തൃശൂര്‍: ദേശീയപാത 47-ല്‍ മണ്ണുത്തിയ്ക്ക് അടുത്ത് തോട്ടപ്പടിയ്ക്കു സമീപം ആറാംകല്ലില്‍ ചരക്കു ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം ആറു പേര് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.40-ഓടെയായിരുന്നു അപകടം. ചേറൂര് ചാക്കോള ടോണിയുടെ ഭാര്യ ലാലി ( 60) , ലാലിയുടെ സഹോദരന് ചങ്ങനാശ്ശേരി തച്ചങ്കരി വീട്ടില്‍ പോത്തച്ചന്റെ മകന് ഷാജി ( 48), ബന്ധുക്കളായ അതിരമ്പുഴ ഞാറയ്ക്കല്‍ അലക്സ് ജോര്‍ജ് ( 48), ഭാര്യ ഫ്രാന്‍സി ( 45), മകന് വര്ക്കിച്ചന് ( 14), അതിരമ്പുഴ കാവാലത്ത് വീട്ടില്‍ തോമസ്കുട്ടി ( 48) എന്നിവരാണു മരിച്ചത്. ലാലിയുടെ മകന് ഫിലിപ്പിനെ പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ തൃശൂരില്‍ നിന്നും പാലക്കാട് ഭാഗത്തേയ്ക്കു പോവുകയായിരുന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗത്തിലായിരുന്നു ഇന്നോവ കാറെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.തിരക്കുള്ള പാതയില്‍ ആറാം കല്ല് കലുങ്ക് കഴിഞ്ഞ് നൂറുമീറ്ററോളം മാറിയാണ് ഇന്നോവകാര്‍ അപകടത്തില്‍പെട്ടത്. ഇടിയുടെ ശബ്ദം കേട്ടാണ് ആറാം കല്ലില്‍ നിന്നും നാട്ടുകാര്‍ ഓടിയെത്തിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും ലോറിക്കടിയിലേക്ക് കയറി. തൃശൂര്‍ ഭാഗത്തേക്കു വരുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ലോറിയില്‍ നേരിട്ടിടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. പിന് സീറ്റില്‍ ഇരുന്ന അഞ്ചു പേരെ നാട്ടുകാര്‍ പുറത്തെടുത്തു. കാറിന്റെ മുന്‍ ഭാഗം ലോറിക്കടിയിലേക്കു പൂര്‍ണമായും കയറിയ നിലയിലായിരുന്നു. തൃശൂര്‍ യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി കാര്‍ പിന്നിലെക്കെടുത്തശേഷമാണ് മുന്‍ സീറ്റിലിരുന്ന രണ്ടു പേരെ പുറത്തെടുക്കാനായത്. കാറിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഇടതു ഭാഗത്തിരുന്നയാള്ക്കു ജീവനുണ്ടായിരുന്നു. നാലുപേര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. അസി.കമ്മീഷണര്‍ ടി.കെ.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തൃശൂര്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് അപകടത്തില്‍പെട്ട കാര്‍ ദേശീയപാതയില്‍ നിന്നും മാറ്റിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.സംഭവത്തിനു ശേഷം ഓടിപ്പോയ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ പീച്ചി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: