കോഴിക്കോട്: സിപിഎം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ് വിജയിപ്പിക്കാനുള്ള തിരക്കിലാണ് നേതൃത്വം. സെമിനാര്‍ പരമ്പര, ചരിത്രപ്രദര്‍ശനം മുതല്‍ കമ്പവലിമത്സരം വരെ, രാഷ്ട്രീയവും അരാഷ്ട്രീയവുമായ ഒട്ടേറെ ഇനങ്ങള്‍ കുത്തിനിറച്ച ഒരു മെഗാഷോ. സിപിഎം കോണ്‍ഗ്രസിന്റെ ഒരുക്കം കണ്ടാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയായോ എന്ന സംശയം ജനിക്കുന്ന ആര്‍ഭാടം?
പിറവി തൊട്ടിന്നേവരെ ദേശീയപ്രസ്ഥാനങ്ങളേയും ദേശീയ മുന്നേറ്റങ്ങളേയും നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ രാഷ്ട്രത്തെത്തന്നെയും പിന്നില്‍ നിന്നുകുത്തിയ ചരിത്രത്തിന്റെ പാപഭാരം ഇറക്കിവെക്കാന്‍ കുഴങ്ങുന്ന പാര്‍ട്ടി ആ ചരിത്രസംഭവങ്ങളെ ചര്‍ച്ചചെയ്യാനേ മുതിരുന്നില്ല. നവഉദാരീകരണ കാലത്തെ പാര്‍ട്ടി ചരിത്രത്തെ ഭയക്കുകയാണ്. മുപ്പതുകളിലെ വഞ്ചനയുടെ ഗര്ഭഗൃഹത്തില് പിറന്നുവീണ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സഞ്ചരിച്ചതും അതേ പാതയില്‍തന്നെ.
ഇരുണ്ടകാലങ്ങളെ വെള്ളപൂശാന്‍ സിപിഎമ്മിന് ഇപ്പോള്‍ പുതിയ സഹകാരികളെ ലഭിച്ചിട്ടുണ്ടെങ്കിലും മുഴച്ചുനില്‍ക്കുന്ന ചരിത്രവസ്തുതകളെ മറച്ചുവെക്കാനാവില്ല.
ദേശീയ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടകം പിറവിയെടുക്കുന്നത്. പക്ഷേ അത് നിഗൂഢവും രഹസ്യവുമായ നീക്കങ്ങളിലൂടെയായിരുന്നുവെന്ന് മാത്രം. കെ.കേളപ്പനെപ്പോലെയുള്ള കോണ്‍ഗ്രസ് നേതാക്കളെ വഞ്ചിച്ചുകൊണ്ട്, കോണ്‍ഗ്രസിനുള്ളില്‍ നിന്നുകൊണ്ട്, അതിന്റെ ജനകീയ അടിത്തറയെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ് പാര്‍ട്ടി രൂപപ്പെടുന്നത്.
സോഷ്യലിസ്റ്റ് ആശയഗതിക്കാരായ ആളുകള്‍ ചേര്‍ന്ന് 1934 മെയ് 12ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ചാണ് കെ. കേളപ്പന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നത്. സി.കെ. ഗോവിന്ദന്‍നായര്‍ പ്രസിഡന്റും പി.കൃഷ്ണപ്പിള്ള സെക്രട്ടറിയും, ഇ.എം.എസ്., പി.കൃഷ്ണപണിക്കര്‍, കെ.പി.ഗോപാലന് എന്നിവരായിരുന്നു അംഗങ്ങള്‍. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മാത്രമായിരുന്നു സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം എന്ന് തീരുമാനിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിനെ അട്ടിമറിക്കുന്ന രഹസ്യപ്രവര്ത്തനങ്ങളാണ് പിന്നീട് നടന്നത്.
റഷ്യന്‍ ആശയാഗതികള്ക്കനുസരിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് അരങ്ങേറിയത്. ‘മാതൃഭൂമി’ പത്രവും അതിന് സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ടു. 1934 ജനുവരി 21ന് റഷ്യയുടെ വളര്‍ച്ച എന്ന പേരില്‍ എഡിറ്റര്‍ നാരായണന്‍നായര്‍ മാതൃഭൂമിയില്‍ മുഖപ്രസംഗമെഴുതി. തുടര്‍ന്ന് റഷ്യന്‍ അപദാനങ്ങള്‍ മാതൃഭൂമിയില്‍ തുടരെ തുടരെ വന്നു. പി.കൃഷ്ണപ്പിള്ളയും കെ.എ. കേരളീയനും റഷ്യന്‍ പഞ്ചവത്സര പദ്ധതികളെക്കുറിച്ചും റഷ്യയില്‍ വേശ്യകളെ ഇല്ലാതാക്കിയതിനെകുറിച്ചും റഷ്യയിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും മറ്റും ലേഖനങ്ങള്‍ എഴുതി.
കോണ്‍ഗ്രസിനുള്ളില്‍ ഗാന്ധിയന്മാര്ക്കെതിരെയുള്ള സോഷ്യലിസ്റ്റു ചേരികളുടെ പടയൊരുക്കം ശക്തിപ്രാപിച്ചു. സോവിയറ്റ് യൂണിയന്റേയും സ്റ്റാലിന്റേയും അപദാനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് കോണ്‍ഗ്രസിനുള്ളില്‍ ഗാന്ധിയന്മാരെ ഒറ്റപ്പെടുത്താനുള്ളശ്രമം നടന്നത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ ഇഎംഎസും കേരളപ്രദേശ് സെക്രട്ടറിയായ പി.കൃഷ്ണപിള്ളയും ഇതിന്റെ ചുക്കാന്‍ പിടിച്ചു. കതിരൂരിലും കോട്ടയത്തും (തലശ്ശേരി) നടന്ന സമ്മേളനങ്ങള്‍ കോണ്‍ഗ്രസ് നയങ്ങളേക്കാള്‍ സ്റ്റാലിനിസ്റ്റ് ചിന്താഗതികള്‍ ഉയര്‍ത്തിപ്പിടിച്ചു.
അതിനിടെ സോഷ്യലിസ്റ്റ് ചേരി തിയ്യര് മഹാജനസഭയുമായും ചേര്‍ന്നു. ബ്രിട്ടീഷനുകൂല സംഘടനയായിരുന്നു അത്. 1936 ജൂണ്‍ 10ന് കെ.കേളപ്പന് മാതൃഭൂമിയില്‍ ഈ സഖ്യത്തെ ശക്തമായ ഒരു എഡിറ്റോറിയലിലൂടെ വിമര്‍ശിച്ചു. ഇതുണ്ടാക്കിയ വിവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തിയ്യര് മഹാജനസഭയെ തള്ളിപ്പറയാന്‍ ഗത്യന്തരമില്ലാതെ ഇഎംഎസ് നിര്‍ബന്ധിതനായി. മൂന്നാമത്തേയും നാലാമത്തേയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ കഴിയുമ്പോഴേക്കും കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ ഒരു വിടവുണ്ടാക്കാന്‍ വിമതര്‍ക്ക് കഴിഞ്ഞു. 1936 നവംബറില്‍ പറശ്ശിനിക്കടവില്‍ ചേര്‍ന്ന കര്‍ഷക-യുവജന-തൊഴിലാളി സമ്മേളനം കോണ്‍ഗ്രസിനെ അതിന്റെ ഉള്ളില്‍നിന്നുകൊണ്ട് തകര്‍ക്കാനുള്ള ട്രോജന്‍ കുതിര സിദ്ധാന്തത്തിന്റെ ദൃഷ്ടാന്തമായിരുന്നു.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ട്ടി ഗാന്ധിയന്‍ മുന്നേറ്റത്തിന് ശക്തിപകരാനാണ് ആരംഭിച്ചതെങ്കിലും താമസിയാതെ അത് ദേശീയപ്രസ്ഥാനത്തെ തളര്‍ത്താനുള്ള സംഘടനയായി മാറി. ആദ്യസമ്മേളനത്തില്‍ കേളപ്പനാണ് അധ്യക്ഷതവഹിച്ചതെങ്കില് പിന്നീട് കേളപ്പന്നെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായി മാറി. ജനാധിപത്യമനോഭാവത്തോടെ എതിര്‍പ്പുകളേയും ആരോപണങ്ങളേയും ഉള്‍ക്കൊള്ളാന്‍ കേളപ്പന് എപ്പോഴും തയ്യാറായിരുന്നു. 1938ലെ കെപിസിസി തെരെഞ്ഞെടുപ്പില്‍ മുഹമ്മദ് അബ്ദുറഹിമാന് കമ്യൂണിസ്റ്റ് ഘടകത്തിന്റെ പിന്തുണയോടെ പ്രസിഡന്റായി. സെക്രട്ടറിയായി ഇഎംഎസും. കേളപ്പനെ ഒതുക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കപ്പെട്ടു.
1938 ജൂണ്‍ 10ന് കെപിസിസി കേളപ്പനെതിരെ കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചുകൊണ്ട് അഴിമതി ആരോപണങ്ങള്‍ വിശദമായി അന്വേഷിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിന് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഏതെങ്കിലും ഒരാരോപണം അന്വേഷിക്കുന്നതിന് പകരം അഴിമതി ആരോപണങ്ങള്‍ ശേഖരിക്കാന്‍ മുതിരുകയായിരുന്നു.
സിഎസ്പിയില്‍ നിന്ന് സ്റ്റാലിനിസ്റ്റ് സിപിഐയിലേക്കുള്ള പരിവര്‍ത്തനത്തിന് അരങ്ങൊരുങ്ങി. ഇത്തരം നീക്കം വിഭാഗീയമാണെന്നും വിജയിക്കില്ലെന്നും ചൂണ്ടിക്കാണിച്ച് 1936 മാര്‍ച്ച് 16ന് കേളപ്പന് മാതൃഭൂമിയില്‍ മുഖപ്രസംഗമെഴുതി. എന്നാല്‍ സ്റ്റാലിനിസ്റ്റ് ചിന്താഗതിയ്ക്കടിമകളായ സിഎസ്പി നേതൃത്വം കോണ്‍ഗ്രസിന്റെ അടിസ്ഥാനനയങ്ങള്ക്കെതിരായ പ്രവര്‍ത്തനം വിപുലമാക്കുകയാണുണ്ടായത്. കോണ്‍ഗ്രസിന്റെ ജനകീയാടിത്തറ ഉപയോഗിച്ച് വിപുലമായ കേഡര്പരിശീലനങ്ങള്ക്ക് സിഎസ്പി നേതൃത്വം കൊടുത്തു.
1939 ഒക്ടോബറില്‍ തലശ്ശേരി പിണറായിയിലെ പാറപ്രം എന്ന സ്ഥലത്ത് കേരളത്തിലെ 90ഓളം പ്രമുഖപ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനെയും സിഎസ്പിയേയും വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗങ്ങളാണ് അതില്‍ നടന്നത്. എന്നാല്‍ 1940 ജനുവരി 26നാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി രൂപീകരിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ദേശീയമുന്നേറ്റത്തിന്റെ കരുത്ത് ചോര്‍ത്തിക്കളയുന്ന നടപടിയായിരുന്നു അത്.
ദേശീയപ്രസ്ഥാനത്തില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും യുവാക്കള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും സ്ഥാനമുണ്ടെന്നും ദേശീയസര്ക്കാറിന്റെ കീഴിലാണ് ജന്മിത്വ-തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നുമായിരുന്നു കോണ്‍ഗ്രസിന്റെയും കേളപ്പന്റെയും നിലപാട്. എന്നാല്‍ വര്‍ഗ്ഗപരമായ ഉള്ളടക്കം അടിച്ചേല്‍പ്പിക്കുന്നതിലായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ പരിശ്രമം. ഇത് ദേശീയമുന്നേറ്റത്തെ തളര്‍ത്തുമെന്ന നിലപാടായിരുന്നു കേളപ്പനുണ്ടായിരുന്നത്.
കോണ്‍ഗ്രസിനുള്ളില്‍ നിന്നുകൊണ്ട് രഹസ്യയോഗങ്ങളിലൂടെ ദേശീയമുന്നേറ്റത്തെ ക്ഷീണിപ്പിക്കുന്ന നിലപാടായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ അനുവര്‍ത്തിച്ചത്. 1942 വരെ രഹസ്യപ്രവര്‍ത്തനം നടത്തുകയായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: