ന്യൂദല്‍ഹി: സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ വാഗ്ദാനം ചെയ്തത് റിട്ട. ലഫ്. ജനറല്‍ േ തജീന്ദര്സിംഗാണെന്ന് കരസേനാ മേധാവി ജന. വി.കെ.സിംഗ് വെളിപ്പെടുത്തി. സിബിഐക്ക് നല്കിയ പരാതിയിലാണ് കരസേനാ മേധാവി ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.
കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം ചെയ്തത് മുന്‍ സൈനിക ഉദ്യോഗസ്ഥനായ തേജീന്ദര്സിംഗാണെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പ്രതിരോധമന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആരോപണം നിഷേധിച്ച തേജീന്ദര്‍ സിംഗ് മാനനഷ്ടക്കേസിന് തയ്യാറെടുക്കുന്നതിനിടെയാണ് ജന. വി.കെ. സിംഗ് അദ്ദേഹത്തിനെതിരെ സിബിഐക്ക് ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുന്നത്.
കരസേനാ മേധാവി നല്കിയ പരാതിയുടെ പരിശോധന തുടങ്ങിയ സിബിഐ തേജീന്ദര്സിംഗിനെ ചോദ്യംചെയ്യുമെന്ന് സൂചിപ്പിച്ചു. കോഴ വാഗ്ദാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ജന.സിംഗ് അറിയിച്ചതായും സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
നിലവാരം കുറഞ്ഞ 600 ഓളം ട്രക്കുകള്‍ വാങ്ങാന്‍ കോടികളുടെ കോഴ വാഗ്ദാനം ഉണ്ടായതായി കരസേനാ മേധാവി വെളിപ്പെടുത്തിയതിനു പിന്നാലെ സിബിഐ അന്വേഷണത്തിന് പ്രതിരോധമന്ത്രി എ.കെ. ആന്റണി ഉത്തരവിട്ടെങ്കിലും ഔദ്യോഗിക പരാതി കിട്ടണമെന്ന നിലപാടിലായിരുന്നു അന്വേഷണ ഏജന്‍സി. സിബിഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ തിങ്കളാഴ്ച ജന.സിംഗിനെ സന്ദര്‍ശിച്ചിരുന്നു. പരാതിക്ക് പുറമെ ആരോപണത്തിന് ഉപോദ്ബലകമായ രേഖകള്‍, സാക്ഷികളുടെ പട്ടിക തുടങ്ങിയവയും സിബിഐ ആവശ്യപ്പെട്ടിരുന്നു.
അടുത്തയിടെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനും ആയുധലോബിയുടെ പ്രതിനിധിയുമായ വ്യക്തി 14 കോടി രൂപ വാഗ്ദാനം ചെയ്ത കാര്യം പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും ജന. സിംഗ് പറഞ്ഞിരുന്നു. സംഭവങ്ങള്‍ വിവാദമായതോടെ രാജ്യസഭയില്‍ സ്വമേധയാ നടത്തിയ പ്രസ്താവനയില്‍, കരസേനാ മേധാവി നല്കിയ വിവരണം ഞെട്ടലോടെ കേട്ട താന്‍ കോഴ വാഗ്ദാനം ചെയ്ത വ്യക്തിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ആന്റണി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചില അജ്ഞാതമായ കാരണങ്ങളാല്‍ ഈ പ്രശ്നവുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന നിലപാടാണ് ജന. സിംഗ് സ്വീകരിച്ചതെന്നും ആന്റണി പറഞ്ഞിരുന്നു.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ പരിതാപകരമായ സ്ഥിതിവിശേഷം വിവരിച്ചുകൊണ്ട് ജന.സിംഗ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച കത്ത് ഇതിനിടെ ചോര്‍ന്നതും വിവാദത്തില്‍ കലാശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച കത്ത് ചോര്‍ത്തിയ നടപടി കടുത്ത രാജ്യദ്രോഹ കുറ്റമാണെന്ന് ജന.സിംഗ് ആരോപിക്കുകൂടി ചെയ്തിരുന്നു. ഇതോടെ സിംഗിനെയും ആന്റണിയെയും പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. ഇതിനിടെ, കരസേനാ മേധാവിയും പ്രതിരോധമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി നിഷേധിച്ചു. അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും ഇക്കാര്യം എ.കെ. ആന്റണി സഭയില്‍ വിശദീകരിച്ചിട്ടുള്ളതാണെന്നും മുഖര്‍ജി വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: