കേരളം മീനച്ചൂടിന്റെ പിടിയിലാണ്. ഇടയ്ക്ക് പെയ്തിറങ്ങുന്ന മഴ പകല്ച്ചൂടിന് കുറവുണ്ടാക്കുന്നില്ലെന്നതാണ് ശരി. ലോഡ്ഷെഡിംഗും പവര്‍കട്ടും കൂടിയാകുമ്പോള്‍ മനുഷ്യന് വെന്തുരുകുമെന്നത് തീര്‍ച്ചയാണ്. നഗരങ്ങള്‍ക്ക് കുളിര്‍മ നല്‍കിയിരിക്കുന്ന വന്മരങ്ങള് കടപുഴകി ആ സ്ഥാനത്ത് അംബരചുംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാനം പിടിച്ചപ്പോള്‍ പകലും രാത്രിയും ഒരുപോലെചൂടായി. പലപ്പോഴും താപതരംഗമാണ് നമ്മുടെ നഗരങ്ങളില്‍ വീശുന്നത്. അതുകൊണ്ടുതന്നെ എയര്‍ കണ്ടീഷണര്‍ ഇല്ലാത്ത കച്ചവടസ്ഥാപനങ്ങള്‍ നഗരങ്ങളില്‍ വിരളമായി. മൊത്തം എസിയുള്ള കടകളുടെ എണ്ണം കൊച്ചി നഗരത്തില്‍ കൂടിക്കൂടി വന്നു. അനേകം നിലകളുള്ള ഫ്ലാറ്റുകളില്‍ എസിയില്ലാതെ ജീവിക്കുക അസാധ്യമായിരിക്കുന്നു. തുണിക്കടകളും സ്വര്‍ണക്കടകളും മാളുകളും തീയേറ്ററുകളും ആശുപത്രികളും ഹോട്ടലുകളും ബാങ്കുകളും പണമിടപാടു സ്ഥാപനങ്ങളും മറ്റും നഗരത്തില്‍ സെന്റട്രലൈസ്ഡ് എസിയില്‍ പ്രവര്‍ത്തിക്കുന്നവയായി. തെര്‍മോകോളും സീലിംഗ് ഉപകരണങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും പെട്രോളിയം പദാര്‍ത്ഥങ്ങളും മറ്റും അതുകൊണ്ടുതന്നെ നഗരത്തില്‍ വന്നടിഞ്ഞിരിക്കയാണ്. ചെറിയ ഒരു തീപൊരി മതി നഗരം കത്തിച്ചാമ്പലാകാന്‍. നഗരത്തിലെ വലിയ തുണിക്കടകള്‍. ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍ എന്നിവയില്‍ ഏതു നിമിഷവും തീ പ്രത്യക്ഷപ്പെടാം. ആശുപത്രികളില്‍ വേണ്ടത്ര അഗ്നിശമന മാര്‍ഗങ്ങള്‍ ഇല്ലെന്നത് വന്‍ വാര്‍ത്തയായിരുന്നു. ഈ ചൂടില്‍ തീ അരികെയാണെന്ന സത്യം മറന്നുകൂട.
2011 ഡിസംബറില്‍ കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 73 ജീവനുകളാണ് അപഹരിക്കപ്പെട്ടത്. കിഴക്കേ ദല്‍ഹിയിലെ നന്ദനഗിരിയില്‍ 2011 നവംബറില്‍ ഒരു ചടങ്ങിനിടെയുണ്ടായ തീപിടിത്തത്തില്‍ 14 പേര് വെന്ത് മരിക്കുകയും 30 പേര്‍ക്ക് തീപ്പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ഉത്സവകാലമായാല്‍ പടക്ക നിര്‍മാണ കടകള്‍ തീപിടിച്ച് വന്‍ തീപിടിത്തങ്ങള്‍ പതിവാണ്. കൊല്ലത്ത് എല്‍പിജി ടാങ്കര്‍ നാഷണല്‍ ഹൈവേയില്‍ മറിഞ്ഞ് ഒരാള്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വന്‍ തീപിടുത്തങ്ങള്‍ പലതും ഒഴിവായിപ്പോയതുകൊണ്ട് ദുരന്തങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ട്. മരം, പേപ്പര്‍, തുണി, ചപ്പ് ചവറ്, പ്ലാസ്റ്റിക്, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, അസെറ്റോണ്‍, ഓയില്‍, വൈദ്യുതി ഉപകരണങ്ങള്‍, ലോഹങ്ങളായ സോഡിയം, അലൂമിനിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിര്‍കോണിയം എന്നിവയും വെടിമരുന്നുശാലകളും വേനല്‍ക്കാലത്ത് കത്തുവാന് വളരെ എളുപ്പമാണ്. അന്തരീക്ഷ ഊഷ്മാവ് വര്‍ധനയും കാറ്റും തീപിടുത്തത്തിന് അനുകൂല ഘടകങ്ങളാണ്. അടുക്കളയിലെ ഗ്യാസടുപ്പില്നിന്ന് മുതല്‍ വന്‍ പൊട്ടിത്തെറികള്‍ വരെ തീപിടിത്തത്തില്‍ കലാശിക്കും.
മിക്കവാറും തീപിടിത്തത്തിന് ഇലക്ട്രിക്കല്‍ ഷോര്‍ട്ട്സര്‍ക്യൂട്ടാണ് പ്രധാന വില്ലന്‍. ഫ്ലക്സിന്റെയും പ്ലാസ്റ്റിക് സാധനങ്ങളുടേയും അതിപ്രസരത്തില്‍ നാടുനീളെ തീപിടിത്ത ഭീഷണിയിലാണ്. മാളുകളിലും വലിയ തുണിക്കടകളിലും തീപിടിച്ചാല്‍ രക്ഷപ്പെടുവാന്‍ ഇന്നുള്ള സംവിധാനങ്ങള്‍ വളരെ അപര്യാപ്തമാണ്. എമര്‍ജന്‍സി പുറംവാതില്‍ ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങളില്‍ തീപിടിത്തം മൂലം പുക നിറഞ്ഞാല്‍ രക്ഷപ്പെടുക എളുപ്പമല്ല. ആളുകള്‍ കൂട്ടത്തോടെ കയറുന്ന തുണിക്കടകളില്‍ കൂടുതല്‍ വാതിലുകള്‍ നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. പുകശമിപ്പിക്കുവാനുള്ള ഉപകരണങ്ങളും അവ എങ്ങനെ ഉപയോഗിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങളും നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. ഗോഡൗണുകളും ഫാക്ടറികളും വാണിജ്യസ്ഥാപനങ്ങളും അപ്പാര്‍ട്ടുമെന്റുകളും ഹോട്ടലുകളും ഹോസ്റ്റലുകളും ആശുപത്രികളും സിനിമാ തിയേറ്ററുകളും സ്കൂളുകളും കോളേജുകളും തീപിടുത്തം തടയുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.
ഉത്സവ സീസണുകളില്‍ തീപിടുത്തം നിയന്ത്രിക്കുവാനും ഉണ്ടാകാതിരിക്കുവാനും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പുക, തീ, താപം എന്നിവയിലെ മാറ്റത്തിന്റെ സംവേദനക്ഷമതയുള്ള ഉപകരണങ്ങള്‍ മാര്‍ക്കറ്റുകളിലും സിനിമാഹാളുകളിലും കമ്പ്യൂട്ടര്‍ സെന്ററുകളിലും ഓഫീസുകളിലും സ്ഥാപിക്കുന്നത് അഗ്നിയെ നിയന്ത്രിക്കുവാന്‍ ഉപയുക്തമാണ്. കത്തിപിടിക്കുവാന് സാധ്യതയുള്ള പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, തീ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉദാഹരണത്തിന് വെല്‍ഡിംഗ് സെന്ററുകള്‍, ലാബോറട്ടറികള്‍, അടുക്കളകള്‍, മാരകമായ രാസപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ എന്നിവയില്‍ തീപിടുത്തം നിയന്ത്രിക്കുവാന്‍ വേണ്ട സംവിധാനങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകേണ്ടതാണ്. ഇത്തരംസ്ഥാപനങ്ങളില്‍ പുക ജാഗ്രത അലാറം സ്ഥാപിക്കണം. ബഹുനില കെട്ടിടങ്ങളില്‍ ഡൗണ്കമര് ഗോവണികളും അടിയന്തരമായി തുറക്കാവുന്ന വാതിലുകളും സ്ഥാപിക്കണം. പ്രത്യേകിച്ചും എസി പ്രവര്‍ത്തിക്കുന്ന മുറികളില്‍ അവശ്യം വേണ്ടതാണ്. പത്രങ്ങളും മറ്റു കടലാസുകളും വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും കുന്നുകൂടുവാന്‍ അനുവദിക്കരുത്. തീപിടിച്ചാല്‍ എന്തുചെയ്യണമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രത്യേക ഫയര്ഡ്രില് നടത്തണം.
എറണാകുളത്തെ ഒരൊറ്റ ആശുപത്രിയിലും നാഷണല്‍ ബില്‍ഡിംഗ് കോഡ് അനുസരിച്ചുള്ള നിബന്ധനകള്‍ പാലിച്ച് ഫയര്‍ സേഫ്റ്റി മുന്‍കരുതലുകള്‍ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫയര്‍സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നിരാശാജനകമാണ്. പല സ്ഥാപനങ്ങളിലും തീപിടിച്ചാല്‍ രക്ഷപ്പെടുവാനുള്ള വാതിലുകള്‍ മറ്റു സാധനങ്ങള്‍ വെച്ച് അടിച്ചിരിക്കുകയാണത്രെ! തീയും പുകയും വന്നാല്‍ അടിക്കുവാനുള്ള അലാറമുകള്‍ പല സ്ഥാപനങ്ങളിലും നിശ്ചലമാണ്. ഹൈഡ്രന്റ് പൈപ്പുകള്‍ പൊട്ടിയതും ഉപയോശൂന്യവുമാണ്. തീപിടിത്തത്തിന്റെ ഘട്ടങ്ങളില്‍ വെള്ളം പമ്പ് ചെയ്യാനുദ്ദേശിച്ച് സ്ഥാപിച്ചിട്ടുള്ള പമ്പുകള്‍ പ്രവര്‍ത്തനരഹിതമാണ്. ഡൗണ്കമര് ഗോവണികള്‍ ബലമില്ലാത്തതുമൂലം ഉപയോഗശൂന്യമാണ്. ഫയര്എസ്റ്റിന് ഗുഷറുകള് മിക്കവാറും വറ്റിവരണ്ട അവസ്ഥയിലാണ്. ഒരു സ്ഥാപനത്തിന് പ്രവര്‍ത്തിക്കുവാനുള്ള എന്‍ഒസി ലഭിക്കുവാന്‍ നിയമപരമായി ആവശ്യമുള്ള ഒരേ ഫയര്‍ ആന്റ് സേഫ്റ്റി ഉപകരണങ്ങള്‍ തന്നെ പല സ്ഥാപനങ്ങളിലും കാണിച്ച് എന്‍ഒസി വാങ്ങുന്നത് പതിവാണ്. ഗുണമേന്മയില്ലാത്ത ഉപകരണങ്ങള്‍വച്ച് ഡിപ്പാര്‍ട്ടുമെന്റിനെ കബളിപ്പിക്കുന്നതു പതിവാണ്. ജാഗ്രതയോടെ ഫയര്‍സേഫ്റ്റി ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതിലും പ്രയോഗത്തില്വരുത്തുന്നതിലും അഗ്നിശമന രക്ഷപ്പെടുത്തല്‍ വകുപ്പിനും വീഴ്ച പറ്റുന്നുണ്ട്.
ഉപകരണങ്ങള്‍ വാങ്ങുവാനുള്ള സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമുതല്‍ ഗുണമേന്മയില്ലാത്ത ഉപകരണങ്ങള്‍ വാങ്ങുന്നതില്‍വരെ വകുപ്പിലും അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഒസി നേടിക്കഴിഞ്ഞാല്‍ ഫയര്‍ ആന്റ് സേഫ്റ്റി ഉപകരണങ്ങള്‍ ഒരുതവണപോലും പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ കാലപ്പഴക്കത്താല്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗശൂന്യമാകുകയാണ്. ഉപകരണങ്ങളുടെ ഗുണമേന്മയ്ക്കായി നടപടി സ്വീകരിക്കുവാന്‍ വകുപ്പ് വേണ്ടത്ര ശുഷ്ക്കാന്തി കാണിക്കാറില്ല. അതിനാല്‍ ഒരാവശ്യം വന്നാല്‍ ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ള അഗ്നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാണ്. പൊതുസ്ഥാപനങ്ങളിലും ഫ്ലാറ്റുകളിലും ഫാക്ടറികളിലും തിയേറ്ററുകളിലും ഹോട്ടലുകളിലും മറ്റും സ്ഥിതി വിഭിന്നമല്ല. തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, തൃക്കാക്കര, ഗാന്ധിനഗര്‍, രാമവര്‍മക്ലബ് റോഡ്, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ അഗ്നിശമനാ വിഭാഗത്തിന് ഓഫീസുകളുണ്ട്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഫയര്‍ എന്‍ജിനുകളാണ് ഈ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
അഗ്നിശമനാ സേനാംഗങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളോ സുരക്ഷാ സംവിധാനങ്ങളോ വേണ്ടത്രയില്ല എന്നത് സേനയുടെ പോരായ്മയാണ്. മാര്‍ച്ച് മാസത്തില്‍ ബോധപൂര്‍വം സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതും അതിനായി ഒത്താശ ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥരും വിരളമല്ല. നഗരത്തിലെ അംബരചുംബികളായ ഫ്ലാറ്റുകളിലെ മുകളിലെ നിലകളില്‍ തീപിടിത്തമുണ്ടായാല്‍ നോക്കിനില്‍ക്കാനേ നമ്മുടെ അഗ്നിശമനാ സേനയ്ക്ക് കഴിയൂ. യാതൊരു പ്ലാനിംഗും ഇല്ലാതെ പണിതുയര്‍ത്തുന്ന കച്ചവടസ്ഥാപനങ്ങളും ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിക്കുന്ന ആഡംബര സൗധങ്ങളും ഫയര്‍ എന്ജിന് എത്തുന്നതിനുള്ള റോഡ് സൗകര്യങ്ങളോ ജലം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ തീപിടിത്തമുണ്ടായാല്‍ തീയണയ്ക്കുക ദുഷ്ക്കരമായിരിക്കും.
മെട്രോ നഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചി നഗരത്തിലെ അഗ്നിശമന മാര്‍ഗങ്ങള്‍ തികച്ചും അപര്യാപ്തമാണ്. വന്‍ തീപിടിത്തമുണ്ടായാല്‍ നേരിടുവാന്‍ അഗ്നിശമനാ-രക്ഷപ്പെടുത്തല്‍ വിഭാഗം സുസ്സജ്ജമല്ല എന്നത് അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുതയാണ്. നഗരത്തിന് വേണ്ടി പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പാക്കണം. വന്‍ തീപിടിത്തമുണ്ടായാല്‍ ചെയ്യേണ്ട മുന്‍കരുതലുകളെക്കുറിച്ചോ രക്ഷാനടപടികളെക്കുറിച്ചോ നഗരവാസികള്‍ ബോധവാന്മാരല്ലയെന്നത് അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കും. ഓരോ ബില്‍ഡിംഗിലും സ്ഥാപിച്ചിട്ടുള്ള അഗ്നിശമനാ സുരക്ഷാ സംവിധാനങ്ങള്‍ നിരന്തരം വിലയിരുത്തപ്പെടണം. പ്രവര്‍ത്തനരഹിതമായ ഉപകരണങ്ങള്‍ മാറ്റി പുതിയവയും ഗുണനിലവാരമുള്ളവയും സ്ഥാപിക്കുവാന്വേണ്ട കര്‍ശന നടപടി സ്വീകരിക്കണം. ഫയര്‍ ഹൈഡ്രന്റുകള്‍ക്ക് ജലലഭ്യത ഉറപ്പാക്കണം. നൂതന സംവിധാനങ്ങളും ഉപകരണങ്ങളും പരിശീലനങ്ങളും അഗ്നിശമനാ രക്ഷപ്പെടുത്തല്‍ വിഭാഗത്തിന് നല്‍കിയും സ്ഥാപനങ്ങളിലെയും അപ്പാര്‍ട്ടുമെന്റുകളിലെയും സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കിയും നഗരത്തിലെ തീപിടിത്ത സാധ്യതകള്‍ ഒഴിവാക്കേണ്ടതാണ്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: