കാസര്‍കോട്: കാസര്‍കോട്ട് ഏറെ കോളിളക്കം സൃഷ്ടിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പെര്‍ള ജബ്ബാര്‍ വധക്കേസില്‍ സി.പി.എം കുമ്പള മുന്‍ ഏരിയാ സെക്രട്ടറി സുധാകര റാവു മാസ്റ്റര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക സിബി.ഐ കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് പ്രസ്താവിക്കും. അഞ്ചുപേരെ വെറുതെവിട്ടു. ഏഴുപേരും ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷാര്‍ഹരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി മൊയ്തീന്‍കുഞ്ഞി എന്ന മോയിഞ്ഞി, സുധാകരന്‍മാസ്റ്റര്‍(നാല്) നടുബയല്‍ അബ്ദുല്ല(ആറ്), രവി(എട്ട്), ബഷീര്‍(1൦), മഹേഷ്(12), യശ്വന്ത്(13) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ അഞ്ചാം പ്രതി അബ്ദുല്‍ അസീസ്, ഉമര്‍ ഫാറൂഖ്, ഗോപാലന്, രാധാകൃഷ്ണന്, ശബീര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.കേസില്‍ പ്രതികളായിരുന്ന അഷ്ഫാഖ്, അഷ്റഫ് എന്നിവരെ സി.ബി.ഐ മാപ്പ് സാക്ഷികളാക്കിയിരുന്നു. 2൦൦9 നവംബര്‍ 3 ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജബ്ബാര്‍ ബദിയഡുക്ക ഉക്കിനനടുക്കയില് വെച്ച് കൊല്ലപ്പെട്ടത്. സുഹൃത്ത് സുബൈറിനൊപ്പം കാസര്‍കോട്ടുനിന്നു പെര്‍ളയിലേക്ക് പോകുന്നതിനിടയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മറ്റൊരു വാഹനത്തിലെത്തിയ പ്രതികള്‍ ജബ്ബാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. അക്രമത്തിനിടയില്‍ സുബൈര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നേരത്തെ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ജബ്ബാറിണ്റ്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ് അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: