കൊച്ചി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ ജബ്ബാറി (24)നെ രാത്രി വെട്ടി കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവുള്‍പ്പെടെ ഏഴുപേര്‍ക്ക് ജീവപര്യന്തം കഠിനതടവും 25000 രൂപ പിഴയും. കൊച്ചിയിലെ സിബിഐ കോടതി ജഡ്ജി എസ്. വിജയകുമാറാണ് ശിക്ഷ വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. 14 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്നും കോടതി വിധിച്ചു. രാഷ്ട്രീയക്കാര്‍ വാടകക്കൊലയാളികളെ ഉപയോഗിച്ച് കുറ്റം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കാതെയിരിക്കട്ടെയെന്നും കോടതി നിരീക്ഷിച്ചു.
കുമ്പള സിപിഎം ഏരിയാ സെക്രട്ടറി സുധാകരന് മാസ്റ്റര്‍, മൊയ്തീന് കുഞ്ഞി എന്ന മൊയ്നി, പെര്‍ള അബ്ദുള്ളക്കുഞ്ഞി, രവി എന്ന രവി പഞ്ചസാല, ബാലൂര്‍ അബ്ദുള്‍ ബഷീര്‍, പൈവാലിക ബഷീര്‍, യശ്വന്ത് കുമാര്‍ എന്ന യശ്വു എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
രാഷ്ട്രീയ ഗുണ്ടാ മാഫിയ ബന്ധം തെളിയിക്കപ്പെട്ടതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്ന് കോടതിയില്‍ പ്രോസിക്യൂഷന് വാദിച്ചിരുന്നു. കേസില്‍ നേരത്തെ അഞ്ചുപേരെ കോടതി വെറുതെവിട്ടു. രണ്ടുപേരെ മാപ്പുസാക്ഷികളാക്കി.
സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവേ 2009 നവംബര്‍ മൂന്നിന് രാത്രി പത്തേമുക്കാലോടെയാണ് സംഭവം. എല്ക്കാന റോഡില്‍ ഉക്കിനടുക്കയില്‍ കാറിലെത്തിയ സംഘം ജബ്ബാറിനെ വെട്ടിയും കുത്തിയും കൊല്ലുകയാണുണ്ടായത്. ജബ്ബാറാണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ ജബ്ബാറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അക്രമികളെ കണ്ടയുടന്‍ ഓടി രക്ഷപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പെര്‍ള ടൗണ്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എണ്‍മകജെ പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്രസിഡന്റുമായിരുന്നു ജബ്ബാര്‍ എന്ന കെ.പി. അബ്ദുള്‍ ബഷീര്‍. അവിവാഹിതനായിരുന്നു.
വാടകഗുണ്ടകളെ ഏര്‍പ്പെടുത്തി ജബ്ബാറിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സംശയാതീതമായി തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞതായി വിധിയില്‍ പറയുന്നു. സുധാകരന് മാസ്റ്റര്‍ക്കുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. സുധാകരന് മാസ്റ്ററും മറ്റൊരു പ്രതിയായ അബ്ദുള്ള കുഞ്ഞിയും ഗൂഢാലോചന നടത്തി കൊല ആസൂത്രണം ചെയ്യുകയായിരുന്നു. ഇവരുടെ പങ്കിനെക്കുറിച്ച് സ്വതന്ത്രവും വിശ്വാസ്യയോഗ്യവുമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞതായി കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരായ കുറ്റകൃത്യം പൂര്‍ണമായും സ്ഥാപിക്കപ്പെട്ടുവെന്നും ജഡ്ജി എസ്.വിജയകുമാര്‍ വിധിയില്‍ പറഞ്ഞു.
കേസ് സമര്‍ത്ഥമായി നടത്തിയതിന് സിബിഐ പ്രോസിക്യൂട്ടര്‍ അനികുമാറിനെ കോടതി അഭിനന്ദിച്ചു. സിബിഐ ഡിവൈഎസ്പി ഡാര്‍വിനാണ് കേസന്വേഷിച്ചത്.
നേരത്തെ കേസന്വേഷിച്ച പോലീസ് സിപിഎം നേതാവ് സുധാകരന് മാസ്റ്ററെ കേസില്‍നിന്നും ഒഴിവാക്കുകയായിരുന്നു. ജബ്ബാറിന്റെ പിതാവ് ഹസൈനാറിെന്റ ഹര്‍ജിയെത്തുടര്‍ന്നാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: