തന്റെ വകുപ്പിനു കീഴില്‍ അതും പ്രതിരോധ വകുപ്പില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് കരസേനാമേധാവി തന്നെ തുറന്നുപറഞ്ഞിട്ടും അന്വേഷണം നടത്താതിരുന്നത് പരാതിക്കാരില്ലാത്തതുകൊണ്ടാണെന്ന എ.കെ.ആന്റണിയുടെ വിചിത്രമായ വാദഗതി ഒരുശുദ്ധഗതിക്കാരന്റെ നിഷ്ക്കളങ്കമായ നിലപാടാണെന്ന് കരുതാന്‍ ആര്‍ക്കാണ് കഴിയുക? രാജ്യസഭയില്‍ ചില പ്രതിപക്ഷ സിംഹങ്ങള്‍ ആന്റണിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത് കാണുമ്പോള്‍ പരിഹാസമാണ് ജനങ്ങളില്‍ ഉളവാകുന്നത്. എ.കെ.ആന്റണിയ്ക്ക് മനോരമ കല്‍പ്പിച്ചുനല്‍കിയ ആദര്‍ശ പരിവേഷത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് തിരിച്ചറിയാന്‍ അത്ര വലിയ ഗവേഷണ ബുദ്ധിയൊന്നും വേണ്ടിവരില്ല. 600 ഓളം നിലവാരം കുറഞ്ഞ സൈനിക വാഹനങ്ങള്‍ വാങ്ങുന്നതിന് 14 കോടി രൂപ തനിക്ക് ലഫ്.ജനറല്‍ കോഴ വാഗ്ദാനംനല്കിയ വിവരം ഒരുവര്‍ഷം മുമ്പു തന്നെ താന്‍ നേരിട്ട് എ.കെ.ആന്റണിയെ അറിയിച്ചിരുന്നുവെന്നാണ് കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് മാര്‍ച്ച് 26-ാം തീയതി വെളിപ്പെടുത്തിയത്. ഈ ഞെട്ടിപ്പിക്കുന്ന വസ്തുത കേട്ട മാത്രയില്‍ താന്‍ തലയ്ക്ക് കൈവെച്ചിരുന്നുപോയി എന്നാണ് ആദര്ശധീരന് ഇപ്പോള്‍ തുറന്നുപറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ഭാരതത്തിന്റെ പ്രതിരോധമന്ത്രിയെ തലയില്‍ കൈവെച്ചിരിക്കാനാണോ ആ സ്ഥാനത്തിരുത്തിയതെന്ന സംശയമാണ് ജനങ്ങളില്‍ ഉയരുന്നത്. ആന്റണി പ്രതിരോധ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ വിദ്യാര്‍ത്ഥി സമരകാലത്ത് തന്റെ സന്തതസഹചാരിയായിരുന്ന എം.എ.ജോണ്‍ പറഞ്ഞത് ചൈനയ്ക്കും പാക്കിസ്ഥാനും സല്‍ബുദ്ധി തോന്നാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നാണ്. ആന്റണിയുടെ രാപ്പനിയുടെ ചൂട് മറ്റാരെക്കാളും അറിയാവുന്ന ആളായതുകൊണ്ടാണല്ലോ എം.എ.ജോണ്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടുപോയത്.
ഇപ്പോള്‍ കരസേനാമേധാവി പ്രധാനമന്ത്രിയ്ക്കയച്ച അതീവ രഹസ്യസ്വഭാവമുള്ള കത്തും ചോര്‍ന്നിരിക്കുകയാണ്. കരസേനയ്ക്ക് സാങ്കേതിക മികവില്ലെന്നും വ്യോമപ്രതിരോധത്തിനുപയോഗിക്കുന്ന 97 ശതമാനം ആയുധങ്ങളും കാലഹരണപ്പെട്ടതും ശത്രുക്കളുടെ ടാങ്കുകളെ തകര്‍ക്കാന്‍ ശേഷിയുള്ളവയല്ല ഇന്ത്യന്‍ ടാങ്കുകളെന്നും ചൂണ്ടിക്കാട്ടിയുള്ള കത്താണ് മാധ്യമങ്ങള്‍ക്ക് ചോര്ന്നുകിട്ടിയിരിക്കുന്നത്. രാജ്യരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതും ശത്രുരാജ്യങ്ങള്‍ക്ക് സഹായകരവുമായ നടപടിയായി കരുതാവുന്ന ഈ രഹസ്യചോര്‍ച്ചയുടെ ഉത്തരവാദിത്തം കരസേനാ മേധാവിയ്ക്കല്ലെന്നും മൂന്ന് സൈനിക മേധാവികളേയും വിശ്വാസമാണെന്നും ആന്റണി സമ്മതിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഗുരുതരമായ ഈ രാജ്യദ്രോഹകുറ്റത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ ഓഫീസിനോ തന്റെ സര്ക്കാരിലെത്തന്നെ മറ്റാര്‍ക്കെങ്കിലുമാണോ എന്ന ചോദ്യത്തിന് ഇന്നല്ലെങ്കില്‍ നാളെ ആന്റണി രാജ്യത്തോട് സമാധാനം പറയേണ്ടിവരും.
എ.കെ.ആന്റണി പ്രതിരോധമന്ത്രി ആയതിനുശേഷം ഇന്ത്യ വാങ്ങിക്കൂട്ടിയ സൈനിക വാഹനങ്ങളും വെടിക്കോപ്പുകളുമെല്ലാം നിലവാരമില്ലാത്തതാണെന്നും കോടിക്കണക്കിന് രൂപയുടെ അഴിമതി ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ രണ്ട് മൗണ്ടന്‍ ബറ്റാലിയനുകള്‍, ഒരു വ്യോമപ്രതിരോധ ഡിവിഷന്, മൂന്ന് ആര്‍ട്ടിലറി ഡിവിഷന് എന്നിവ വര്‍ധിപ്പിച്ചെങ്കിലും അവയത്രയും ഉപയോഗശൂന്യമായെന്നാണ് കരസേനാ മേധാവിയുടെ കത്തിലൂടെ വ്യക്തമാവുന്നത്. 400 ലധികം ഹോവിസ്റ്റര്‍ തോക്കുകള്‍ നിലവാരമില്ലാത്തതാണെന്നും ജനറല്‍ വി.കെ.സിംഗ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. നമ്മുടെ പരമ്പരാഗത ശത്രുക്കളായ ചൈനയും പാക്കിസ്ഥാനും അത്യന്താധുനിക സൈനികശേഷി സ്വായത്തമാക്കി അതിര്‍ത്തിയില്‍ പടയ്ക്കു കോപ്പുകൂട്ടുമ്പോഴാണ് എ.കെ.ആന്റണി എന്ന ഉറക്കം തൂങ്ങി പ്രതിരോധമന്ത്രി ഇതെല്ലാമറിഞ്ഞിട്ടും നിര്‍ഗുണ പരബ്രഹ്മം കണക്കെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം നവീകരിക്കാത്ത തോക്കുകളും വെടിക്കോപ്പുകളുമാണ് ഉപയോഗിക്കുന്നതെന്ന സത്യം നമ്മുടെ രാജ്യത്തെ എത്രമാത്രം ദുര്‍ബലമാക്കുമെന്ന ആശങ്കയാണ് പടര്‍ത്തിയിരിക്കുന്നത്. ചേതക് ചീറ്റാ ഹെലികോപ്റ്ററുകള്‍, 3,90,000 ബാലിസ്റ്റിക് ഹെല്‍മറ്റുകള്‍, 30,000 രാത്രികാലങ്ങളിലുപയോഗിക്കുന്ന സൈനിക സാമഗ്രികള്‍, 1,80,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ എന്നിവ വാങ്ങിക്കൂട്ടിയതില്‍ കോടിക്കണക്കിന് രൂപയുടെ കമ്മീഷനാണ് ഇടനിലക്കാര്‍ കൈപ്പറ്റിയതെന്നുള്ള വാര്‍ത്ത ആദര്‍ശധീരന്റെ തൊപ്പിയിലെ പൊന്തൂവലല്ലാതെ മേറ്റ്ന്താണ്?
പുതിയ സംഭവവികാസങ്ങള്‍ പാക്കിസ്ഥാനിലും ചൈനയിലും ഇതിനോടകം അനുരണനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഇസ്ലാമാബാദില് മാധ്യമങ്ങള്‍ ഇന്ത്യയുടെ സൈനിക മികവിന്റെ പൊള്ളത്തരം എന്ന തലക്കെട്ടിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. എക്സ്പ്രസ് ട്രിബ്യൂണും ദിന്യൂസും ഏഷ്യന്‍ ജയന്റിന്റെ പൊള്ളത്തരം ആഘോഷിക്കുകയാണ്, ചൈനയിലും സ്ഥിതി വ്യത്യസ്തമല്ല.
ആദര്‍ശ് ഫ്ലാറ്റ് കുംഭകോണത്തിലും എ.കെ.ആന്റണിയുടെ നിസ്സംഗതയും കഴിവുകേടും രാജ്യം ദര്‍ശിച്ചതാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ബന്ധുക്കള്‍ക്കും അനുവദിക്കാന്‍ വേണ്ടി മുംബൈയിലെ കൊളാബയില്‍ നാവിക ആസ്ഥാനത്ത് 6450 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത് പണിതീര്‍ത്ത 104 ഓളം ഫ്ലാറ്റുകള്‍ ഒന്നുപോലും യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചില്ല. ഫ്ലാറ്റുകള്‍ മുഴുവന്‍ ആന്റണിയുടെ അനുയായികളായ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും മുഖ്യമന്ത്രിയുടെ ബന്ധുക്കളും മറ്റു സൈനിക ഉദ്യോഗസ്ഥരും കയ്യടക്കി വര്‍ഷം രണ്ടുകഴിഞ്ഞാണ് പ്രതിരോധമന്ത്രി മൗനം ഭഞ്ജിച്ചത്. പ്രധാന കുറ്റവാളികളില്‍ ചിലര്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് നിയമത്തിനുമുന്നില്‍ കീഴടങ്ങിയത്. ഒട്ടേറെ കുറ്റവാളികളെ ഇപ്പോഴും നിയമത്തിനു മുന്നില്‍ കീഴടങ്ങിയത്. ഒട്ടേറെ കുറ്റവാളികളെ ഇപ്പോഴും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനായിട്ടില്ല. മുന്‍ കരേസനാ മേധാവി ജനറല്‍ ദീപക് കപൂര്‍, ജനറല്‍ എന്‍.സി.വിജി, മുന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ മാധവ് സിംഗ് തുടങ്ങിയ ഉന്നതര്‍ ഉള്‍പ്പെട്ട കേസ് രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിനും ധീരജവാന്മാരുടെ ബലിദാനത്തിനും തീരാകളങ്കമാണ് വരുത്തിയത്.
സുഖ്ന ഭൂമി കുംഭകോണം: പ്രതിരോധ വകുപ്പിനെ നാണക്കേടിലാക്കിയ മറ്റൊരു തീവെട്ടിക്കൊള്ളയുടെ കഥയാണ് പുറത്തുകൊണ്ടുവരുന്നത്. രണ്ട് മുതിര്‍ന്ന ലഫ്.ജനറല്‍മാരും നിരവധി മേജര്‍ ജനറല്‍മാരും ഉള്‍പ്പെട്ട 70 കോടി രൂപയുടെ ഭൂമി കുംഭകോണമാണ് സുകാന ഭൂമി കുംഭകോണം. പശ്ചിമബംഗാളിലെ സിലിഗുരിയില്‍ സുകാന സൈനിക ക്യാമ്പില്‍ സൈനികരുടെ മക്കള്‍ക്ക് പഠിക്കാനുള്ള സ്കൂള്‍ തുടങ്ങുന്നതിനായി സ്വകാര്യ ട്രസ്റ്റിന് ഭൂമി വാങ്ങാനുള്ള എന്‍ഒസി നല്കുകവഴി ഏതാണ്ട് 60 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. മുന്‍ സൈനിക മേധാവി ജനറല്‍ ദീപക് കപൂറും ലഫ്.ജനറല്‍ അവദേശ് പ്രകാശുമടക്കം 33 ഉന്നതര്‍ ഈ കേസ്സില്‍ കുറ്റക്കാരാണ്.
2007 ലെ റേഷന്‍ കുംഭകോണത്തില്‍ ഏതാനും പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനായത് 2011 ല്‍ മാത്രമാണ് ഏതാണ്ട് 100 കോടി രൂപയുടെ തട്ടിപ്പാണിത്. മലമടക്കുകളില്‍ താമസിക്കുന്ന സൈനികര്‍ക്ക് ലഭ്യമാക്കേണ്ട ഭക്ഷ്യവസ്തുക്കളുടെ പര്‍ച്ചേസുമായി ബന്ധപ്പെട്ട അഴിമതിയാണ് റേഷന്‍ കുംഭകോണം-ജനറല്‍ എസ്.കെ.സാഹിറനിയടക്കും പ്രതിയായ ഈ അഴിമതിക്കേസും എ.കെ.ആന്റണിയുടെ ഭരണമികവിന്റെ മകുടോദാഹരണം തന്നെ. ലഫ്.ജനറല്‍ എസ്.കെ.ദഹിയ പ്രതിയായ ഫ്രോസണ്‍ മീറ്റ് കുംഭകോണവും എ.കെ.ആന്റണിയുടെ ഭരണകാലത്ത് നടന്ന തട്ടിപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്.
ഈ അഴിമതിയും 2007 ലാണ് നടന്നത്. പ്രതിരോധമന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തിയ രണ്ടു കുപ്രസിദ്ധ ആയുധനിര്‍മാണ കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ഡി ഫെക്സ്പോ-2012 വ്യാഴാഴ്ച കാലത്ത് ആദര്‍ശധീരനായ എ.കെ.ആന്റണി ദില്ലിയില്‍ ഉദ്ഘാടനം ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുമായാണ് ഇന്നലെ പത്രങ്ങള്‍ പുറത്തിറങ്ങിയത്. (ഞവലശിാലമേഹഹ ദൗൃശരവ, ക്മലഹ ങശഹശം്യ കിറൗെ്്യ) തുടങ്ങിയ കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. പ്രതിരോധ വകുപ്പ് ചില കമ്പനികളെ കരിമ്പട്ടിയില്‍ പ്പെടുത്തിയത് സോണിയാഗാന്ധിയ്ക്ക് താല്പ്പര്യമില്ലാത്തതുകൊണ്ടാണെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
ജീവിതകാലം മുഴുവന്‍ അഴിമതിക്കെതിരെയാണ് താന്‍ പോരാടിയതെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എ.കെ.ആന്റണി ഗദ്ഗദകണ്ഠനായി പ്രസംഗിക്കുകയുണ്ടായി. ഇത് സ്ഥിരം കപടനാടകത്തിന്റെ തനിയാവര്‍ത്തനം മാത്രമാണ്. നരസിംഹറാവു ഭരണകാലത്ത് മറ്റാരോ നടത്തിയ അഴിമതിയുടെ പേരില്‍ രാജിവെച്ച ആന്റണി കഴിഞ്ഞ ഏഴ് വര്‍ഷമായി ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ നടത്തുന്ന അഴിമതിക്കെതിരെ ഒരക്ഷരം ശബ്ദിക്കാത്തതെന്തുകൊണ്ടാണ്? പ്രതിരോധ വകുപ്പില്‍ നടക്കുന്ന അഴിമതി കരസേനാ മേധാവിയില്‍ നിന്നറിഞ്ഞിട്ടും മിലിട്ടറി ഇന്റലിജന്സിനെക്കൊണ്ടെങ്കിലും ഒരു സ്വകാര്യ അന്വേഷണമെങ്കിലും നടത്തിക്കാന്‍ എന്തുകൊണ്ട് ആന്റണി തയ്യാറായില്ല. 2ജി സ്പെക്ട്രമടക്കം രാജ്യത്ത് നടന്ന ശതകോടികളുടെ കോഴപ്പണത്തിന്റെ സിംഹഭാഗവും തന്റെ രാഷ്ട്രീയ യജമാനത്തിയുടെ ആസ്ഥാനത്തേക്കാണെത്തിയതെന്ന് ആദര്‍ശധീരനായ ആന്റണി അറിയുന്നില്ലേ? താന്‍ സുരക്ഷാകാരണങ്ങളാല്‍ സ്വത്തുവിവരം വെളിപ്പെടുത്താന്‍ തയ്യാറില്ലെന്ന് പറഞ്ഞു സോണിയാഗാന്ധിയുടെ പാദസേവ കാലത്തും വൈകിട്ടും ചെയ്യുന്നതാണോ ആന്റണിയുടെ അഴിമതി വിരുദ്ധ പോരാട്ടമെന്ന് സ്തുതിപാഠകര്‍ തുറന്നു പറയണം.
ആദര്‍ശം പ്രസംഗിക്കാന്‍ മാത്രമുള്ളതാണെന്ന് എക്കാലത്തും ആന്റണിക്കറിയാം- ഒരു മലയാളപത്രവും പള്ളിയും ചേര്‍ന്ന് കൃത്രിമമായി രൂപപ്പെടുത്തിയ പരിവേഷമാണ് എ.കെ.ആന്റണിയുടെ അഴിമതി വിരുദ്ധ മുഖംമൂടി. അധികാരം വിട്ടൊഴിഞ്ഞ് ഒരുമാസം പോലും 28 വയസ്സിനുശേഷം എ.കെ.ആന്റണി ഇരുന്നിട്ടേയില്ല. ഒന്നുകില്‍ അനന്തപുരിയില്‍ അല്ലെങ്കില്‍ ഇന്ദ്രപ്രസ്ഥത്തില്‍. നാല് പതിറ്റാണ്ടുകാലം അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് നടന്നയാള്‍ അക്കാലമത്രയും ഉമ്മന്‍ചാണ്ടിയെ ഉപയോഗിച്ച് എല്ലാ അഴിമതിക്കാരേയും പ്രീതിപ്പെടുത്തി. ചെറിയാന് ഫിലിപ്പിനെ ഉപയോഗിച്ച് പത്രത്തിലൂടെ കഥകള്‍ മെനഞ്ഞു ആദര്ശധീരന്. ആന്റണി ആദര്‍ശധീരനാണെങ്കില്‍ ഒരുനിമിഷംപോലും പ്രതിരോധ മന്ത്രിസ്ഥാനത്തിരിക്കാന്‍ ആ മാന്യദേഹം യോഗ്യനല്ല. 2-ജി സ്പെക്ട്രം ഇടപാടും സിഡബ്ല്യുജെ കുംഭകോണവും കല്‍ക്കരി കുംഭകോണവും എസ് ബാന്‍ഡ് അഴിമതിയുംവഴി രാജ്യത്തിന്റെ പ്രതിഛായ സാര്‍വദേശീയ തലത്തില്‍ ഇടിയാന്‍ കാരണമായി. ഇന്നിപ്പോള്‍ പ്രതിരോധ ഇടപാടിലെ അഴിമതികളും സൈന്യത്തിന്റെ മികവില്ലായ്മയും ദേശീയൈക്യത്തിനും പരമാധികാരത്തിനുംതന്നെ ഭീഷണിയായി മാറിക്കഴിഞ്ഞു. സൈനികരുടെ ആത്മവിശ്വാസത്തിന് ഇടിവ് സംഭവിച്ചിരിക്കുന്നു. ശത്രുരാജ്യങ്ങള്‍ക്ക് നമ്മുടെ ബലക്ഷയം ബോധ്യപ്പെട്ടുകഴിഞ്ഞു. ഇതിനെല്ലാം ആദര്‍ശധീരനായ എ.കെ.ആന്റണിയും ഉത്തരവാദിയാണ്. ആന്റണിയുടെ നാട്യം അദ്ദേഹത്തിന്റെ പ്രതിഛായക്കുവേണ്ടി മാത്രമാണ്. രാഷ്ട്രത്തിന്റെ പ്രതിഛായയാണ് ഒരു മികവുറ്റ ഭരണാധികാരി ആഗ്രഹിക്കേണ്ടത്. താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് പറയുന്നതിലല്ല തന്റെ കീഴില്‍ അഴിമതി നടക്കാതിരിക്കുന്നതിലാണ് യഥാര്‍ത്ഥ ഭരണതന്ത്രജ്ഞന്‍ കഴിവ് തെളിയിക്കേണ്ടത്. ഇന്നിപ്പോള്‍ സോണിയാഗാന്ധിയുടെ മാനസപുത്രന് എന്തും അഡ്ജസ്റ്റ് ചെയ്യാന്‍ മെയ്വഴക്കം സിദ്ധിച്ച ട്രിപ്പീസുകളിക്കാരനെപ്പോലെ അധികാരസ്ഥാനങ്ങളിലേക്ക് മലക്കം മറിയുകയാണ്. ഇനി രാഷ്ട്രപതി സ്ഥാനത്തേക്കുകൂടി പരിഗണിക്കുമ്പോള്‍ പ്രതിപക്ഷസിംഹങ്ങളും പിന്തുണയ്ക്കുമോ എന്ന പരിഭ്രാന്തിയിലാണ് ദേശസ്നേഹികള്‍.
കെ.സുരേന്ദ്രന് (ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: