ന്യൂദല്‍ഹി: പെട്രോള്‍ വില ഏതാനും ദിവസത്തിനുള്ളില്‍ കുത്തനെ കൂട്ടും. ലിറ്ററിന് അഞ്ച് രൂപ കൂട്ടുമെന്ന തീരുമാനത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍. ഇതിന് കേന്ദ്ര പെട്രോളിയംമന്ത്രാലയം അനുമതി നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പെട്രോള്‍ ലിറ്ററിന് ഏഴ് രൂപ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നും അഞ്ച് രൂപ കൂട്ടണമെന്നുമാണ് തങ്ങളുടെ നിലപാടെന്നും ഇതിനായി കേന്ദ്രത്തിന്റെ പച്ചക്കൊടിക്ക് കാത്തിരിക്കുന്നതായും ഒരു മുതിര്‍ന്ന എണ്ണക്കമ്പനി ഉദ്യോഗസ്ഥന് പറഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ എണ്ണക്കമ്പനികളാണ് പെട്രോള്‍ വില കുത്തനെ കൂട്ടാന്‍ ഒരുങ്ങിയിരിക്കുന്നത്. പെട്രോള്‍ വില കൂട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്ധന വില്‍പ്പന വഴിയുണ്ടാകുന്ന റവന്യൂ നഷ്ടം സര്‍ക്കാര്‍ പരിഹരിക്കണമെന്നാണ് ഇവരുടെ നിലപാട്. 5000 കോടി രൂപയാണ് ഈ വകയില്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത്. 2010 ജൂണില്‍ പെട്രോള്‍ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ അനുമതിയില്ലാതെ എണ്ണക്കമ്പനികള്‍ വില കൂട്ടാറില്ല. ഡീസല്‍, മണ്ണെണ്ണ, പാചകവാതക വിലകള്‍ ഇപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ഇവയുടെ നിയന്ത്രണവും നീക്കണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും തുടര്‍ന്ന് പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ധന വില കൂട്ടാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും.
2011-12 സാമ്പത്തികവര്‍ഷത്തെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്ന മാര്‍ച്ച് അവസാനത്തോടെ പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐഒസി നേരത്തെ വ്യക്തമാക്കിയിരുന്നു. പെട്രോള്‍ വില്പ്പനവഴിയുണ്ടാകുന്ന നഷ്ടം നികത്തണമെന്ന് കേന്ദ്രത്തിന് നല്കിയ നിര്‍ദ്ദേശം പരിഗണിക്കപ്പെടുമെന്ന് കരുതുന്നതായി ഐഒസി ചെയര്മാന് ആര്.എസ്. ബുട്ടോള വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: