മലപ്പുറം: ലീഗിന്റെ അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ ആശങ്കവേണ്ടെന്നും അഞ്ചാംമന്ത്രി എപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ പാണക്കാട് ചേര്‍ന്ന കോര്കമ്മിറ്റിക്കു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ പ്രത്യേകിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. യുഡിഎഫ് യോഗത്തില്‍ പാണക്കാട് ഹൈദരലി തങ്ങള്‍ പങ്കെടുക്കാത്തതിനാല്‍ കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തത് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനത്തിന് ശേഷം അഞ്ചാം മന്ത്രി സ്ഥാനത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈദരലി തങ്ങളെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് സത്യപ്രതിജ്ഞയുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും അതിന് മുമ്പ് തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ചോദ്യത്തിന് മറുപടിയായി പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു. അധികം വൈകാതെ എല്ലാ കാര്യത്തിനും തീരുമാനമുണ്ടാകും. അഞ്ചാം മന്ത്രി സംബന്ധിച്ച് ലീഗ് വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇത് അടുത്ത യുഡിഎഫ് യോഗത്തില്‍ അറിയിക്കും. ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, കെഎന്‍എ ഖാദര്‍ എംഎല്‍എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദും ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും യോഗത്തിന് എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: