക സ്ഥാപനങ്ങളുടെയെല്ലാം ഭരണതലപ്പത്ത് സിപിഎംകാരെയും സ്വന്തക്കാരെയും നിയമിക്കുന്നതിന് ഒട്ടും മടിയദ്ദേഹം കാട്ടിയില്ല. മറ്റുള്ളവര്‍ക്ക് അവിടേക്ക് പ്രവേശനം പോലും നിഷേധിച്ചുകൊണ്ട് അവിടങ്ങളെല്ലാം കണ്ണൂരിലെ പാര്ട്ടിഗ്രാമങ്ങളെപ്പോലെയാക്കുന്നതില് എം.എ.ബേബി വിജയിക്കുക തന്നെ ചെയ്തു. എല്‍ഡിഎഫ് ഭരണത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അതായിരുന്നു സ്ഥിതി.
സാംസ്കാരിക സ്ഥാപനങ്ങള്‍ രാഷ്ട്രീയ ഭിക്ഷാംദേഹികളെക്കൊണ്ട് നിറയ്ക്കുന്നത് സി.പി.എം ഭരണത്തില്‍ എല്ലാക്കാലത്തും ചെയ്തു വരുന്നതാണ്. അക്കാര്യത്തില്‍ സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനമോ, വകുപ്പു ഭരിക്കുന്ന സിപിഎം മന്ത്രിയോ പേരിനെങ്കിലും പൊതുമര്യാദ പോലും പാലിക്കാറില്ലെന്നതാണ് സത്യം.
സാഹിത്യ അക്കാദമിയെയും സംഗീത നാടക അക്കാദമിയെയും ലളിതകലാ അക്കാദമിയെയും മാത്രമല്ല കല്പിത സര്‍വകലാശാലാ പദവിയുള്ള കലാമണ്ഡലത്തെപ്പോലും ഇടതു ഭരണത്തില്‍ അവരുടെ ചൊല്‍പ്പടിയിലാക്കി. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എല്ലാ സാംസ്കാരിക സ്ഥാപനങ്ങളിലും ധാരാളം പേരെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു. പൊതുഖജനാവിന്റെ ചെലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലും പബ്ലിക് സര്‍വീസ് കമ്മീഷന് വഴിയല്ലാതെ ഉദ്യോഗ നിയമനം പാടില്ലെന്നാണ് അംഗീകരിക്കപ്പെട്ട കീഴ്വഴക്കം. ആ കീഴ്വഴക്കങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു മന്ത്രി ബേബി സാംസ്കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ സിപിഎം അധിനിവേശം നടത്തിയത്.
സാഹിത്യം, നാടകം, നൃത്തം, സിനിമ, സംഗീതം, ചിത്രകല, ഫോക്ലോര് തുടങ്ങിയ കലാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും ഉത്തേജനവും നല്കി, അവയെ സമൂഹത്തില്‍ എക്കാലവും സജീവമാക്കി നിലനിര്‍ത്തുന്നതിനാണ് സര്‍ക്കാരിനു കീഴില്‍ വിവിധ അക്കാദമികള്‍ രൂപവത്കരിച്ചത്. എന്നാല്‍ ഈ സ്ഥാപനങ്ങളൊക്കെ ജനിച്ചു കഴിഞ്ഞ് ഇത്രയും നാളത്തെ ചരിത്രം പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഹിതത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ ഹിതത്തിനും അനുസരിച്ച് കലാപ്രവര്‍ത്തനത്തെ വഴിതിരിച്ചു വിടാനുള്ള കേന്ദ്രങ്ങളായാണ് ഭരണാധികാരികള്‍ ഇവയെ ഉപയോഗപ്പെടുത്തിയതെന്ന് കാണാം. ഇടതു ഭരണകാലത്ത് അതു വളരെ സ്പഷ്ടമായി ജനങ്ങള്‍ക്ക് അനുഭവിക്കാനായി എന്നതാണ് പ്രത്യേകത. ഏതു ലക്ഷ്യത്തോടെയാണോ ഇവയെല്ലാം സ്ഥാപിച്ചത്, ആ ലക്ഷ്യത്തിലെത്താന്‍ മാത്രം ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
കലാപ്രവര്‍ത്തനം എപ്പോഴും സ്വതന്ത്രമാകണം. അതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനാവശ്യവുമാണ്. എന്നാല്‍ ജനങ്ങളെ സാംസ്കാരിക ജീവിതവുമായി ഇണക്കുന്നതിനും സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രതിഭകളെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും അക്കാദമികള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. സര്‍ക്കാര്‍ നിയന്ത്രണവും സഹായവും അത്തരത്തില്‍ ക്രിയാത്മകമായി വിനിയോഗിച്ചാല്‍ മാത്രമേ അതു സാധ്യമാകുകയുള്ളു. സാംസ്കാരിക സ്ഥാപനങ്ങളെ തങ്ങളുടെ ഇടുങ്ങിയ ആശയങ്ങള്‍ അടിച്ചേല്പിക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്ന രാഷ്ട്രീയക്കാര്‍ സമൂഹത്തോടു ചെയ്യുന്നത് വലിയ ചതിയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
ഇടതുപക്ഷ സര്‍ക്കാരുകള്‍ സാംസ്കാരിക കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്തുന്നത്, അവരതിന്റെ വില മനസ്സിലാക്കുന്നതു കൊണ്ടു കൂടിയാണ്. കേരളത്തില്‍ പാട്ടുപാടിയും നാടകം കളിച്ചും കൂടിയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടായത്. തങ്ങളുടേതായ, തങ്ങള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന, കഥയെഴുതുന്ന, കവിതയെഴുതുന്ന, നാടകപ്രവര്‍ത്തകരായ… കലാപ്രവര്‍ത്തകരെ വിവിധ മേഖലകളില്‍ സൃഷ്ടിച്ചെടുക്കാന്‍ എക്കാലത്തും സിപിഎം ശ്രമിക്കുന്നതും അതിനാലാണ്. നമ്മുടെ അക്കാദമികളുടെ തലപ്പത്തിരുത്താന്‍ പോന്ന, കഴിവുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ വലിയ നിരയെ സമ്പാദിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം ലക്ഷ്യങ്ങളെ മുന്നില്‍ വച്ചുകൊണ്ടാണ് അവര്‍ ഭരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.
നമുക്ക് നിരവധിഅക്കാദമികളുണ്ട്. അവ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളായാണ്. കലയ്ക്കും സാഹിത്യത്തിനും നാടകത്തിനും സര്‍ക്കാരിന്റെ ഒത്താശകൊണ്ട് മാത്രമേ വികാസം ലഭിക്കൂ എന്നു കരുതാനാകില്ല. ഈ അക്കാദമികളൊന്നും ഇല്ലാത്ത കാലത്തും ഇവിടെ കലാപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. ഒരു പക്ഷെ അക്കാലത്തായിരുന്നു അവയൊക്കെ കൂടുതല്‍ പുഷ്ടിപ്പെട്ടത്. നല്ല സാഹിത്യവും കലാരൂപങ്ങളും സര്‍ക്കാരിന്റെ ആശിര്‍വാദമില്ലാതെ സ്വതന്ത്രമായി ഉണ്ടാവുകയാണ്. ലോകത്തെങ്ങും അതാണ് സംഭവിക്കുന്നത്. എങ്കിലും എഴുത്തുകാരും കലാകാരന്മാരും രചനാബാഹ്യമായ ജീവിതത്തില്‍ അക്കാദമി എന്ന സ്ഥാപനത്തെ കൗതുകപൂര്‍വം നോക്കാറുണ്ട്. പൊതുഖജനാവില്‍ നിന്ന് ധനം ധൂര്‍ത്തടിക്കുന്ന കലാസാഹിത്യ സ്ഥാപനങ്ങളുടെ ഭരണത്തിലൂടെ പൊതുസമൂഹത്തില്‍ ഇടപെടാമെന്നാണ് രാഷ്ട്രീയക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ അക്കാദമികളില്‍ നിന്ന് പൊതു സമൂഹം പ്രതീക്ഷിക്കുന്നത് അതല്ല. അക്കാദമികളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ കലാസാഹിത്യ തല്പരരായ പൊതു സമൂഹം ദുഃഖിക്കുന്നതും അതിനാലാണ്.
ഇടതു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ നിന്നു പോയി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങള്‍ മാറ്റത്തിനു വിധേയമാകുമെന്ന് ആര്‍ക്കും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എങ്കിലും സിപിഎമ്മിന്റെ രാഷ്ട്രീയാതിപ്രസരം ഇല്ലാതായേക്കുമെന്ന് ചിലരെങ്കിലും ആശിച്ചു. സാംസ്കാരിക സ്ഥാപനങ്ങളില്‍ സിപിഎം നടത്തുന്ന രാഷ്ട്രീയാധിനിവേശത്തിനെതിരെ എപ്പോഴും ശബ്ദമുയര്ത്തിക്കൊണ്ടിരുന്നവരാണല്ലോ ഉമ്മന്‍ചാണ്ടിയും കൂട്ടരും.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം പത്തുമാസം പിന്നിടുമ്പോള്‍ സ്ഥിതി വളരെ ദയനീയമാണെന്ന ബോധ്യപ്പെടലാണുണ്ടാകുന്നത്. കോണ്ഗ്രസ്സുക്കാര്ക്കും അവരുടെ മുന്നണിയിലെ സഖ്യ കക്ഷികള്‍ക്കും വീതംവച്ചു നല്‍കാനുള്ള സ്ഥാനങ്ങള്‍ മാത്രമായാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സാംസ്കാരിക സ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങളെ കണ്ടത്. ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും സംഗീതനാടക അക്കാദമിയുമടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലൂടെ പൊതു സമൂഹത്തിലെ ഇടപെടല്‍ ‘സര്‍ഗ്ഗാത്മക’മാക്കാനായെങ്കിലും ഇടതു സര്‍ക്കാര്‍ സാംസ്കാരിക സ്ഥാപനങ്ങളെ സജീവമാക്കി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സാംസ്കാരികപ്രവര്ത്തനമെന്തെന്ന് അറിയാത്ത ഒരു മന്ത്രിയുടെയും അക്കാദമി അധ്യക്ഷന്മാരുടെയും കീഴില്‍ നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങള്‍ക്കും സാംസ്കാരിക പ്രവര്‍ത്തനത്തിനും താളം തെറ്റുന്നു എന്നു പറയാതിരിക്കാന്‍ കഴിയുന്നില്ല.
എം.എ.ബേബിയുടെ കീഴില്‍ പക്ഷം പിടിച്ചും രാഷ്ട്രീയാതിപ്രസരത്തോടെയും പ്രവര്‍ത്തിച്ചിരുന്ന സാംസ്കാരിക സ്ഥാപനങ്ങള്‍ ഇപ്പോള്‍ മന്ത്രി കെ.സി.ജോസഫിന്റെ കീഴില്‍ ഒരു പ്രവര്‍ത്തനവുമില്ലാതെ നിര്‍ജ്ജീവാവസ്ഥയിലായി. ഫയല്‍ നോക്കുന്നതും ഒപ്പിടുന്നതും പുരസ്കാരങ്ങള്‍ നല്‍കുന്നതും മാത്രമാണ് സാംസ്കാരിക പ്രവര്‍ത്തനമെന്നാണ് നമ്മുടെ അക്കാദമികളുടെ തലപ്പത്തിരിക്കുന്ന മിക്കവരുടെയും ധാരണ. ഇടതു സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തി അക്കാദമികളെ അധഃപ്പതിപ്പിച്ചപ്പോള് കോണ്‍ഗ്രസ് സര്‍ക്കാര്‍ നേതാക്കള്‍ക്കും അനുഭാവികള്‍ക്കും വീതം വച്ചു നല്കാന് മാത്രമുള്ള സ്ഥാനങ്ങളാക്കി അക്കാദമികളെ ഇല്ലായ്മ ചെയ്തു. ഒരുതരത്തിലുമുള്ള സാംസ്കാരിക പ്രവര്‍ത്തനവും നടത്താത്ത നിര്‍ജ്ജീവ സമിതികളാണ് ഇന്ന് നമ്മുടെ അക്കാദമികളുടെ ഭരണത്തിലുള്ളതെന്ന് പറയാതെ വയ്യ. സാംസ്കാരിക വകുപ്പ് എങ്ങനെ ഭരിക്കണമെന്ന ഒരു നയംപോലും ഇല്ലാതെയാണ് സാംസ്കാരിക വകുപ്പു മന്ത്രി മറ്റ് പലവകുപ്പുകളും ഭരിക്കുന്നതിനിടയില് ഇതിന്റെയും ഭരണം നടത്തുന്നത്. മുമ്പ് സാംസ്കാരിക വകുപ്പിനു കീഴിലായിരുന്ന സിനിമയെ പ്രത്യേക വകുപ്പാക്കി വനം മന്ത്രിയായ മുന്‍ സിനിമാ നടന് നല്‍കിയിട്ടും സിനിമാ വകുപ്പില്‍ മാറ്റമൊന്നും വന്നില്ല. അവിടെയും സിനിമയിലും പുറത്തുമുള്ള തന്റെ സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ് മന്ത്രി ചെയ്തത്. ചലച്ചിത്ര അക്കാദമി ആകെ കുത്തഴിഞ്ഞ അവസ്ഥയിലുമായി.
സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ സഹകരണ വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം. ഇടതു സര്‍ക്കാരില്‍ സഹകരണ വകുപ്പു മന്ത്രിയായിരുന്ന ജി.സുധാകരന് തെറ്റില്ലാത്ത തരത്തില്‍ മുന്നോട്ടു കൊണ്ടുപോയിരുന്ന സ്ഥാപനമാണത്. അവിടെയും സര്‍ക്കാര്‍ ഇടപെടല്‍ ദയനീയമാണ്. എഴുത്തുകാര്‍ക്ക് റോയല്‍റ്റി ഇനത്തില്‍ കൊടുത്തു തീര്‍ക്കാനുണ്ടായിരുന്ന പണത്തില്‍ വലിയൊരു ഭാഗം കൊടുത്തു തീര്‍ക്കുകയും പുതിയ നിരവധി പുസ്തകങ്ങളിറക്കുകയും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയും ചെയ്ത സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, സര്‍ക്കാര്‍ ഇടപെടല്‍ വേണ്ടതരത്തിലുണ്ടാവാത്തതിനാല് വീണ്ടും പഴയപടിയിലേക്കു കുതിക്കുകയാണെന്നാണ് അറിവ്.
ഭരണത്തില്‍ പിടിച്ചു നില്ക്കാന് പെടാപാടുപെടുന്ന ഒരു സര്‍ക്കാരിന് ഇതൊക്കെ ശ്രദ്ധിക്കാന്‍ എവിടെയാണ് സമയമെന്ന് ചോദിക്കുന്നവരുണ്ട്. പിടിച്ചു നില്ക്കണമെങ്കില് ഇതും കൂടി വേണമെന്ന് പക്ഷേ അവര്‍ തിരിച്ചറിയുന്നില്ല. തിരിച്ചറിയുമ്പോഴേക്കും ഒന്നും ചെയ്യാനാകാത്ത തരത്തില്‍ കാലം കടന്നു പോകുമെന്നും അവര്‍ മനസ്സിലാക്കുന്നില്ല.
.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: