കോഴിക്കോട്:സിപിഎം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഒരുക്കവും വിശദാംശങ്ങളും കാണുമ്പോള്‍ ഭാരതരാഷ്ട്രീയ രംഗത്തെ നിയന്ത്രിക്കുന്ന നിര്ണ്ണായകശക്തികളാണ് തങ്ങളെന്ന ധാരണയാണ് സിപിഎം സൃഷ്ടിക്കുന്നത്.
ആകെയുള്ള 734 പ്രതിനിധികളില്‍ മഹാഭൂരിപക്ഷവും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് മൂന്ന് നിരീക്ഷകരടക്കം 178 പ്രതിനിധികള്‍ അഞ്ച് നിരീക്ഷകരടക്കം 180 പേര് ബംഗാളില്‍ നിന്നുമാണ്. ആന്ധ്രയില്‍ നിന്ന് 44, ത്രിപുരയില്‍ നിന്ന് 36, തമിഴ്നാട്ടില്‍ നിന്ന് 49 കഴിഞ്ഞാല്‍ ബാക്കി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പ്രതിനിധികള്‍ പ്രാതിനിധ്യത്തിനും മാത്രം. ഹിന്ദി ഹൃദയഭൂമിയില്‍ സിപിഎമ്മിന് ഇപ്പോഴും വേരുപിടിച്ചില്ലെന്ന് കണക്കുകള്‍ കാണിക്കുന്നു. ഗുജറാത്ത് 6, ഹരിയാന 4, മധ്യപ്രദേശ് 5, ഒറിസ 7, ഉത്തരഖണ്ഡ് 3, ഛത്തീസ്ഗഡ് 4, ഹിമാചല്‍പ്രദേശ് 4, ജമ്മുകാശ്മീര്‍ 4, രാജസ്ഥാന് 7, മണിപ്പൂര്‍ 2, ഗോവ 1, സിക്കിം 1, ജാര്‍ഖണ്ഡ് 7 എന്നിവയാണ് പ്രതിനിധികളുടെ എണ്ണം. കര്‍ണ്ണാടകയില്‍ നിന്ന് പത്ത്, അസാമില്‍ നിന്ന് 16 മഹാരാഷ്ട്ര 16 എന്നിവയാണ് അല്പം നിലമെച്ചപ്പെടുത്തി രണ്ടക്ക സംഖ്യയിലേക്ക് കടന്ന സംസ്ഥാനങ്ങള്‍.
1964ല്‍ 118,633 അംഗങ്ങള്‍ ഉള്ള പാര്‍ട്ടി 2009ല്‍ എത്തിയപ്പോള്‍ 1042287 ആയി ഉയര്ന്നുവെന്നവകാശപ്പെടുന്നുണ്ട്. സംഖ്യാബലമനുസരിച്ചാണ് പ്രതിനിധികളെ തെരഞ്ഞെടുത്തതെങ്കില്‍ രണ്ട് സംസ്ഥാനങ്ങളിലൊഴിച്ച് ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ച മുരടിച്ചുകിടക്കുകയാണെന്ന് വ്യക്തം. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ 5.33 ശതമാനം വോട്ടുനേടി ബിഎസ്പിക്കും പിന്നിലായിപ്പോയവര്‍ പാര്‍ട്ടിയാണ് പാര്‍ട്ടികോണ്‍ഗ്രസിന്റെ പണത്തിളക്കത്തില്‍ ദേശീയ പാര്ട്ടിപരിവേഷമണിഞ്ഞ് തിളങ്ങാന്‍ ശ്രമിക്കുന്നത്.
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കൊടി ഉയരുംമുമ്പ് നേതൃത്വത്തിന്റെ ആശങ്ക വിഭാഗീയതയെക്കുറിച്ച്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ ഉത്കണ്ഠപ്പെടുത്തുന്നത് വിഭാഗീയതയാണെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം രാമചന്ദ്രന് പിള്ള പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് എസ്.രാമചന്ദ്രന് പിള്ള പാര്‍ട്ടിയിലെ വിഭാഗീയതയെക്കുറിച്ച് വ്യക്തമാക്കിയത്. അഭിപ്രായവ്യത്യാസങ്ങളെയോര്ത്ത് ആകുലപ്പെടുന്നില്ലെന്നും ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയെന്നും എസ്.ആര്.പി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് പ്രധാനമായും ഏഴ് കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. ഇന്ത്യയിലെയും ലോകരാജ്യങ്ങളിലെയും വികസനവും സിപിഎമ്മിന്റെ ഇടപെടലും സംബന്ധിച്ച രാഷ്ട്രീയ പ്രമേയമാണ് ഒന്നാമത്. ലോകരാജ്യങ്ങളില്‍ സോഷ്യലിസം നടപ്പിലാക്കുന്നത് സംബന്ധിച്ച സാഹചര്യങ്ങളും ആശയപരമായ വസ്തുതകളും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. സംഘടനാ പ്രവര്‍ത്തനം നടപ്പില്‍ വരുത്തുന്നത് ചര്‍ച്ചയില്‍ വരും.
പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രധാന ചര്‍ച്ചാ വിഷയമാവും. ലോക്കല്‍ സെക്രട്ടറിമാര്‍ മുതല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വരെയുള്ളവരുടെ കാലാവധി മൂന്ന് തവണയാക്കി നിജപ്പെടുത്തുന്നതാണ് ഭേദഗതി. സവിശേഷ സാഹചര്യങ്ങളില്‍ മാത്രം കാലാവധി ഒരു തവണ കൂടി നീട്ടിനല്‍കാവുന്ന തരത്തിലുള്ള ഭേദഗതിയാണ് അവതരിപ്പിക്കുക. ലോകരാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും അടിസ്ഥാനവികസനവും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാവും. ജനറല്‍ സെക്രട്ടറിയെയും കേന്ദ്രകമ്മിറ്റി അംഗങ്ങളെയും കണ്ട്രോള് കമ്മീഷന് അംഗങ്ങളെയും പോളിറ്റ് ബ്യൂറോ അംഗങ്ങളെയും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുക്കുമെന്നും എസ്.ആര്.പി അറിയിച്ചു. വി.വി. ദക്ഷിണാമൂര്‍ത്തി, എളമരം കരീം എം.എല്‍.എ, പ്രഭാവര്‍മ്മ, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, അബൂബക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: