മട്ടാഞ്ചേരി: കൊച്ചി തിരുമല ക്ഷേത്രത്തിലെ മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഏപ്രില്‍ 7നാണ് ആറാട്ട്. ഏട്ട് ദിവസത്തെ ആഘോഷ ചടങ്ങുകള്‍ക്കൊപ്പം, ധര്‍മ പീഠ ഉത്തരാധികാരി സംയമീന്ദ്രതീര്ത്ഥസ്വാമികളുടെ സാന്നിദ്ധ്യവും, വാദ്യമേള ശീവേലിയും മഹോത്സവം ആനന്ദപ്രദമാക്കും.
ഇന്ന് രാവിലെ ശീവേലിയ്ക്കും നിത്യപൂജയ്ക്കും ശേഷം ഭഗവാനെ പല്ലക്കിലെഴുന്നള്ളിച്ചാണ് കൊടിയേറ്റചടങ്ങ് തുടങ്ങുക. ഉച്ചയ്ക്ക് 12ന് കൊടിമര പ്രതിഷ്ഠയും 1.30ന് തന്ത്രി പ്രേംകുമാര്‍ വാദ്ധ്യാര് കൊടിയേറ്റവും നടത്തും. തുടര്‍ന്ന് ഉത്സവ പ്രഖ്യാപനം, പല്ലക്ക് പൂജ, സാമാരാധന, വൈകിട്ട് പ്രത്യേക വാദ്യമേളങ്ങളോടെ ശീവേലി, രാത്രി വിഷ്ണുയാഗ പ്രാരംഭം, വാഹനപൂജ എന്നിവ നടക്കും. ഉത്സവദിനങ്ങളില്‍ ഉച്ചയ്ക്കും, രാത്രിയും പല്ലക്ക് പൂജ വിഷ്ണുയാഗം, രാത്രി വാഹനപൂജ എന്നിവ നടക്കും. നാല്, അഞ്ച് ദിനങ്ങളില്‍ ദേവനെ പല്ലക്കിലെഴുന്നള്ളിച്ച് വനയാത്ര, ആറാംദിവസം ജലക്രീഡ ഉത്സവം, ഏഴാംദിവസം പള്ളിവേട്ട എന്നിവയാണ് ചടങ്ങുകള്‍. ഏപ്രില്‍ 7ന് ആറാട്ടു ദിനം രാവിലെ മൂലവിഗ്രഹം എഴുന്നള്ളിച്ച് അഭിഷേകം, വഞ്ചയെടുപ്പുത്സവം, അവഭൃഥസ്നാനം, ചക്രസ്നാനം ബ്രാഹ്മണ സമാരാധന, രാത്രി സ്വര്‍ണഗരുഡ വാഹനപൂജ, പാട്ടുകാണിക്യ, വിഷ്ണുയാഗ സമാപ്തി എന്നിവയ്ക്ക് ശേഷം കൊടിയിറക്കത്തോടെ മഹോത്സവം സമാപിക്കും.
ഉത്സവദിനത്തിലെ മുന്നാം ദിനം തിങ്കളാഴ്ച രാത്രി സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ക്ഷേത്രത്തിലെത്തിച്ചേരും. ഉത്സവച്ചടങ്ങുകള്‍ക്ക് സാന്നിദ്ധ്യമേകി സ്വാമികള്‍ ഭക്തരെ അനുഗ്രഹിക്കും. ക്ഷേത്ര ആചാര്യര്‍ രാമാനന്ദഭട്ട് , മേല്‍ശാന്തിമാരായ എല്‍.കൃഷ്ണഭട്ട്, വി.രാമാനന്ദഭട്ട്, ക്ഷേത്രഭരണ സമിതി പ്രസിഡന്റ് കപില്‍ ആര്.പ്പൈ, ഭരണാധികാരിമാരായ വെങ്കടേശ്വരപ്പൈ, ഹരിപ്പൈ, അംഗങ്ങളായ ജയകുമാര്‍ നായ്ക്ക്, ദേവാനന്ദകമ്മത്ത്, ബാലഗോപാല്‍ പ്പൈ, എന്‍.ബാബറാവു തുടങ്ങിയവര്‍ ആഘോഷചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ക്ഷേത്ര ആഘോഷ ചടങ്ങുകള്‍ക്ക് പരമ്പരാഗത അവകാശങ്ങളുള്ള 22 വൈദിക കുടുംബാംഗങ്ങളാണ് പൂജാദി കള്‍ക്ക് പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: