കോഴിക്കോട്: കമ്മ്യൂണിസം തന്നെ പരാജയപ്പെട്ട സാഹചര്യത്തില്‍ കമ്മ്യൂണിസത്തിന് ഇന്ത്യന്‍ പതിപ്പെന്ന ആശയം തന്നെ അപ്രസക്തമാണെന്ന് പ്രമുഖ ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന് അഭിപ്രായപ്പെട്ടു. ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉപേക്ഷിച്ചുകഴിഞ്ഞു. സോവിയറ്റ് റഷ്യയും ചൈനയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്. അത്തരത്തിലൊരു ലോകസാഹചര്യത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചറിയേണ്ടതാണ്. വിചിത്രമായ സ്ഥിതിയാണ് കമ്മ്യൂണിസത്തിനുള്ളത്. കിഴക്കന്‍യൂറോപ്പില്‍, റഷ്യയില്‍, ക്യൂബയില്‍ എല്ലാം അത് പരാജയപ്പെട്ടുകഴിഞ്ഞു. കൊറിയകളില്‍ വടക്കന്‍ കൊറിയയില്‍ മാത്രമാണ് കമ്മ്യൂണിസം ഉള്ളത്. ചൈന മുതലാളിത്തത്തിന് വഴിമാറിക്കഴിഞ്ഞു. ഇന്ത്യയില്‍ത്തന്നെ ബംഗാളിലും കേരളത്തിലും പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ അവര്‍ പരാജയപ്പെട്ടു കഴിഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന ഇവര്‍ ഭരണത്തിലെത്തുമ്പോള്‍ ഏകാധിപതികളാവുന്നു. കേരളത്തില്‍ സിപിഎം പിടിച്ചുനില്‍ക്കുന്നതിന് മറ്റ് പാര്‍ട്ടികളുടെ കഴിവുകേടാണ് കാരണം, ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ എംജിഎസ് പറഞ്ഞു. സോവിയറ്റ് യൂണിയന് പൊളിഞ്ഞ് ചിന്നിച്ചിതറിയപ്പോള്‍ അണികളെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ് കമ്മ്യൂണിസം തകര്‍ന്നിട്ടില്ലെന്നും കമ്മ്യൂണിസത്തിന്റെ പ്രയോഗത്തില്വന്ന പിഴവുകളാണ് ജനപ്രീതി നഷ്ടപ്പെടുത്തിയതെന്നും പാര്‍ട്ടി വിശദീകരിച്ചത്. എന്നാല്‍ പ്രമേയം ഒന്നും പ്രയോഗം വേറൊന്നും എന്നതായിരുന്നു എന്നും സിപിഎമ്മിന്റെ നയം, എംജിഎസ് ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ഇന്ത്യന്‍ മാതൃകയെക്കുറിച്ച് പറയുന്നു. 19-ാം നൂറ്റാണ്ടിലെ മുതലാളിത്ത മാതൃകയ്ക്ക് തന്നെ വന്‍ പരിണാമം സംഭവിച്ചിട്ടുണ്ട്. തൊഴിലാളി സങ്കല്പത്തില് തന്നെ വന്‍മാറ്റം വന്നിരിക്കുന്നു. മാറിയ സാഹചര്യത്തില്‍ ആഗോളീകരണത്തിനും ഉദാരീകരണത്തിനും ഫലപ്രദമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് ആശയത്തിനാവില്ല.
ഒന്നുപറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ നയമെന്ന് എംജിഎസ് പരിഹസിച്ചു. 1942ല്‍ ബ്രിട്ടീഷുകാരുടെ കൂടെ കൂടിയ അവര്‍ പിന്നീട് അതിന്റെ പാപക്കറ നീക്കി മാന്യത ഉണ്ടാക്കിയെടുത്തു. പക്ഷെ നയം മാറിയില്ല. 47ല്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ സ്വാതന്ത്യം മിഥ്യയാണെന്ന് പ്രചരിപ്പിച്ചു. രണദിവ് ഉടന്‍ വിപ്ലവസിദ്ധാന്തം അംഗീകരിച്ചു. വന്‍നാശനഷ്ടങ്ങള്‍ നാട്ടില്ഉണ്ടാക്കി. പിന്നീട് ചൈന-റഷ്യ തര്‍ക്കം വന്നപ്പോള്‍ സിപിഐയും സിപിഎമ്മും ആയി മാറി. അന്നും ആദ്യം ഇ.എം.എസ് വേലിപ്പുറത്ത് നിന്നും ആരുടെ പക്ഷമാണ് കൂടുതല്‍ എന്നുനോക്കി ആ ഭാഗം ചേരാനായിരുന്നു ഇത്. പിന്നീടാണ് പാര്‍ലമെന്ററി സംവിധാനം സ്വീകരിച്ചത്, എംജിഎസ് പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുന്ന മനഃസാക്ഷിയില്ലാത്ത നിലപാടാണ് അവരുടേത്. എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്ററി സംവിധാനത്തെ തള്ളിപ്പറഞ്ഞ് വിപ്ലവ പാത സ്വീകരിക്കും. അടിസ്ഥാനപരമായി പാര്‍ലമെന്ററി സംവിധാനം അവര്‍ അംഗീകരിക്കുന്നില്ല. വിപ്ലവം ഉപേക്ഷിച്ചിട്ടുമില്ല. പാര്‍ലമെന്ററി സംവിധാനത്തിന്റെ ബലദൗര്‍ബല്യങ്ങള്‍ പഠിച്ചവരാണ് സിപിഎം. അവര്‍ അതിനെ ഫലപ്രദമായി ഉപയോഗിക്കുന്നു. ജനാധിപത്യത്തെ അവര്‍ അംഗീകരിക്കുന്നില്ല. ജനാധിപത്യകേന്ദ്രീകരണമാണ് അവരുടെ വഴി. ഇത് പാര്‍ട്ടി കേന്ദ്രീകരണമല്ലാതെ മറ്റൊന്നല്ല. അവിടെ ജനാധിപത്യവുമില്ല. എതിര്‍ശബ്ദം വിഭാഗീയതായി മുദ്രകുത്തപ്പെടുന്നു.
കമ്മ്യൂണിസം തിരിച്ചുവരുന്നുവെന്ന വ്യാജപ്രതീതി ഉണ്ടാക്കുകയാണ്. മനുഷ്യസ്വഭാവത്തിനും മനുഷ്യസമൂഹത്തിനും ചേര്‍ന്നതല്ല കമ്മ്യൂണിസം. സ്റ്റാലിനാണ് കുറ്റവാളിയെന്ന് ഒരിക്കല്‍ പറഞ്ഞു. എന്നാല്‍ സ്റ്റാലിനിസത്തെ ഒഴിവാക്കിയില്ല. റഷ്യ പുരോഗമിച്ചുവെന്ന് പറഞ്ഞുപരത്തി. എന്നാല്‍ ആയുധശേഷിയിലും ബഹിരാകാശ ശാസ്ത്രത്തിലുമല്ലാതെ മറ്റൊരു രംഗത്തും അവര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയ സ്വാതന്ത്ര്യവും മനുഷ്യസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഇല്ലാതായി. ദാരിദ്ര്യം തുല്യമായി വിതരണം ചെയ്യുന്നതാണ് കമ്മ്യൂണിസം.
മാര്‍ക്സിസവുമായി ബന്ധമില്ലാത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടികളാണ് ഇന്നുള്ളത്. മധ്യവര്‍ഗ്ഗമാണ് അതിനെ നയിക്കുന്നത് തൊഴിലാളി വര്‍ഗ്ഗമല്ല. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാരാണിവര് എന്നാണ് വിശേഷണം. ലെനിനും സ്റ്റാലിനുമെല്ലാം ഉപരിവര്‍ഗ്ഗത്തിന്റെ പ്രതീകങ്ങളായിരുന്നു. കേരളത്തില്‍തന്നെ എ.കെ.ജിയും കൃഷ്ണപ്പിള്ളയും ഒക്കെ ജന്മി കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഏറ്റവും കൂടുതല്‍ പാട്ടം കൊടുക്കുന്ന ഇല്ലത്തു നിന്നാണ് ഇ.എം.എസ്. വന്നത്. തിരിച്ചുവരാനാവാത്തവിധം തകര്‍ന്നുപോയ ഒരു പ്രത്യയശാസ്ത്രത്തിന് ആധുനിക ലോകത്തിന് ഫലപ്രദമായ ബദല്‍ സൃഷ്ടിക്കാന്‍ കഴിയില്ല, എംജിഎസ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: