കൊച്ചി: ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടയേണ്ട പോലീസ് സിവില്‍ തര്‍ക്കങ്ങളില്‍ വഴിവിട്ട് ഇടപെടുന്നതായുള്ള ആക്ഷേപം പോലീസ് വകുപ്പിന് തലവേദനയാകുന്നു. വസ്തു, വഴിത്തര്ക്കങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ഉണ്ടാകുന്ന വ്യാപകമായ പോലീസ് ഇടപെടലുകളാണ് പരാതിക്കിടനല്കിയിരിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനെതിരെ ആക്ഷേപങ്ങള്‍ വ്യാപകമാണ്. സിവില്‍ തര്‍ക്കങ്ങളിലെ പോലീസ് ഇടപെടലുകള്‍ക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരം പരാതിയിന്മേല് പോലീസ് പൊതുജനങ്ങളെ സ്റ്റേഷനുകളില്‍ വിളിച്ചുവരുത്തുന്നതിനെതിരെ കമ്മീഷന് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
സിവില്‍ സ്വഭാവമുള്ള പരാതികളിന്മേല് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇടപെടാവൂ എന്ന് കാണിച്ച് 2010 നവംബര്‍ 18ന് പോലീസ് ആസ്ഥാനത്തുനിന്നും ഡിജിപി പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് വേണ്ട രീതിയില്‍ പാലിക്കപ്പെടുന്നില്ലെന്ന് പിന്നീട് ആക്ഷേപം ശക്തമായിരുന്നു. 2011 ഒക്ടോബര്‍ 17ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്, സിവില്‍ സ്വഭാവമുള്ള പരാതികളിന്മേലുള്ള പോലീസിന്റെ അനാവശ്യ ഇടപെടലുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഞ്ച് പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ പുതിയ സര്‍ക്കുലര്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും മറ്റും ഡിജിപി വീണ്ടും അയച്ചിരിക്കുന്നത്.
സ്വത്ത് തര്‍ക്കങ്ങളിലും സമാന സ്വഭാവമുള്ള സിവില്‍ തര്‍ക്കങ്ങളിലും മാധ്യസ്ഥം വഹിക്കുന്നത് പോലീസിന്റെ ജോലിയല്ലെന്ന് ഉദ്യോഗസ്ഥരെ ഡിജിപി ഓര്‍മിപ്പിക്കുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ക്കും സിവില്‍ കോടതികള്‍ക്കുമാണ് ഇതിനുള്ള അധികാരം. കേരളാ പോലീസ് ആക്ട് 2011 സെക്ഷന്‍ 63 പ്രകാരം നിയമലംഘനമുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമേ പോലീസ് ഇടപെടല്‍ ഉണ്ടാകാവൂ.
ഭാവിയില്‍ ഇത്തരം വിഷയങ്ങളിലുള്ള പോലീസിന്റെ ഇടപെടല്‍ പരാതികള്‍ക്ക് ഇടനല്കാത്തവിധത്തിലും പരിധിക്കുള്ളില്‍ നിന്നുകൊണ്ടും മാത്രമായിരിക്കണമെന്നും പോലീസ് ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ സംസ്ഥാന പോലീസ് മേധാവി കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: