പത്തനംതിട്ട: പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും മകരവിളക്കിന് അയ്യപ്പസ്വാമിക്ക് ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍ കൊണ്ടുപോകുന്ന പരമ്പരാഗത തിരുവാഭരണപ്പാതയില് വീണ്ടും കയ്യേറ്റം വ്യാപകമാകുന്നു. തിരുവാഭരണപ്പാതയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തി റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് കല്ലിട്ടു തിരിച്ച സ്ഥലങ്ങളാണ് വീണ്ടും കൈയ്യേറ്റത്തിന് വിധേയമാകുന്നത്.
റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് കല്ലിട്ട് അതിര് നിശ്ചയിച്ചിടങ്ങളിലെ സര്‍വ്വേക്കല്ലുകള്‍ പലയിടത്തും പിഴുതുമാറ്റിയതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ കല്ലുകളിലും മരങ്ങളിലും മഞ്ഞ പെയിന്റ് പൂശി അടയാളങ്ങള്‍ വച്ചിരുന്നതും മായ്ച്ചുകളഞ്ഞിട്ടുണ്ട്.
നേരത്തെ അളന്നുതിരിച്ച തിരുവാഭരണപ്പാതയുടെ സ്ഥലം വീണ്ടും കയ്യേറി കെട്ടിത്തിരിച്ചിടവും ഉണ്ട്. ചെറുകോല്‍, വടശ്ശേരിക്കര വില്ലേജുകളിലാണ് കയ്യേറ്റങ്ങള്‍ ഏറെയെന്നാണ് സൂചന.
പന്തളത്തു നിന്നും പമ്പയിലെത്തുന്ന തിരുവാഭരണപ്പാതയ്ക്ക് ഏകദേശം 82 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് സംരക്ഷിച്ചെടുത്താല് പന്തളത്തു നിന്നും ശബരിമലയിലേക്ക് ഒരു സമാന്തര റോഡായി ഉപയോഗിക്കാനാകും.
നേരത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ തിരുവാഭരണപ്പാതയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തി അളന്നു തിട്ടപ്പെടുത്തിയപ്പോള്‍ പത്തുസെന്റു മുതല്‍ രണ്ട് ഏക്കര്‍ സ്ഥലം വരെ കണ്ടെത്തിയിട്ടുണ്ട്. റാന്നി, കുളനട , കിടങ്ങന്നൂര്‍, ആറന്മുള, ചെറുകോല്‍ എന്നീ വില്ലേജുകളിലാണ് തിരുവാഭരണപ്പാതയോടനുബന്ധിച്ച് ഇത്തരത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. തിരുവാഭരണപ്പാത കടന്നുപോകുന്നിടത്ത് തീര്‍ത്ഥാടകര്‍ക്ക് വിശ്രമ സങ്കേതങ്ങളും അനുബന്ധ ക്രമീകരണങ്ങളും ചെയ്യാന്‍ ഈ സ്ഥലങ്ങള്‍ ഉപയോഗപ്പെടും.
ശബരിമല തീര്ത്ഥാടനക്കാലത്തുമാത്രം തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന ഈ പാത വര്‍ഷത്തില്‍ ഏറെ സമയത്തും ഒഴിഞ്ഞുകിടക്കുന്നതിനാലാണ് കയ്യേറ്റങ്ങള്‍ വ്യാപകമാകുന്നത്.
പാതയില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കണ്ടെത്തിയ കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കാത്തതാണ് മറ്റിടങ്ങളിലും കയ്യേറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് തിരുവാഭരണപ്പാത സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു.
പരമ്പരാഗത തിരുവാഭരണപ്പാതയുടെ ഇരുവശങ്ങളിലും അളന്നു തിട്ടപ്പെടുത്തിയ സ്ഥലങ്ങളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങളും ഉണ്ട്. ഇവയും കയ്യേറ്റക്കാര്‍ നോട്ടമിട്ടിട്ടുണ്ട്.
കെ.ജി.മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: