അങ്കമാലി: കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്ക് വന്‍ പ്രാധാന്യം കൊടുക്കുമെന്ന് ടൂറിസം പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പുമന്ത്രി എ. പി. അനില്‍കുമാര്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ വന്‍സാദ്ധ്യതകളാണ് കേരളത്തില്‍ ഉള്ളത്. ഇത് വളര്‍ത്തിയെടുത്താല്‍ വന്‍ തൊഴില്സാദ്ധ്യതയുണ്ടാകുമെന്നും ഇതിനുവേണ്ടി സര്‍ക്കാര്‍ സാദ്ധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മലയാറ്റൂര്‍ മണപ്പാട്ടുചിറയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദതീര്ത്ഥാടസഞ്ചാര കേന്ദ്രങ്ങളായ മലയാറ്റൂര്‍, കാലടി എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി മണപ്പാട്ടുചിറയില്‍ ബോട്ട് സര്‍വ്വീസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കും.
കൂടാതെ ഈ പ്രദേശത്തിന്റെ ടൂറിസവളര്ച്ചയ്ക്കായി പഞ്ചായത്തിന്റെ സഹായത്തോടെ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഴാറ്റുമുഖം, അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ, പഴനി, മുളങ്കുഴി, കോടനാട്, കാലടി, മലയാറ്റൂര്‍ തുടങ്ങിയ വിനോദതീര്ത്ഥാനടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടൂറിസം സര്‍ക്യൂട്ട് വരുത്തുവാന്‍ ഉദ്ദേശിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വരുന്ന വിനോദതീര്ത്ഥാടന സഞ്ചാരികള്‍ക്ക് താമസിക്കുവാന്‍ മണപ്പാട്ടുച്ചിറയില് കൂടുതല്‍ താമസസൗകര്യങ്ങള്‍ ഒരുക്കും. ഈ പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്ഘാടനസമ്മേളനത്തില്‍ അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെ. പി. ധനപാലന് എംപി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, മലയാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന് ചെങ്ങാട്ട്, സിഡ്കോ ചീഫ് എഞ്ചീനിയര്‍ യൂനസ് കുഞ്ഞ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം ടിനു തറയില്‍, മേരി ഔസേഫ്, ഫാ. സേവ്യര്‍ തേലക്കാട്ട്, ഫാ. വര്‍ഗീസ് ചേരപറമ്പില്‍, എം.എസ്. ദേവരാജന്‍, രഘു ആട്ടേത്തറ, പി. സി. സജീവ്, സി. പി. സത്യവാന്, വി. സി. പൊന്നപ്പന്, തോമസ് പാങ്ങോല, ഡിടിപിസി സെക്രട്ടറി ജയശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടൂറിസം വകുപ്പ് 85 ലക്ഷം രൂപ മുടക്കി നടത്തിയ വികസനപ്രവര്‍ത്തനങ്ങളില്‍ ചിറയ്ക്ക് ചുറ്റും 900 മീറ്റര്‍ വൈദ്യുതികരണം, സന്ദര്‍ശകര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ താഴ്ന്ന പ്രദേശങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തി ടെയില്‍ വിരിച്ചുകൊണ്ടുള്ള പാര്‍ക്കിംഗ് യാര്‍ഡ്, വിശ്രമാവശ്യങ്ങള്ക്കായി ഗ്രാനൈറ്റ് സീറ്റിംഗ് സൗകര്യങ്ങളോടുകൂടിയ ടെയില്‍ വിരിച്ച ചെറിയ പാര്‍ക്കുകള്‍, ഇന്‍ഫോര്‍മേഷന്‍ സെന്റര്‍, നിലവിലുള്ള ബോട്ട് ജെട്ടി ഉള്‍പ്പെടെയുള്ള വര്‍ക്കുകളുടെ അറ്റകുറ്റപ്പണികളുമാണ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: