തിരുവനന്തപുരം: ഇന്നലെ മുതല്‍ വര്‍ധിപ്പിച്ച മൂല്യവര്‍ധിതനികുതി സംസ്ഥാനത്ത് നിലവില്‍ വന്നതോടെ അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചു തുടങ്ങി. പയര്‍ വര്‍ഗ്ഗങ്ങളുടെ വിലയില്‍ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും മറ്റ് പല നിത്യോപയോഗ സാധനങ്ങളുടെയും വിലയില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. നിര്‍മാണ മേഖലയെ വിലവര്‍ധനവ് കാര്യമായി ബാധിച്ചിട്ടുണ്ട്. ക്രഷര്‍ മെറ്റല്‍ വില കാര്യമായി ഉയര്‍ന്നു. മരുന്നുകളുടെ കോമ്പൗണ്ടഡ് നികുതി ഭേദഗതി ചെയ്തിട്ടുള്ളതിനാല്‍ മരുന്നു വിലയും ഉയര്‍ന്നിട്ടുണ്ട്. അരിയുടെ നികുതി നിരക്ക് ഒരു ശതമാനമാണെങ്കിലും അരിക്കും വില കുത്തനെ ഉയരുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള അരിവരവ് കുറഞ്ഞെന്ന പേരു പറഞ്ഞാണ് വ്യാപാരികള്‍ അരിവില ഉയര്‍ത്തുന്നത്.
പച്ചക്കറിയുടെയും വിലയില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ചൂടു കൂടിയതോടെയാണിത്. ഇവിടങ്ങളില്‍ വിളവെടുപ്പ് മോശമായതിനാല്‍ കേരളത്തിലേക്കുള്ള പച്ചക്കറി വരവില്‍ കുറവുണ്ടായിട്ടുണ്ട്. ഇന്ധന വിലകൂടി ഉയരുന്നതോടെ അവശ്യ വസ്തുക്കളുടെ വില ഇനിയും ഉയരാനാണ് സാധ്യത. സാധാരണക്കാരെ ഇത് കൂടുതല്‍ ദുരിതത്തിലാക്കും.
കേന്ദ്ര സര്‍ക്കാറിന്റെ ചുവടുപിടിച്ചാണ് കെ.എം.മാണി അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാനത്തും നികുതി വര്‍ധന നടപ്പാക്കിയത്. നിലവില്‍ ഒന്ന്, നാല്, 12.5, 20 ശതമാനം നിരക്കിലാണ് മൂല്യവര്‍ധിത നികുതി. ഇതില്‍ നാല് ശതമാനത്തിന്റേത് അഞ്ച് ശതമാനമായും 12.5 ന്റേത് 13.5 ശതമാനമായുമാണ് ഉയര്‍ത്തിയത്. മറ്റ് സ്ലാബുകളില്‍ കാര്യമായ മാറ്റിമില്ല. ചരക്കുകള്‍, വ്യവസായ ഉല്പന്നങ്ങള് തുടങ്ങിയ 600 ഇനങ്ങളാണ് നാല് ശതമാനത്തിന്റെ സ്ലാബില്‍ വരുന്നത്. 103 ഇനം ഉല്പന്നങ്ങള് 12.5ന്റെ സ്ലാബില്പ്പെടുന്നുണ്ട്. ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, മറ്റ് പയര്‍വര്‍ഗങ്ങള്‍, കടല, മുളക്, മല്ലി, ഭക്ഷ്യ എണ്ണ, ധാന്യപൊടികള്, മൈദ, സൂചി തുടങ്ങിയവയുടെ നികുതി നിരക്ക് നാല് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറച്ചിട്ടുള്ളതിനാല്‍ അവയുടെ വില കുറയും. അരിയുടെയും മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കളുടെയും നികുതിനിരക്ക് നേരത്തെതന്നെ ഒരു ശതമാനമാണ്.
എയര്‍ ടൈറ്റ് കണ്ടെയ്നറില്‍ വില്‍ക്കുന്ന ഭക്ഷണ പദാര്ഥങ്ങള്ക്കുണ്ടായിരുന്ന 12.5 ശതമാനം നികുതി അഞ്ച് ശതമാനമായി കുറച്ചതിനാല്‍ എത്തക്ക വറ്റല്‍, മരച്ചീനി വറ്റല്‍, ചക്കവറ്റല്‍, ചുക്ക്, കാപ്പിപ്പൊടി തുടങ്ങിയവയുടെ വിലയും കുറയും. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വില ഉയര്‍ന്നു. നികുതി 12.5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയതിനാലാണിത്. സിഗരറ്റിന്റെയും സമാന ഉല്പന്നങ്ങളുടെയും നികുതി 12.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. പാന്‍മസാല തുടങ്ങിയ പുകയില ഉല്പന്നങ്ങളുടെ നികുതി 20ല്‍ നിന്ന് 22.5 ശതമാനമായും ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: