കണ്ണൂര്‍: പട്ടുവം അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസിലും തലശ്ശേരിയില്‍ ഫസല്‍ വധക്കേസിലും സിപിഎം നേതാക്കള്‍ അടക്കമുള്ളവര്‍ ഒന്നൊന്നായി അറസ്റ്റിലായിത്തുടങ്ങിയതോടെ പരിഭ്രാന്തരായ സിപിഎം നേതൃത്വം തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന ജനരോഷത്തില്‍നിന്നും മുസ്ലീം മതവിഭാഗത്തില്‍ നിന്നുള്ള ഒറ്റപ്പെടലില്‍ നിന്നും രക്ഷനേടാന്‍ പുത്തന്‍ തന്ത്രങ്ങളുമായി രംഗത്ത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും നേതൃത്വത്തിന്റെ അപഥസഞ്ചാരവും മൂലം സിപിഎം ജനമധ്യത്തില്‍ വന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ സിപിഎമ്മിനെതിരായ പുതിയ സംഭവങ്ങള്‍ അരങ്ങേറിത്തുടങ്ങിയതും പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നതും.
2006 ല്‍ തലശ്ശേരിയിലെ എന്‍ഡിഎഫുകാരനായ ഫസല്‍ വധക്കേസില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി, മുന്‍ ഏരിയാ സെക്രട്ടറി കാരായി രാജന്, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന് എന്നിവരെ ചോദ്യം ചെയ്യാന്‍ സിബിഐ നോട്ടീസ് അയക്കുകയും കോടിയേരി ബാലകൃഷ്ണന്റെ നാട്ടുകാരടക്കമുള്ള ഏതാനും സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തതോടെ സിപിഎമ്മിന്റെ കുത്സിതതന്ത്രം പുറത്തായിരിക്കുകയാണ്. ഫസല്‍ വധം നടന്നയുടന്‍ സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിച്ച സിപിഎമ്മിന് ഇപ്പോള്‍ ജനകീയ കോടതിയില്‍ പിടിച്ചുനില്ക്കാന് മറുപടിയൊന്നുമില്ലാത്ത സ്ഥിതിയാണുള്ളത്. ഫസല്‍ വധം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് തലശ്ശേരിയില്‍ വീണ്ടുമൊരു വര്‍ഗ്ഗീയകലാപമുണ്ടാക്കാനുള്ള സിപിഎം തന്ത്രം പാളിയത് നേതൃത്വത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഇതിന് തൊട്ടുപിറകെയാണിപ്പോള് പട്ടുവം അരിയിലിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊലപാതകവും പാര്‍ട്ടിയെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നത്.
സിപിഎം പാര്‍ട്ടി കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ഷുക്കൂര്‍ വധിക്കപ്പെട്ടതെന്നും കൊലക്ക് മുമ്പ് ഷുക്കൂറിന്റെ ഫോട്ടോ എടുത്ത് എസ്എംഎസ് അയച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചതിനു ശേഷമാണ് കൊല നടന്നതെന്നും പോലീസ് കേന്ദ്രങ്ങള്‍ തന്നെ സ്ഥിരീകരിച്ചതോടെ മറു പ്രചരണങ്ങളുമായി സിപിഎം നേതൃത്വം രംഗത്തു വന്നെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രദമായില്ല. മാത്രമല്ല, സംഭവത്തില്‍ സിപിഎമ്മുകാര്‍ ഒന്നൊന്നായി അറസ്റ്റിലാവുകയുമാണ്. അതോടൊപ്പം ഷുക്കൂര്‍ കുടുംബസഹായ ഫണ്ട് ശേഖരണത്തിനെതിരെ പള്ളിയില്‍ നിന്നും പണം പിരിക്കുന്നുവെന്ന തരത്തില്‍ സിപിഎം നടത്തിയ പ്രചരണവും ഒരു കോടിയോളം രൂപ സമാഹരിക്കപ്പെട്ടതോടെ ചീറ്റിപ്പോവുകയായിരുന്നു. മാത്രമല്ല, ഇത്തരം പ്രചാരണങ്ങള്‍ സിപിഎമ്മിനെ മുസ്ലീം സമുദായത്തില്‍ നിന്നും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. അതിനെ മറികടക്കാനാണ് സിപിഎം വീണ്ടും പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് ഉച്ചക്ക് 2.30 ന് തളിപ്പറമ്പില്‍ ലീഗ് തീവ്രവാദത്തിനെതിരെ കൂട്ടായ്മ എന്ന പേരില്‍ സിപിഎം നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സാംസ്കാരിക സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ പേരില്‍ നടക്കുന്ന കൂട്ടായ്മക്ക് ആഹ്വാനം ചെയ്തിരിക്കുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ചോളം മുസ്ലീം നാമധാരി സംഘടനകളാണ്. തലശ്ശേരിയിലെ ഒ.വി.അബ്ദുള്ള മെമ്മോറിയല്‍ ട്രസ്റ്റ് മുതല്‍ പയ്യന്നൂരിലെ കുഞ്ഞാലി മരക്കാര്‍ സ്മാരക കള്‍ച്ചറല്‍ ട്രസ്റ്റ്, പിണറായിയിലെ അബു മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് അടക്കമുള്ളവയാണ് ഈ ട്രസ്റ്റുകള്‍. ട്രസ്റ്റുകള്‍ പലതും കടലാസ് സംഘടനകളാണെന്ന് മാത്രമല്ല, ഒരു സാംസ്കാരിക പ്രവര്‍ത്തനവും ഇവയില്‍ പലതും നടത്തുന്നില്ലെന്നതും വസ്തുതയാണ്. കൂട്ടായ്മക്കാഹ്വാനം ചെയ്ത ശ്രീകണ്ഠാപുരത്തെ പള്ളിക്കുട്ടി സ്മാരക വെല്ഫേര് സൊസൈറ്റിയില്‍ സിപിഎം അനുഭാവികളല്ലാത്തവര്‍ കൂടി അംഗങ്ങളായുള്ളതിനാല്‍ പ്രസ്തുത സൊസൈറ്റിയുടെ പേര് ഉള്‍പ്പെടുത്തിയ സൊസൈറ്റി ഭാരവാഹികളില്‍ത്തന്നെ ശക്തമായ ഭിന്നിപ്പിന് കാരണമായതായാണ് സൂചന. മുസ്ലീം നാമധാരി സംഘടനകളുടെ പേരില്‍ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച് ഫസല്‍-ഷുക്കൂര്‍ വധത്തെത്തുടര്‍ന്ന് ഒട്ടേറെ സിപിഎമ്മുകാര്‍ അറസ്റ്റിലായിത്തുടങ്ങിയതോടെ സിപിഎമ്മിനെതിരെ മുസ്ലീം സമൂഹത്തിനിടയില്‍ നിന്നും ഉയര്‍ന്നുവന്നിരിക്കുന്ന രോഷം തണുപ്പിക്കാമെന്ന പാര്‍ട്ടി നീക്കവും പാളുമെന്ന് ഉറപ്പാണ്.
എ.ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: