തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള രാജ്യം എത്രമാത്രം അപകടത്തിലാകുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് പാക്കിസ്ഥാനെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് എം.ജെ.അക്ബര്‍ ചൂണ്ടിക്കാട്ടി. മതമാണ് രാജ്യത്തിന്റെ അടിസ്ഥാനമെങ്കില്‍ 22 അറബ് രാഷ്ട്രങ്ങളുടെ ആവശ്യകത ഉണ്ടാകുമായിരുന്നില്ല. കേരള കൗമുദിയുടെ ശതാബ്ദിയോടനുബന്ധിച്ച് മാധ്യമ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വമെന്നത് എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുകയെന്നതാണ്. ഇന്ത്യയുടെ ദേശീയ ജീവിതത്തില്‍ നിന്ന് മതത്തെ ഒഴിവാക്കാന്‍ കഴിയില്ല. ഗാന്ധിജി ഉണ്ടായതുകൊണ്ടാണ് ഇന്ത്യ മതേതര രാജ്യമായത് എന്നു പറയുന്നവരുണ്ട്. എന്നാല്‍ ഇന്ത്യ മതേതര രാജ്യമായതുകൊണ്ടാണ് ഗാന്ധിജി മതേതരവാദിയായത് എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.
അഴിമതി ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ സ്വയം അഴിമതി രഹിതമാകണം. മറ്റേതൊരു രംഗത്തുമെന്ന പോലെ മാധ്യമ മേഖലയിലും അഴിമതി നടക്കുന്നുണ്ട്. മാധ്യമങ്ങളില്‍ നിന്ന് കൂടുതലെന്തെങ്കിലും പ്രതീക്ഷിച്ചിരുന്ന അടിയന്തരാവസ്ഥ കാലത്തു പോലും കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴയുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇപ്പോള്‍ അവര്‍ക്ക് ഒരുപാടു ദൈവങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടി വരികയാണ്. പത്രപ്രവര്ത്തകന് മാനേജ്മെന്റില്‍ നിന്ന് കടുത്ത സമ്മര്ദമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമ്പാദനം വരെ ബ്രിട്ടീഷുകാരാണ് നമ്മെ കൊള്ളയടിച്ചിരുന്നതെങ്കില് ഇന്ന് സ്വദേശികള്‍ തന്നെയാണ് കൊള്ളക്കാര്‍. ബ്രിട്ടീഷുകാര്‍ പോയതോടെ സ്വാതന്ത്ര്യ സമരം അവസാനിക്കുകയല്ല, ആരംഭിക്കുകയാണ് ചെയ്തത്. ജനാധിപത്യം, മതേതരത്വം, സ്ത്രീപുരുഷ സമത്വം, സാമ്പത്തിക സമത്വം എന്നീ അടിസ്ഥാന പ്രമാണങ്ങളില്‍ ഉറച്ചു നിന്നാലേ ഇന്ത്യക്ക് വിജയിക്കാന്‍ കഴിയൂ. എച്ച്.എന്‍.ബഹുഗുണയെ പോലെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി പദത്തിലേക്ക് മായാവതിയെ പോലുള്ളവര്‍ക്ക് എത്താന്‍ കഴിയുമെന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം. വന്‍ശക്തിയാണെങ്കിലും ജനാധിപത്യമില്ലാത്തതിനാല്‍ ചൈനയെ മാതൃകയാക്കാന്‍ കഴിയില്ല. സ്ത്രീപുരുഷ സമത്വമില്ലാതെ ആധുനിക ഇന്ത്യയെ നിര്‍മിക്കാന്‍ കഴിയില്ല, അക്ബര്‍ അഭിപ്രായപ്പെട്ടു.
കാല്ക്കുലേറ്ററുകള്ക്കു പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വലിയസംഖ്യയുടെ അഴിമതിയാണ് രാജ്യത്തു നടക്കുന്നത്. അഴിമതിക്കെതിരായ ബോധവത്കരണത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുറേ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പത്രങ്ങള്‍ക്ക് ഇനിയും കൂടുതല്‍ ശക്തമായ നിലപാടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: