കൊച്ചി: കൗണ്‍സിലര്‍മാരുടെ ഡിവിഷന് ഫണ്ട് 30 ലക്ഷത്തില്‍നിന്ന് 40 ലക്ഷമായി ഉയര്‍ത്തിയതായി മേയര്‍ ടോണി ചമ്മണി പറഞ്ഞു. നഗരസഭാ ബ റ്റ് ചര്‍ച്ചക്ക് മറുപടിയായിട്ടാണ് മേയര്‍ പ്രഖ്യാപനം നടത്തിയത്.
ബജറ്റ് ചര്‍ച്ചക്കുശേഷം തിരുത്തലുകളോടെ 2012-2013ലെ നഗരസഭാ ബജറ്റ് പാസാക്കി. പുതുക്കിയ ബജറ്റിലും എസ്റ്റിമേറ്റഡ് ബജറ്റിലും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട കണക്കുകള്‍ ഇല്ലാത്ത ബജറ്റ് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പാസാക്കിയാല്‍ ജനകീയവും നിയമപരവുമായും രംഗത്തിറങ്ങുമെന്ന് വ്യാഴാഴ്ച നടന്ന ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേര്‍ന്ന് കണക്കുകള്‍ തിരുത്തിയതായി ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര കൗണ്‍സിലില്‍ പറഞ്ഞു.
ബജറ്റ് എസ്റ്റിമേറ്റ് ക്യാപ്റ്റല്‍ റീസെപ്റ്റിന്റെ ഭാഗമായി പ്രൊജക്ട് ഗ്രാന്‍ഡ് ഇനത്തില്‍ ഉള്ള 50 കോടിയില്‍ 35 കോടിയോളം രൂപയാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലാത്ത വിവിധ പദ്ധതികള്‍ക്കായി വിഭജിച്ചിരിക്കുന്നത്. ഡ്രെയിനേജിന് 3.8 കോടി, വാട്ടര്‍ സപ്ലൈ – 8.38 കോടി, ബിഎസ്യുപി പദ്ധതി – 16.29 കോടി, ആര് ഒ ബി 6.52 കോടി എന്നിങ്ങനെയാണ് തുക ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര പറഞ്ഞു.
പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. എന്‍.എ. ഷഫീക്കാണ് വ്യാഴാഴ്ച നടന്ന ബജറ്റ് ചര്‍ച്ചയില്‍ കണക്കുകളിലെ പിശകുകള്‍ ചൂണ്ടിക്കാണിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നലെ ബജറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും കണക്കുകളില്‍ ഇപ്പോഴും കൃത്യതയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.
2011-2012 വര്‍ഷത്തില്‍ 55 കോടിയാണ് വസ്തു നികുതി പ്രതീക്ഷിച്ചതെങ്കിലും മാര്‍ച്ച് അവസാനം വരെ 62 കോടിയോളം രൂപ ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. അതിനാല്‍ വസ്തു നികുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ തുക വര്‍ധിക്കുകയും ചെയ്യും. അനധികൃതമായി നിര്‍മ്മാണം നടത്തുന്ന കെട്ടിടങ്ങളുടെ നികുതി പുനര്‍നിര്‍ണ്ണയത്തിലൂടെ 35 കോടിയാണ് അധികവരുമാനം പ്രതീക്ഷിക്കുന്നത്. നിലവില്‍ 200 ഓളം കെട്ടിടങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്നുതന്നെ 50 കോടിരൂപ കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫഷണല്‍ ടാക്സ് ഇനത്തില്‍ 18 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 2011-2012ല്‍ ഇത് 12 കോടിയായിരുന്നു. നഗരത്തിലെ പരസ്യ ബോര്‍ഡുകളില്‍ നിന്ന് 2011-2012ല്‍ 6 കോടി രൂപ വരുമാനം ലഭിച്ചു. ഇക്കുറി അത് 7.5 കോടിയാകുമെന്നാണ് പ്രതീക്ഷ.
പച്ചാളം ആര് ഒ ബിയ്ക്ക് 14 കോടിയാണ് കേന്ദ്രസഹായം ലഭിക്കുക. 150 കോടിയോളം രൂപ സ്ഥലം ഏറ്റെടുക്കാന്‍ തന്നെ വേണ്ടിവരും. 22 മീറ്റര്‍ വീതിയില്‍ വിഭാവനം ചെയ്ത ആര് ഒ ബി 12 മീറ്റര്‍ ആക്കി ചുരുക്കുമെന്ന് ബജറ്റിലുണ്ട്. പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്നാണിത്. എന്നാല്‍ ആര്ഒബിയ്ക്ക് 12 മീറ്റര്‍ പോരെന്ന കൗണ്‍സിലര്‍മാരുടെ ആവശ്യമനുസരിച്ച് ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ പറഞ്ഞു.
നഗരത്തിലെ മാലിന്യങ്ങള്‍ അവയുടെ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കടകളിലും മറ്റും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നഗരാതിര്‍ത്തിയിലുള്ള എല്ലാ ആശുപത്രികളിലും ഇത്തരം പ്ലാന്റുകള്‍ നടപ്പിലാക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
മുണ്ടംവേലി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിയമപ്രശ്നങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തും. സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എളങ്കുളത്തോ അല്ലെങ്കില്‍ പുതിയ സ്ഥലം കണ്ടെത്തിയോ പിപിപി അടിസ്ഥാനത്തില്‍ നടപ്പിലാക്കും.
കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പാഴൂര്‍ കുടിവെള്ള പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും. പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബ ്, ബിജെപി നേതാവും മുതിര്‍ന്ന കൗണ്‍സിലറുമായ ശ്യാമള എസ്. പ്രഭു, കൗണ്‍സിലര്‍മാരായ സി.എ. ഷക്കീര്‍, ജോജി കുരീക്കോട്, എന്‍ ഷഫീക്ക്, എം പി മഹേഷ് കുമാര്‍, വി. എ. ശ്രീജിത്ത്, പി. ആര്. റെനീഷ്, പി എസ് പ്രകാശന്, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ടി ജെ വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: