മരട്: ഇടപ്പള്ളി- അരൂര്‍ ബൈപ്പാസിലെ കുമ്പളം ടോള്‍ബൂത്തില്‍ വര്‍ധിപ്പിച്ച നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. മുന്നറിയിപ്പില്ലാതെ വാഹനങ്ങളുടെ ടോള്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ, യുവജന സംഘടനകള്‍ സമരവുമായി രംഗത്തുവന്നു. ടോള്വര്ധിപ്പിച്ച ശനിയാഴ്ച അര്‍ധരാത്രി ബിജെപി കുമ്പളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കുമ്പളം പഞ്ചാത്ത് കമ്മറ്റി കണ്‍വീനര്‍ കെ.കെ.മുരളീധരന് സമരത്തിന് നേതൃത്വം നല്കി. എം.എസ്.തമ്പി, ടി.ആര്.സുരേന്ദ്രന്, എന്‍.ജി.അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
ഞായറാഴ്ച രാവിലെ 10ന് എഐവൈഎഫിന്റെ നേതൃത്വത്തില്‍ ടോള്വര്ധനവിനെതിരെ ഉപരോധ സമരം നടത്തി. കുമ്പളം സൗത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ടോള്‍പ്ലാസയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ഉപരോധ സമരം എഐവൈഎഫ് ജില്ലാ സെക്രട്ടറി പി.സി.സന്‍ജിത് ഉദ്ഘാടനം ചെയ്തു. സംഘടനാ ഭാരവാഹികളായ കെ.ആര്.റെനിഷ്, ഷിജു ആന്റണി, ടി.മനോജ്, എ.കെ.സജീര്‍ എന്നിവര്‍ പ്രസംഗിച്ചു.
സിപിഐ(എംഎല്)ന്റെ നേതൃത്വത്തില്‍ രാവിലെ 11ന് ടോള്‍പ്ലാസയിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടന്നു. ടോള്‍ നിരക്ക് വര്‍ധനവുമായി രംഗത്തിറങ്ങുമെന്ന് ദേശീയ പാതാ സംരക്ഷണ സമിതിയും പിഡിപിയും സോളിഡാരിറ്റി എന്ന സംഘടനയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയപാതാ 47 ലെ ഇടപ്പള്ളി അരൂര്‍ ബൈപാസിലെ ടോള്‍ നിരക്ക് വര്ധിപ്പിച്ചിതിന് ന്യായീകരണമില്ലെന്ന് ടോള്‍ വിരുദ്ധ ജനകീയ സമിതി പ്രസ്താവനയില്‍ അറിയിച്ചു. ടോള്‍ റോഡുകള്‍ക്കു പിന്നില്‍ അഴിമതിയുണ്ടെന്നും, വാഹനങ്ങളില്‍ നിന്നും അന്യായമായ നിരക്കിടാക്കി നടക്കുന്ന പകല്‍കൊള്ളക്ക് സര്‍ക്കാരും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണെന്നും സമിതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: