അഭിഭാഷകനായ സി.കെ. സജി നാരായണന് ഭാരതീയ മസ്ദൂര്‍ സംഘിന്റെ ദേശീയ അധ്യക്ഷനാണ്. ബിഎംഎസ് ജില്ലാ അദ്ധ്യക്ഷന്‍, സംസ്ഥാന അദ്ധ്യക്ഷന്‍, ദേശീയ ഉപാദ്ധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ബിഎംഎസില്‍ ചേരുന്നതിനുമുമ്പ് എബിവിപിയില്‍ സജീവമായിരുന്നു. നിയമവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പതിനഞ്ചോളം നിയമഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐഎല്‍ഒ)യില്‍ അഞ്ചുവര്‍ഷം ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. രണ്ടാം ദേശീയ തൊഴിലാളി കമ്മീഷനില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലാളി സമൂഹത്തിന്റെ അവസ്ഥയും അവര്‍ നേരിടുന്ന വെല്ലുവിളികളും ഇക്കാര്യത്തില്‍ ബിഎംഎസിന്റെ നിലപാടുകളും ഒരു അഭിമുഖത്തില്‍ സജി നാരായണന് വിശദീകരിക്കുന്നു.
മാറിയ സാഹചര്യത്തില്‍ തൊഴില്‍ സമരങ്ങളോട് പലര്‍ക്കും വിയോജിപ്പാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് ബിഎംഎസ് ദേശവ്യാപകമായി ഒരു സമരം നടത്തിയത്?
എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടാല്‍ സമരം മാത്രമാണ് മാര്‍ഗമെന്നതാണ് ബിഎംഎസിന്റെ അഭിപ്രായം. സര്‍ക്കാരിന് തൊഴിലാളി സംഘടനകളോടൊ അവരുടെ ആവശ്യങ്ങളോടൊ ബഹുമാനമില്ല. തൊഴിലാളികളെയോ കര്‍ഷകരെയോ സാധാരണക്കാരെയോ അവര്‍ ബഹുമാനിക്കുന്നില്ല. വന്‍കിട കമ്പനികള്‍ക്ക് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. കിംഗ്ഫിഷര്‍ നഷ്ടത്തിലായപ്പോള്‍ ഉടന്‍ തന്നെ പ്രധാനമന്ത്രി മന്മോഹന് മല്ല്യയെ സഹായിച്ചു. എന്നാല്‍ എയര്‍ ഇന്ത്യയുടെ തൊഴിലാളികളോട് ഒരു വാക്ക് പോലും സംസാരിച്ചില്ല. മൂകനും ബധിരനുമെന്നപോലെയാണ് സര്‍ക്കാര്‍ പ്രതികരിക്കുന്നത്.
ആഗോളവല്ക്കരണത്തിന്റേയും സ്വകാര്യവല്‍ക്കരണത്തിന്റേയും ഈ കാലഘട്ടത്തില്‍ തൊഴിലാളി സംഘടനകളുടെ പങ്കിനെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
നമ്മുടെ രാജ്യത്ത് ആഗോളവല്‍ക്കരണം തുടങ്ങിയിട്ട് രണ്ട് ദശാബ്ദങ്ങളായി. ഇതിന്റെ ആഘാതം എത്രയുണ്ടെന്ന് പരിശോധിക്കുവാനുള്ള ശരിയായ സമയമാണിത്. രണ്ട് ദശാബ്ദക്കാലമായി തൊഴിലാളി സംഘടനകള്‍ സമരപരിപാടികളൊന്നും നടത്തിയിട്ടില്ല. തൊഴിലാളി സംഘടനകള്‍ സജീവമല്ലെന്ന തോന്നലുണ്ടാക്കാന്‍ ഇത് കാരണമായി. എന്നാല്‍ ഈ ധാരണ ശരിയല്ല. സാഹചര്യങ്ങള്‍ മാറിയപ്പോള്‍ തൊഴിലാളി സംഘടനകളും അതിനോട് സഹകരിച്ചു. അതുകൊണ്ടുതന്നെ തൊഴിലാളി മേഖലയില്‍ ഏറെ നഷ്ടമുണ്ടായി. കരാര്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു. അസംഘടിത മേഖലയും കൂടുതല്‍ വ്യാപിച്ചു. 1990 ല്‍ അസംഘടിത മേഖല 92 ശതമാനവും സംഘടിതമേഖല എട്ട് ശതമാനവുമായിരുന്നു. എന്നാല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം അസംഘടിത മേഖല 94 ശതമാനമായി.
ഇത്തരം സാഹചര്യത്തില്‍ തൊഴിലാളി സംഘടനകളുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. പണിമുടക്കുള്‍പ്പെടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോയാല്‍ മാത്രമേ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാവുകയുള്ളൂ. ഇക്കാരണംകൊണ്ടാണ് എല്ലാ തൊഴിലാളി സംഘടനകളും നവംബര്‍ 23 ന് ഒന്നിച്ച് ചേര്‍ന്ന് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് സര്‍ക്കാരിന് മൂന്ന് മാസത്തെ സമയം നല്കി അന്ത്യശാസനം പുറപ്പെടുവിച്ചത്. ഇന്ത്യയിലെ തൊഴിലാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ സംഘടനകളും കൂട്ടായി രാജ്യവ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്തത്. തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തന പദ്ധതിയിലുണ്ടായ മാറ്റമാണിതിനെ സൂചിപ്പിക്കുന്നത്.
കരാര്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ച് വരുന്ന ഈ കാലഘട്ടത്തില്‍, അത്തരം ആളുകള്‍ തൊഴിലാളി യൂണിയന് പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുമെന്ന് താങ്കള്‍ എങ്ങനെയാണ് പ്രതീക്ഷിക്കുന്നത്?
ഇന്ത്യയിലെ തൊഴിലാളി സംഘടനകളുടെ ചരിത്രം സൂചിപ്പിക്കുന്നത് മെച്ചപ്പെട്ട ജീവിതനിലവാരത്തിലുള്ളവരല്ല തൊഴിലാളി സംഘടനകളില്‍ അംഗമാവുന്നത്, ചൂഷണം ചെയ്യപ്പെടുന്നവരാണ് എന്നാണ്. കരാര്‍ തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത്. കരാര്‍ തൊഴിലാളികളും സ്ഥിരം തൊഴിലാളികളും ചെയ്യുന്നത് ഒരേ തൊഴിലാണ്. എന്നാല്‍ കരാര്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ഇത് ചൂഷണമാണ്. ഈ ചൂഷണം കാരണമാണ് കരാര്‍ തൊഴിലാളികള്‍ തൊഴില്‍ സംഘടനകളില്‍ ചേരുന്നത്.
അസംഘടിത മേഖലയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഏഷ്യയിലെ ഏറ്റവും വലിയ അസംഘടിത മേഖലയാണ് ഇന്ത്യയുടേത്. തൊഴിലാളി സംഘടനകള്‍ ഇറങ്ങാത്ത മേഖലയാണിത്. ഇവര്‍ക്ക് നിയമസംരക്ഷണവുമില്ല. ജല്‍ഗാവ് സമ്മേളനത്തില്‍ ഞങ്ങള്‍ രണ്ട് മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. അസംഘടിതരെ സംഘടിപ്പിക്കുക, ഗ്രാമങ്ങളിലേക്ക് പോകുക. അസംഘടിത മേഖലയില്‍ തൊഴിലാളി സംഘടനകളുടെ പങ്ക് വ്യത്യസ്തമാണ്. ഞങ്ങള്‍ക്ക് അത്തരം മേഖലകളില്‍നിന്ന് കൃത്യമായ ഫലം ലഭിക്കുന്നുണ്ട്. വരുംവര്‍ഷങ്ങളില്‍ അസംഘടിത മേഖലയിലെ വലിയൊരു ഭാഗത്ത് പ്രവര്ത്തനമെത്തിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
തൊഴിലാളികളുടെ കുടുംബ പെന്ഷന് സംബന്ധിച്ച് അവര്‍ പ്രതിഷേധത്തിലാണ്. പെന്ഷന് സ്കീമില്‍ പണമടച്ചിട്ട് മുന്നൂറ് രൂപയില്‍ കുറവ് മാത്രമാണ് അവര്‍ക്ക് പെന്ഷന് ലഭിക്കുന്നത്. താങ്കളുടെ അഭിപ്രായമെന്താണ്?
ഇത് വളരെ ശോചനീയാവസ്ഥയാണ്. ചില ആളുകള്‍ക്ക് 150 രൂപയില്‍ താഴെ മാത്രമാണ് പെന്ഷന് ലഭിക്കുന്നത്. ഹൈദരാബാദിലുള്ള ഒരാള്‍ക്ക് നാല് രൂപ മാത്രമാണ് പെന്ഷന് ലഭിക്കുന്നത്. ഒരു പൊതുപരിപാടിയില്‍ വച്ച് കേന്ദ്ര തൊഴില്‍ മന്ത്രിക്ക് അദ്ദേഹം ആ തുക സമ്മാനമായി നല്കി. കുറഞ്ഞ പെന്ഷന് തുക പ്രതിമാസം 3,000 രൂപയാക്കണമെന്നതാണ് ബിഎംഎസിന്റെ ആവശ്യം. പിഎഫ് ഡിപ്പാര്‍ട്ട്മെന്റിന് ആവശ്യമായ തുകയുണ്ട്.
ബിഎംഎസിന്റെ ഇപ്പോഴത്തെ സംഘടനാ ശക്തി എന്താണ്?
ഒരുകോടിയിലധികം അംഗങ്ങളുള്ള ബിഎംഎസ് ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. 2002 ലെ കണക്ക് പ്രകാരം 62.4 ലക്ഷം മെമ്പര്മാരുള്ളതായി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. രാജ്യത്തെ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് ബിഎംഎസ് ആണ്.
എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് എല്ലാ വിഷയങ്ങളിലും ബിഎംഎസ് വളരെ സജീവമായിരുന്നുവെന്നും യുപിഎ ഭരണകാലത്ത് നിശബ്ദമാണെന്നും ആരോപണമുണ്ട്. എന്തുകൊണ്ട്?
ഇത് ശരിയല്ല. എന്‍ഡിഎ ഭരണകാലത്ത് ചെറിയ പ്രശ്നങ്ങള്‍പോലും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ബിജെപി, കോണ്‍ഗ്രസ്, സിപിഎം ഏത് പാര്‍ട്ടിയായാലും സാമ്പത്തിക തൊഴില്‍ നിയമങ്ങള്‍ ഒന്നുതന്നെയാണ്. ബിഎംഎസ് ഇതിനെതിരെ നിലപാടെടുത്തിട്ടുമുണ്ട്. അതുകൊണ്ട് ഏത് സര്‍ക്കാര്‍ വന്നാലും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്.
തൊഴിലാളി സംഘടനകള്‍ക്ക് മുമ്പിലുള്ള പ്രധാനപ്പെട്ട രണ്ട് വിഷയങ്ങള്‍ എന്താണ്?
സംഘടിത മേഖലയിലുള്ള കരാര്‍ തൊഴിലും അസംഘടിതമേഖലയിലുള്ള ദുരവസ്ഥയും. സംഘടിതമേഖലയില്‍ തൊഴിലാളികള്‍ക്ക് ആവശ്യത്തിന് വേതനം ലഭിക്കുന്നില്ല. മാന്യമായി തൊഴില്‍ ചെയ്യാനുള്ള സംവിധാനമോ സാമൂഹ്യ സുരക്ഷിതത്വമോ ഇല്ല. ഗ്രാമങ്ങളില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളെ കന്നുകാലികളെപ്പോലെയാണ് കാണുന്നത്. ഗ്രാമങ്ങളില്‍ നിര്‍ബന്ധിത തൊഴില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ് തൊഴിലാളി സംഘടനകളുടെ ലക്ഷ്യം. അതാണ് യഥാര്‍ത്ഥ ഭാരത് മാതാ പൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: