ഡമാസ്കസ്: കോഫി അന്നന്റെ അന്താരാഷ്ട്ര സമാധാന ശ്രമങ്ങള്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് പറഞ്ഞു. എന്നാല്‍ തനിക്കെതിരെ വിദേശസഹായം നല്‍കുന്നതിനെയും ആയുധം നല്കി വിമതരെ ഇളക്കിവിടുന്നതിനെതിരെയും അസദ് മുന്നറിയിപ്പ് നല്കി. ഇത് നിര്‍ത്തലാക്കിയില്ലെങ്കില്‍ സമാധാന ശ്രമങ്ങള്‍ക്ക് സഹായം നല്‍കില്ല.
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ അയച്ച ടാങ്കുകളും പട്ടാള ട്രൂപ്പുകളും അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് തിരിച്ച് വിളിച്ചിരുന്നു. വിമതരും പട്ടാളവും തമ്മിലുള്ള സംഘട്ടനത്തില്‍ കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടിലധികം പേര് കൊല്ലപ്പെട്ടിരുന്നു. വിമത പോരാളികള്‍ക്ക് ആയുധവും പണവും നല്കി സഹായിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ബ്രിക് സാമ്പത്തിക ശക്തികളോട് അസദ് ആവശ്യപ്പെട്ടതായി സിറിയന്‍ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അസദിന്റെ എതിരാളികള്‍ക്കുള്ള സൈനികേതര സഹായം ഇരട്ടിയാക്കുമെന്ന് ബ്രിട്ടന് അറിയിച്ചു. വിമതപോരാളികള്‍ക്ക് പരസ്പ്പരം സുഗമമായി ബന്ധപ്പെടാനുള്ള സൗകര്യം നല്‍കും. സിറിയയ്ക്ക് അകത്ത് എട്ട് ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നല്കാന് തത്വത്തില്‍ ധാരണയായതായി വിദേശ സെക്രട്ടറി വില്ല്യംഹേഗ് പറഞ്ഞു.
കോഫി അന്നന് മുന്നോട്ട് വച്ച സമാധാന പദ്ധതി സിറിയയില്‍ നടപ്പാക്കണമെന്ന് ബാഗ്ദാദില്‍ ചേര്‍ന്ന അറബ് നേതാക്കളുടെ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ നടപ്പിലാക്കുക, മാരകായുധങ്ങളുമായി നിലയുറപ്പിച്ച സൈന്യത്തെ പിന്‍വലിക്കുക, മനുഷ്യത്വപരമായ സഹായം നല്‍കുക, തടവുകാരുടെ മോചനം, മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായവും സ്വതന്ത്രസഞ്ചാര സ്വാതന്ത്ര്യവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
അസദ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന നേരത്തെയുള്ള വാദത്തില്‍നിന്നും അറബ് നേതാക്കള്‍ പിന്മാറി. കോഫി അന്നന്റെ പ്ലാനില്‍ ഈയൊരു നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും കൈയിലാണ് സിറിയന്‍ പ്രശ്നത്തിന്റെ പരിഹാരമെന്ന് അറബ് ലീഗ് സെക്രട്ടറി നബീല്‍ എലറാബി പറഞ്ഞു. അസദ് അധികാരം കൈമാറി നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്നതായിരുന്നു അറബ് ലീഗിന്റെ നേരത്തെയുള്ള തീരുമാനം. എന്നാല്‍ റഷ്യയും ചൈനയും ഈ തീരുമാനത്തിനെതിരെ സെക്യൂരിറ്റി കൗണ്‍സിലില്‍ എതിരായി വോട്ടുചെയ്തു.
എന്നാല്‍ അസദ് പോകണമെന്നും സര്‍ക്കാരുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും പ്രതിപക്ഷ ഗ്രൂപ്പുകാര്‍ പറഞ്ഞു. കോഫി അന്നനോട് അസദ് പറഞ്ഞത് പ്രതിപക്ഷകക്ഷികള്‍ക്ക് നല്കുന്ന ബാഹ്യസഹായങ്ങള്‍ അടിയന്തരമായി നിര്‍ത്തണമെന്നാണ്. സിറിയയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പ് വരുത്തുന്നതിന് പ്രവര്‍ത്തിക്കുന്ന എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും സിറിയന്‍ പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: