കാര്‍ഷികരാജ്യമായ ഭാരതത്തിന്റെ അടിസ്ഥാന വികസനം ഗ്രാമീണ-കാര്‍ഷിക മേഖലകളുടെ സംതൃപ്തിയിലധിഷ്ഠിതമാണ്. പക്ഷേ കര്‍ഷകനെ അടിസ്ഥാനബിന്ദുവാക്കിക്കൊണ്ടുള്ള ആസൂത്രണം നമുക്കിന്നും അന്യമാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കന്നി ബഡ്ജറ്റും ആദ്യ കാര്‍ഷിക നയപ്രഖ്യാപനവുമൊക്കെ പ്രതീക്ഷാനിര്‍ഭരമായ വ്യതിരിക്തത ഈ രംഗത്ത് സൃഷ്ടിച്ചിരുന്നു. എന്നാല്ദല്ഹിയിലെ ആസൂത്രണകേന്ദ്രമായ യോജനയിലെ ആസ്ഥാന പണ്ഡിതന്മാര് ഇന്നും പാശ്ചാത്യ ആസൂത്രണത്തിന്റെയും തോറ്റ് തുന്നം പാടിയ സോവിയറ്റ് മോഡലിന്റെയും പിടിയില്‍ തന്നെയാണുള്ളത്.
എന്തുകൊണ്ട് ഇന്ത്യന്‍ ആസൂത്രണം പ്രഖ്യാപിതലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജ്യപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ് ദുഃഖസത്യം. ഗാന്ധിജി രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ-സാമ്പത്തിക സ്വാതന്ത്ര്യവും നേടാന്‍ വെമ്പല്‍ കൊണ്ടിരുന്നു. കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയപരിപാടികളില്‍ ഗ്രാമസ്വരാജും, ഹരിജനോദ്ധാരണവുമൊക്കെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ ദീര്ഘദൃഷ്ടികൊണ്ടായിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നുറപ്പായപ്പോള്‍ തന്റെ ഭാവനയിലുള്ള സമ്പദ്വ്യവസ്ഥ നടപ്പാക്കാനായി ഗാന്ധിജി ഒരു സമിതി രൂപീകരിച്ചിരുന്നു. അതിന്റെ തലവനായി ഗാന്ധിജി നിയോഗിച്ചത് ജവഹര്‍ലാല്‍ നെഹ്റുവിനെയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകള്‍ ലോകമെമ്പാടും കമ്മ്യൂണിസം ഏറ്റവുമധികം ആകര്‍ഷിക്കപ്പെട്ട ഘട്ടമായിരുന്നു. സോവിയറ്റ് മോഡല്‍ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. ഗാന്ധിജിയെ മറന്ന് സോവിയറ്റ് മോഡലിനു പിറകെപോയ നെഹ്റുവിയന്‍ സമീപനമാണ് ഇന്ത്യന്‍ ആസൂത്രണത്തെ ചാപിള്ളയാക്കിയതെന്ന് കരുതുന്നതില്‍ തെറ്റില്ല.
കര്‍ഷകന്റെയും ഗ്രാമീണ മേഖലയുടെയുംമേല് ഭീതി പരത്തുന്ന ഒന്നായി ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമം ഇവിടെ നിലക്കൊള്ളുകയാണ്. ഈ നിയമം കാലാനുസൃതമായി മാറ്റണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. പക്ഷേ, പൊതുതാല്പര്യത്തിന്റെപേരില് കൃഷിഭൂമിയും മറ്റും യഥേഷ്ടം കവര്‍ന്നെടുക്കുന്ന ഭരണകൂടപ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഇതിന്റെ ഗുരുതരദോഷഫലങ്ങള് വേണ്ടത്ര മനസ്സിലാക്കുന്നതില്‍ സര്‍ക്കാരുകളും നിയമനിര്‍മ്മാണ സഭകളും പരാജയപ്പെട്ടിരിക്കയാണ്. അനാവശ്യമായ നിര്ബന്ധിതഭൂമി ഏറ്റെടുക്കലിന് തടയിടുകതന്നെവേണം. പശ്ചിമ ബംഗാളിലെ സിപിഎം ഭരണകൂടത്തെ ജനങ്ങള്‍ വലിച്ചെറിയാനിടയായത് സമ്പന്നര്‍ക്കുവേണ്ടി തെറ്റായ ഭൂമി ഏറ്റെടുക്കല്‍ നടത്തിയതിനെത്തുടര്‍ന്നായിരുന്നു. നഗരസ്വത്തിന് പരിധി ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു എന്നത് വസ്തുതയാണ്. പൊന്നുംവിലയ്ക്ക് പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശം നല്കേണ്ടതുമുണ്ടെന്ന് പാര്‍ട്ടി കരുതുന്നു. എന്നാല്‍ സദുദ്ദേശ്യത്തോടെയല്ലാതെ ഭൂമി ഏറ്റെടുക്കല്‍ അധികാരം ദുരുപയോഗപ്പെടുത്തുന്നതിനെ ബിജെപി എതിര്‍ക്കുന്നു.
സുപ്രീം കോടതി ഈയടുത്ത കാലത്ത് ലാഘവത്തോടെസര്ക്കാര് ലാന്റ് അക്വിസിഷന്‍ നടത്തുന്നതിനെ എതിര്‍ത്തിട്ടുണ്ട്. കമല്‍ ട്രേഡിംഗ് എതിര് ബംഗാള്‍ എന്ന കേസില്‍ കളക്ടര്‍ പദവിയിലിരിക്കുന്നവര്‍ ഗവര്‍മെന്റിന്റെ നിര്‍ദ്ദേശം അന്ധമായി നടപ്പാക്കുകയല്ല വേണ്ടതെന്നും ഇക്കാര്യത്തിലുള്ളവിവേചനാധികാരം നിഷ്പക്ഷമായി നടപ്പാക്കണമന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമം 6-ാംവകുപ്പനുസരിച്ചുള്ള അധികാരം രാജ്യത്തെ ജില്ലാ ഭരണാധിപന്മാര് സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് അന്ധമായി നടപ്പാക്കുന്ന രീതിയാണുള്ളത്. എന്നാല്‍ സ്ഥല ഉടമയുടെ എതിര്‍വാദങ്ങള്‍ ഗൗരവപൂര്‍വ്വം കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
പൊതു ആവശ്യത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ നിയമവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒരു പൗരന്റെ അടിസ്ഥാന അവകാശമായിപ്പോലും പരിഗണിക്കേണ്ട ഒന്നാണ് സ്വത്തവകാശം. ലാന്റ് അക്വിസിഷന്‍ നിയമമനുസരിച്ച് പൊതു ആവശ്യത്തിന് ഉത്തമവിശ്വാസത്തില്‍ വ്യക്തിയുടെ സ്വത്ത് പ്രതിഫലം നല്കി ഏറ്റെടുക്കാവുന്നതാണ്. പക്ഷേ, ദുരുദ്ദേശ്യത്തോടെ ഇത്തരം നടപടി പാടില്ലെന്നത് അംഗീകരിക്കപ്പെട്ട തത്വമാണ്.
ഈയടുത്ത ദിവസം ജമ്മു കാശ്മീര്‍ ഹൗസിംഗ് ബോര്‍ഡ് എതിര് കുന്‍വര്‍ സഞ്ജയ് കൃഷ്ണന് കൗള്‍ എന്ന കേസ്സില്‍ സുപ്രീം കോടതി സ്ഥലമേറ്റെടുക്കല്‍ കാര്യത്തില്‍ നിയമനിബന്ധനകള്‍ കര്‍ശനമായും പാലിക്കണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുകയാണ്. വസ്തു ഉടമയുടെ ശ്രദ്ധയില്‍ സ്ഥലമെടുപ്പ് സംബന്ധിച്ച കാരണങ്ങള്‍ വ്യക്തമായി ബോധ്യപ്പെടുത്തുകയും ആക്ഷേപം സ്വീകരിക്കുകയും വേണം. വസ്തു ഉടമയ്ക്കുണ്ടായേക്കാവുന്ന വിഷമതകള്‍ കണക്കിലെടുക്കേണ്ട ഘടകമാണ്. പൊതു താല്പര്യം മുന്‍നിര്‍ത്തിയായിരിക്കണം അക്വിസിഷന്‍ നടപടി ഉണ്ടാകേണ്ടത്. ഇതു സംബന്ധിച്ച് വിവേചനാധികാരം നിക്ഷിപ്തമായ അധികാരി സുതാര്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
സുപ്രീം കോടതി പരിഗണിച്ച കേസില്‍ പൊതുഉദ്ദേശ്യം എന്നതിന്റെ പട്ടികയില്‍ ഹൗസിംഗ് കോളനിയുടെ സ്ഥാപനവും വികസനവും ഉള്‍പ്പെടുന്നതായി വിധിച്ചിട്ടുണ്ട്. പുതിയവീടുകള്‍ നിര്‍മ്മിച്ച് നല്‍കേണ്ട ആവശ്യത്തിന് മറ്റൊരാളിന്റെ വീടും സ്ഥലവും അക്വയര്‍ ചെയ്യുന്നത് നീതീകരിക്കത്തക്കതല്ലായെന്ന സാമാന്യ തത്വത്തിന്റെ അടിത്തറ ഇളക്കുന്ന നിയമമാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം. നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെങ്കിലും ഈ രംഗത്ത് കാലാനുസൃതമായ മാറ്റം അനിവാര്യമാണ്.
ലാന്റ് അക്വിസിഷന്‍ നിയമം (ജമ്മു& കാശ്മീര്‍) അനുസരിച്ച് വസ്തു ഏറ്റെടുക്കല്‍ നോട്ടീസ് ഗസറ്റില്‍ പരസ്യപ്പെടുത്തുന്നതോടൊപ്പം പ്രാദേശികമായി പ്രചാരമുള്ള രണ്ട് പത്രങ്ങളിലും നല്‍കേണ്ടതുണ്ട്. ഇത്തരം പത്രങ്ങള്‍ പ്രാദേശിക ഭാഷയില്‍ ജനങ്ങള്‍ക്ക് മനസ്സിലാകത്തക്കവിധത്തിലായിരിക്കണം. സുപ്രീം കോടതി പരിശോധിച്ചകേസില് പരസ്യം ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധപ്പെടുത്തിയത് നിയമപരമായി നിലനില്‍ക്കത്തക്കതല്ലെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ സ്വത്തവകാശം അംഗീകരിച്ച നമ്മുടെ നാട്ടില്‍ ലാന്റ് അക്വിസിഷന്‍ നിയമം ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന സത്യത്തിലേക്കാണ് ഇപ്പോഴത്തെ സുപ്രീം കോടതിവിധി വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യയില്‍ അനാവശ്യമായ അക്വിസിഷന്‍ നടപടികള്‍വഴി ജനങ്ങളെ കഷ്ടപ്പെടുത്തുന്ന ശൈലി ശക്തിപ്പെട്ടുവരികയാണ്. കണ്ണായസ്ഥലത്തുള്ള സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി അക്വിസിഷന്‍ ഭീഷണി മുഴക്കി ധനം തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങള്‍ ഇതു സംബന്ധിച്ച പഠനങ്ങളിലൂടെ വെളിവായിട്ടുണ്ട്. ലാന്റ് അക്വിസിഷന്‍ ഭരണകൂടത്തിനും ഉദ്യോഗസ്ഥന്മാര്ക്കും കറവപ്പശുവാകുന്ന സ്ഥിതി അപകടകരം തന്നെയാണ്. 1894 ലെ ലാന്റ് അക്വിസിഷന്‍ ആക്ട് സമഗ്രമായി പുനരാവിഷ്കരിച്ച് കാലാനുസൃതമാക്കണമെന്ന ബിജെപിയുടെ നിലപാടിനുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധികളില്‍ക്കൂടി പ്രകടമായിട്ടുള്ളത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: