തിരുവനന്തപുരം: കവിയൂര്‍ കേസില്‍ തുടരന്വേഷണത്തിന് സിബിഐ കോടതി ഉത്തരവിട്ടു. അനഘയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചിരുന്നുവെന്ന സിബിഐ റിപ്പോര്‍ട്ടിനെതിരെ അനഘയുടെ ചെറിയച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ്. അനഘയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചെന്ന റിപ്പോര്‍ട്ട് കോടതി തള്ളി.
അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയതിനെക്കുറിച്ചും ഇത് എങ്ങനെ വന്നു എന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. സംഭവത്തില്‍ രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജൂണ്‍ 30നകം അന്വേഷണം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പാണ് കുട്ടി പീഡനത്തിന് ഇരയായതെന്നായിരുന്നു സിബിഐ വാദം. ഈ ദിവസങ്ങളില്‍ കുട്ടി വീടുവിട്ട് പുറത്തുപോയിട്ടില്ലെന്നും വീട്ടില്‍ വച്ച് പിതാവ് തന്നെയാണ് പീഡിപ്പിച്ചതെന്നുമാണ് പ്രത്യേക സിബിഐ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം 15 മുതല്‍ 18 ദിവസം വരെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും നിരവധി പേര് വര്‍ഷങ്ങളായി ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ഡിഎന്‍എ ടെസ്റ്റോ, കെമിക്കല്‍ അനാലിസിസ് ടെസ്റ്റോ, അടിവസ്ത്രത്തിന്റെ ശാസ്ത്രീയ പരിശോധനയോ പരിഗണിക്കാതെയാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
മുന്‍മന്ത്രി എം.എ. ബേബി, മകനും കോട്ടയം പോലീസ് സൂപ്രണ്ടുമായിരുന്ന ഗോപിനാഥന്, ബിനീഷ് കോടിയേരി, സിനിമ പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട് തുടങ്ങിയവര്‍ കേസില്‍ പ്രതികളാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് പത്രപ്രവര്ത്തകന് ടി.പി. നന്ദകുമാര്‍ അയച്ച കത്തിനെതിരെ എം.എ. ബേബിയും കോടിയേരി ബാലകൃഷ്ണനും 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സത്യമാണെന്നും കേസ് ഫയല്‍ ചെയ്യുകയാണെങ്കില്‍ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാമെന്നും മറുപടി നല്‍കിയെങ്കിലും ഇവരാരും ഇതുവരെ കേസ് ഫയല്‍ ചെയ്തിട്ടില്ല. ഇത് ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്നതായും ഇതൊന്നും സിബിഐ അന്വേഷിച്ചിട്ടില്ലെന്നുമുള്ള വാദം സിബിഐ കോടതി അംഗീകരിക്കുകയും കേസില്‍ രാഷ്ട്രീയക്കാരുടെ പങ്കാളിത്തത്തെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. അനഘയും കുടുംബവും മരിച്ചയുടനെ മുന്‍ മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ നടത്തിയ പ്രസ്താവന കുറ്റക്കാരെ രക്ഷിക്കാനുള്ളതായിരുന്നുവെന്ന വാദവും കോടതി അംഗീകരിച്ചു. 2004 സപ്തംബര്‍ 28നാണ് തിരുവല്ല കവിയൂര്‍ ക്ഷേത്രം കിഴക്കേ നടയക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ചുമത്ര ക്ഷേത്രത്തിലെ പൂജാരി കെ.ഐ. നാരായണന് നമ്പൂതിരി (42), ഭാര്യ ശോഭന (32), മക്കളായ അനഘ (15), അഖില (7), അക്ഷയ് (5) എന്നിവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അച്ഛന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് സുഹൃത്തും സഹപാഠിയുമായ രമ്യ രാജനോട് അനഘ പറഞ്ഞിരുന്നുവെന്നും കേസിലെ പ്രതിയും പെണ്‍വാണിഭക്കേസിലെ പ്രധാന കണ്ണിയുമായ ലതാ നായര്‍ അനഘയുടെ വീട്ടില്‍ ഇടയ്ക്കിടെ വന്ന് താമസിച്ചിരുന്നതായും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന് നമ്പൂതിരിക്കുവേണ്ടി അഡ്വ. കെ.പി. രാമചന്ദ്രനും സിബിഐക്കുവേണ്ടി അഡ്വ. കെ.പി. സതീഷും കോടതിയില്‍ ഹാജരായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: