ഇന്ത്യയില്‍ നഴ്സുമാരുടെ സമരം അഭംഗുരംതുടരുകയാണ്. കേരളത്തില്‍ പല പ്രമുഖ ആശുപത്രികളുടെ മുന്നിലും ‘മാലാഖമാര്‍’ സമരത്തിലാണ്. പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ നടത്തിയ ചര്‍ച്ചകളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ചരിത്രമായി. യാതൊരു വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല കൂടുതല്‍ ആശുപത്രികള്‍ നഴ്സ്സമരം നേരിട്ടുതുടങ്ങി. ഇപ്പോള്‍ കത്തോലിക്കാ സഭ നഴ്സുമാര്‍ക്ക് ന്യായമായ വേതനം നല്‍കണമെന്ന സന്ദേശവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നു. ശമ്പളം കൊണ്ട് യാത്രയും ഭക്ഷണവും മാത്രം നടത്താനേ ഉതകുന്നുള്ളൂ എന്നും ലക്ഷങ്ങള്‍ വായ്പ എടുത്ത് പഠിച്ച് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വായ്പാ പലിശ പോലും തിരിച്ചടക്കാന്‍ ശമ്പളം തികയുന്നില്ല എന്നുമുള്ള യാഥാര്‍ത്ഥ്യം അനേകം സമരങ്ങള്‍ക്കും പല ആത്മഹത്യകള്‍ക്കും ശേഷമാണ് സഭകള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. നഴ്സിംഗ് മേഖല സമരവിമുക്തമാക്കിയില്ലെങ്കില് വിദേശതൊഴില്‍ സാധ്യത മങ്ങുമെന്നും സഭ ചൂണ്ടിക്കാട്ടുന്നു.
ഡോക്ടര്‍മാര്‍ ഭീമമായ വേതനം വാങ്ങുമ്പോള്‍ നഴ്സുമാര്‍ക്ക് നല്കുന്ന അധിക വേതനം രോഗികള്‍ താങ്ങേണ്ടിവരുമെന്നും സഭ നിര്‍ദ്ദേശിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും കേരളത്തിലെ ഭൂരിഭാഗം ആശുപത്രികളും നടത്തുന്നത് സഭകളോ മുസ്ലീം സംഘടനകളോ ആണെന്ന യാഥാര്‍ത്ഥ്യം തമസ്ക്കരിക്കപ്പെടുന്നു. നഴ്സുമാരുടെ സമരത്തില്‍ വാഗ്ദാനങ്ങള്‍ക്കും ഒത്തുതീര്പ്പുകള്ക്കുപരി ക്രിയാത്മകമായ പരിഹാരം വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. കേരളത്തില്‍ രോഗാതുരത വര്‍ധിക്കുകയാണ്. ഡോക്ടര്‍മാരെ പോലെ നാലുകൊല്ലം പഠിച്ച് ആശുപത്രികളില്‍ ജോലി തേടുന്ന നഴ്സുമാര്‍ക്ക് ഒരു പാചകക്കാരിയുടെയോ ഹോംനഴ്സിന്റെയോ ശമ്പളം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ഇവര്‍ക്ക് കൃത്യ ജോലിസമയംപോലുമില്ല.
തെരഞ്ഞെടുപ്പില്‍നിന്നും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സര്‍ക്കാര്‍ ഈ മാലാഖമാര്‍ക്കുവേണ്ടി അല്പസമയം നീക്കിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: