കൊച്ചി: നിരത്തുകളിലെ പോലീസിന്റെ വഴിവിട്ടുള്ള വാഹനപരിശോധന വിലക്കിക്കൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി)യുടെ നിര്‍ദ്ദേശം. പൊതുനിരത്തുകളിലെ വാഹനപരിശോധന പലപ്പോഴും അതിരുവിടുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണ് പോലീസ് മേധാവിയുടെ മാര്‍ഗനിര്‍ദ്ദേശം. വാഹനപരിശോധനാ സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ആറ് പ്രധാന കാര്യങ്ങള്‍ പോലീസ് ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു.
നിരത്തുകളില്‍ വാഹനപരിശോധന നടത്തുന്ന സമയത്ത് ഒരേ സമയം നിരവധി വാഹനങ്ങള്‍ തടഞ്ഞിടരുത്. പകരം ഒരു വണ്ടി പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ അടുത്തത് തടയാവൂ. പരിശോധനക്കായി തടഞ്ഞുനിര്‍ത്തുന്ന വാഹനത്തിലെ ഡ്രൈവറെ രേഖകളുമായി പോലീസ് ഉദ്യോഗസ്ഥന് തന്റെ സമീപത്തേക്ക് വിളിച്ചുവരുത്തരുത്. മറിച്ച് ഉദ്യോഗസ്ഥന് വാഹനത്തിനടുത്തുവന്ന് പരിശോധന നടത്തണം. രേഖകള്‍ പരിശോധിക്കാനെന്ന പേരില്‍ മാത്രം നിരത്തുകളില്‍ വാഹനങ്ങള്‍ തടഞ്ഞിടരുത്. മറിച്ച് ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നവ മാത്രമേ തടഞ്ഞിടാവൂ എന്നും ഡിജിപി നിര്‍ദ്ദേശിക്കുന്നു.
ഹെല്‍മറ്റ് വെക്കാതെ ബൈക്ക് ഓടിക്കുന്നവരെയും മറ്റും പിടികൂടാന്‍ സമയവും സ്ഥലവും മുന്‍കൂട്ടി നിശച്യിച്ചുറപ്പിച്ചുകൊണ്ടുള്ള സ്ഥിരം പരിശോധനാ സംവിധാനമാണ് വേണ്ടത്. നിയമലംഘകരെ കുരുക്കില്‍പ്പെടുത്തി പിടികൂടുക എന്നതല്ല, നിയമം അനുസരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന വിശാല അര്‍ത്ഥത്തിലാണ് വാഹനപരിശോധനയെ കാണേണ്ടതെന്നും ഡിജിപി നിര്‍ദ്ദേശിക്കുന്നു. ഇരുചക്രവാഹന യാത്രികരെ ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പിന്തുടര്ന്ന് പിടികൂടുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്.
റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളെ പിടികൂടാന്‍ ഡിജിറ്റല്‍, ഇലക്ട്രോണിക്സ് സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോലീസ് സേനയോട് ഡിജിപി നിര്‍ദ്ദേശിക്കുന്നു. ഡിജിറ്റല്‍ ക്യാമറ മുതല്‍ നിരീക്ഷണക്യാമറകള്‍, മൊബെയില്‍ ഫോണ്‍ ക്യാമറ എന്നിവ ഫലപ്രദമായി ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും പോലീസ് മേധാവി നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: