കോഴിക്കോട്: സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് പാര്‍ട്ടിപത്രം ഇന്നലെ പുറത്തിറക്കിയ പ്രത്യേക പതിപ്പിലും വി.എസ് അച്യുതാനന്ദന് സ്ഥാനമില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുതല്‍ പൊന്നാനിയിലെ പഴയ ലോക്സഭാ സ്ഥാനാര്‍ത്ഥി ഹുസൈന് രണ്ടത്താണി വരെ ലേഖനമെഴുതിയ ദേശാഭിമാനി പ്രത്യേകപതിപ്പില്‍ വി.എസിന്റെ ലേഖനമോ വി.എസിന്റെ പ്രവര്ത്തനങ്ങളേപ്പറ്റിയുള്ള പരാമര്‍ശങ്ങളോ ഉള്ക്കൊള്ളിച്ചിട്ടില്ലെന്നത് ശ്രദ്ധേയമായി.
അനുഭവങ്ങളില്‍നിന്നും കരുത്തുനേടി എന്ന പിണറായി വിജയന്റെ ലേഖനമാണ് സപ്ലിമെന്റിന്റെ രണ്ടാം പേജില്‍ ഉള്ളത്. ഇടതു പക്ഷ ചിന്തകരായവരുടേയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍,എസ്.രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട് എന്നിവരുടേയും ലേഖനങ്ങള്‍ പ്രത്യേക പതിപ്പിലുണ്ട്.
പതിനാലു പേജുള്ള പതിപ്പില്‍ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നും പുറത്തുപോയ പഴയകാല നേതാക്കളുടെ ചിത്രത്തില്‍ മാത്രമാണ് വി.എസിന്റെ സാന്നിധ്യമുള്ളത്. 1989നു ശേഷം കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സെന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന അംഗമായ വി.എസിനെ പതിപ്പില്‍ നിന്നും ഒഴിവാക്കിയത് വിഭാഗീയതയുടെ ഭാഗമാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. വി.എസ് അച്യുതാനന്ദന് നടത്തിയ പോരാട്ടങ്ങള്‍ പലതും പാര്ട്ടിക്കതീതമായിരുന്നുവെന്നും പാര്‍ട്ടി പങ്കാളിത്തമില്ലായിരുന്നെന്നുമുള്ള വിമര്‍ശനം ഔദ്യോഗിക പക്ഷത്തുനിന്നും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് വി.എസിന്റെ സമരങ്ങളേയും പ്രവര്‍ത്തനങ്ങളേയും വിസ്മരിച്ചുകൊണ്ട് പാര്‍ട്ടിപത്രം പതിപ്പിറക്കി വിതരണം ചെയ്തിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: