കേരളം പിന്നെയും പ്രതിസന്ധിയിലാണ്. വിലക്കയറ്റം, കറന്റ് കട്ട്, കറന്റ് ചാര്‍ജ് വര്‍ധന, ഇന്ധന വില വര്‍ധന, ട്രെയിന്‍ ചാര്‍ജ് വര്‍ധന, ചരക്കുകൂലി വര്‍ധന എന്നിവയ്ക്ക് പുറമെയാണ് ഇപ്പോള്‍ കടുത്ത വേനലും ജലക്ഷാമവും. ഇന്നലെ മുതല്‍ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് നിലവില്‍ വന്നിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടും എന്ന രാഷ്ട്രീയ മുതലെടുപ്പ് തന്ത്രം പയറ്റി ഇടുക്കി അണക്കെട്ടിലെ ജലത്തില്‍നിന്നും കൂടുതല്‍ കറന്റ് ഉല്‍പ്പാദിപ്പിച്ചതിന്റെ ഫലമായി ജലനിരപ്പ് താണതിനാല്‍ ഉണ്ടായ പ്രതിസന്ധിയാണിത്. ഇതോടൊപ്പം പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ സാമ്പത്തികശേഷി ഇല്ലെന്ന ന്യായീകരണവുമായി കെഎസ്ഇബി കറന്റ് വില കൂട്ടുവാന്‍ ലക്ഷ്യമിടുന്നു. അന്യസംസ്ഥാന വൈദ്യുതിയും ലഭ്യമല്ല. സംസ്ഥാന ബജറ്റ് അവതരിപ്പിച്ചശേഷം ഒരു ചര്‍ച്ചയില്‍ ധനമന്ത്രി കെ.എം.മാണി പറഞ്ഞത് വാറ്റിലെ ഒരു ശതമാനം വര്‍ധന സാധാരണക്കാരനെ ബാധിക്കില്ല എന്നായിരുന്നു. പക്ഷെ ഫലത്തില്‍ നിത്യോപയോഗ സാധനവില കുത്തനെ ഉയര്‍ന്നു കഴിഞ്ഞു. മിക്ക സാധനങ്ങള്‍ക്കും നിലവിലുള്ളതിനേക്കാള്‍ ക്രമാതീതമായി വില കൂട്ടി മൂല്യവര്‍ധിത നികുതി സ്ലാബില്‍ നാലുശതമാനത്തില്നിന്നും അഞ്ചുശതമാനമാക്കുകയും 12.5 ശതമാന നികുതി സ്ലാബില്‍ 13.5 ശതമാനമാകുകയും ചെയ്തപ്പോള്‍ പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും വില കൂട്ടിക്കഴിഞ്ഞു. പച്ചക്കറിക്ക് പൊള്ളുന്ന വിലയായി. 25 രൂപ വിലയുണ്ടായിരുന്ന സാമ്പാര്‍ കിറ്റിന്റെ വില അന്‍പതുരൂപയായി. മുല്ലപ്പെരിയാര്‍ സമരത്തോടെ നിലച്ച തമിഴ്നാട് പച്ചക്കറി വരവ് ഇനിയും സാധാരണ ഗതിയിലാകാത്തതും ചരക്കുകൂലി വര്‍ധനയും ആണ് ഈ വിലക്കയറ്റത്തിന് പിന്നിലെങ്കില്‍ ഇന്ധന വിലക്കയറ്റം നിലവില്‍ വന്നാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.
അരി നികുതി നിരക്ക് വര്‍ധന ഒരു ശതമാനമാണെങ്കിലും അരിവിലയും കുതിച്ചു കഴിഞ്ഞു. ഇന്ധനവില ഉയര്‍ത്തിയ പ്രഖ്യാപനം വന്നു കഴിഞ്ഞു. വാഹനങ്ങളിലെ ഇന്ധനത്തിന്-ഓട്ടോ-എല്‍പിജി-കിലോമീറ്ററിന് ഏഴു രൂപയാകുകയും വിമാനഇന്ധന വില വര്‍ധിക്കുകയും ആണ്. സിമന്റ്, കമ്പി എന്നിവയുടെ വിലയും വര്‍ധിപ്പിച്ചു. ഇതോടെ നിര്‍മാണ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചു. ക്രഷര്മെറ്റല് വിലയും കൂടി. എക്സൈസ് നികുതി, കസ്റ്റംസ് നികുതി, വില്‍പ്പന നികുതി, പ്രവേശന നികുതി മുതലായവയും വര്‍ധിച്ചു കഴിഞ്ഞു. സാധാരണക്കാരന് ജീവിതം ദുസ്സഹമാകുകയാണ്. കേന്ദ്ര റെയില്‍ മന്ത്രിയെ മമതാ ബാനര്‍ജിയുടെ കടുംപിടുത്തം കാരണം മാറ്റിയെങ്കിലും ബജറ്റിലെ ഒന്നാംക്ലാസ്-രണ്ടാം ക്ലാസ് എസി ചാര്‍ജ് വര്‍ധന തുടരുക തന്നെ ചെയ്യുന്നു. ഇത് ഹ്രസ്വദൂര യാത്രക്കാരെ ബാധിക്കും. ചരക്കുകൂലി വര്‍ധനയും ഏറ്റവും ബാധിക്കുന്നത് ഇന്ത്യയുടെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന കേരളത്തെയാണ്. ഇതിന് പുറമെയാണ് ഇന്ധനവിലവര്‍ധന ലോറി വാടക ഉയര്‍ത്തുന്നത്. സാധാരണക്കാര്‍ വാങ്ങുന്ന ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനയില്‍ ആണ് ഇത് പ്രതിഫലിക്കുക. ഉപഭോഗ സംസ്ഥാനമായ കേരളത്തിലേയ്ക്ക് അരിപോലും വരുന്നത് തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നുമാണ്. വളരെ ലാഘവത്തോടെയാണ് ധനമന്ത്രി കെ.എം.മാണി മൂല്യവര്‍ധിത നികുതിയില്‍ ഒരു ശതമാനം വര്‍ധനവരുത്തിയത്. പക്ഷെ ചരക്കുകള്‍, വ്യവസായ ഉല്‍പ്പന്നങ്ങള്‍ മുതലായി 600 ഇനങ്ങള്‍ ഉള്‍പ്പെടുന്ന നാലാം സ്ലാബില്‍ ആണ് ഈ വര്‍ധന. പറയുമ്പോള്‍ ഒരു ശതമാനമാണെങ്കിലും അനുഭവത്തില്‍ സാധാരണക്കാരനെ പട്ടിണിക്കിടാന്‍ തന്നെയാണ് ഈ നികുതിവര്‍ധന.
ഫലത്തില്‍ ധനികരെ ബാധിക്കാത്ത സാധാരണക്കാരന് തിരിച്ചടിയാകുന്ന നികുതി വര്‍ധനയുടെ പ്രതിഫലനമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും മരുന്നുവില കുറയ്ക്കുവാന്‍ ഈ പ്രഖ്യാപനം സഹായകമായിട്ടില്ല. എന്നുമാത്രമല്ല മരുന്ന് മാഫിയകളുടെ ചൂഷണം അനിയന്ത്രിതമായി തുടരുകയും ചെയ്യുന്നു. മരുന്നുകളുടെ കോമ്പൗണ്ട് നികുതി ഭേദഗതിയും മരുന്നുവില വര്‍ധനയ്ക്ക് വഴിതെളിച്ചു. ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പം തന്നെ അപ്രത്യക്ഷമാകുമ്പോള്‍ ലോക്സഭയിലും രാജ്യസഭയിലും നിയമസഭകളിലും മാത്രമല്ല, രാജ്യത്ത് പൊതുവെ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുന്നത് രാഷ്ട്രത്തിന്റെ സാമ്പത്തിക പുരോഗതിയല്ല ചൂണ്ടിക്കാണിക്കുന്നത്. അതിനുകാരണം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണവും ദാരിദ്ര്യരേഖയ്ക്ക് താഴെ നില്ക്കുന്നവരുടെ എണ്ണവും സമാനമായി വര്‍ധിക്കുക എന്നതുതന്നെയാണ്. ഈ വിലക്കയറ്റ പശ്ചാത്തലത്തിലും ഇന്ത്യയിലെ ദാരിദ്ര്യരേഖയുടെ അതിര് മുപ്പതുരൂപ പ്രതിദിന വരുമാനമാണ്. അതില്‍ താഴെയുള്ളവരാണ് ദാരിദ്ര്യരേഖയ്ക്കും താഴെ. ഒരു പച്ചക്കറി കിറ്റിന്റെ വിലപോലും 50 രൂപയായിരിക്കെ ഈ ദാരിദ്ര്യരേഖ എത്ര അപ്രായോഗികമാണ്! ദന്തഗോപുരങ്ങളില്‍ താമസിച്ച് ബജറ്റ് തയ്യാറാക്കുകയും ദാരിദ്ര്യരേഖ നിര്‍ണയിക്കുകയും ചെയ്യുന്നവര്‍ ചേരിനിവാസികളുടെ മാത്രമല്ല സാധാരണക്കാരന്റെ ജീവിതനിലവാരവും ശ്രദ്ധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ജനസമക്ഷമെത്തുന്നവര്ക്ക് അവരുടെ ദൈനംദിന ജീവിതക്ലേശങ്ങള്‍ മനസ്സിലാകുകയില്ല. യുഎസ് പ്രസിഡന്റ് ഒബാമ പോലും പറയുന്നത് സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്നാണ്.
ഇത് സര്‍ക്കാരിന്റെ ശിശുഹത്യ
തൈക്കാട് ശിശുക്ഷേമ സമിതിയില്‍ 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചത് തെളിയിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സേവന സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന അവഗണനാ മനോഭാവവും ചുമതലാരാഹിത്യവും മനുഷ്യത്വമില്ലായ്മയുമാണ്. ഇത് ഏതെങ്കിലും ഒരു ശിശുഭവന്റെയോ അനാഥാലയത്തിന്റെയോ കഥയല്ല, കേരളത്തിലെ പല അനാഥാലയങ്ങളിലും ശിശു സംരക്ഷണ സ്ഥാപനങ്ങളിലും അന്തേവാസികള്‍ അനുഭവിക്കുന്നത് ക്രൂരമായ പീഡനങ്ങളും അധികാരികളുടെ അനാസ്ഥയുമാണ്. ഈ സംഭവത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റി എന്നും ആയമാരുടെ കുറവാണ് മരണത്തിന് കാരണമായതെന്നും കുമ്പസാരിക്കുന്ന സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി എം.കെ.മുനീര്‍ പരിശീലനം നേടിയ ആയമാരേയും ശിശുരോഗ വിദഗ്ദ്ധനേയും നിയോഗിക്കുമെന്നും മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും സര്‍ക്കാരിന്റെ പൂര്‍ണ നിരീക്ഷണത്തിലായിരിക്കും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും വാഗ്ദാനം ചെയ്തു. ബക്കറ്റില്‍ വീണ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നല്കാന് ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നില്ല. കേരളത്തിലെ എല്ലാ ശിശുക്ഷേമ സ്ഥാപനങ്ങളും പരിഷ്ക്കരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കുന്നു. ഇന്ന് ശിശുക്ഷേമ സ്ഥാപനങ്ങളില്‍ മാത്രമല്ല അനാഥാലയങ്ങളിലും ജൂവൈനല്‍ ഹോമുകളിലും കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്.
ഇത് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മാത്രം കഥയല്ല. അനാഥരെ കച്ചവടച്ചരക്കാക്കി പണം പിരിക്കുന്നവരുടെ സ്ഥാപനങ്ങളിലും അന്തേവാസികളുടെ സ്ഥിതി ദയനീയമാണ്. ഇവയിലെല്ലാം കുട്ടികള്‍ ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നു. ശിശുക്ഷേമ സമിതിയില്‍ നല്കുന്ന ഭക്ഷണം നല്ലതല്ല എന്നു കണ്ടതിനാല്‍ ഇനി മുതല്‍ ഭക്ഷണകാര്യവും സംരക്ഷണവും ഉറപ്പുവരുത്തും എന്നും ബക്കറ്റുകളിലല്ലാതെ കുടിവെള്ളം ശേഖരിക്കാന്‍ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ആരോരുമില്ലാത്ത ഇവിടുത്തെ അന്തേവാസികള്‍ക്ക് ജീവിതം നിലനിര്‍ത്താന്‍ ഭക്ഷണം നല്കിയാല് മാത്രം പോര. അവര്‍ പീഡിതരാകാതെ സന്തോഷത്തോടെ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതെ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഒപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത ശിശുക്ഷേമ അനാഥാലയങ്ങളില്‍ നടക്കുന്ന അനാചാരങ്ങളെയും അവകാശലംഘനങ്ങളെയും പറ്റിയും അധികാരികള്‍ ബോധവാന്മാരാകുകയും മിന്നല്‍ പരിശോധനകള്‍ നടത്തി ഇവയും തടയാന്‍ ശ്രമം നടത്തുകയും വേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: