കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിന്റെ വെളിപ്പെടുത്തലുകളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ പ്രതിരോധമന്ത്രാലയത്തെയും ഇന്ത്യയെത്തന്നെയും വിവാദങ്ങളില്‍ കുരുക്കി രാജ്യത്തിന്റെ പ്രതിഛായ അന്താരാഷ്ട്ര തലത്തില്‍ മോശമാക്കുകയാണ്. കരസേനാ മേധാവിയുടെ ജനനത്തീയതി ഉയര്‍ത്തിയത് സ്ഥാനത്ത് തുടരാന്‍ മാത്രമല്ല തന്റെ പിന്തുടര്ച്ചാവകാശിയുടെ അവസരം നഷ്ടപ്പെടുത്തണമെന്ന ലക്ഷ്യത്തോടുംകൂടിയായിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണം. സേനയുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത വിധം സര്‍ക്കാരിനെതിരെ ജനനത്തീയതി വിവാദവുമായി ജനറല്‍ വി.കെ. സിംഗ് കോടതിയെ സമീപിച്ചത് അദ്ദേഹത്തിനെതിരെ പ്രതികാരദാഹവുമായി രംഗത്തിറങ്ങാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചു. കരസേനക്ക് സാങ്കേതിക മികവില്ലെന്നും വ്യോമ പ്രതിരോധത്തിന് ഉപയോഗിക്കുന്ന 97 ശതമാനം ആയുധങ്ങളും കാലഹരണപ്പെട്ടതാണെന്നും ശത്രുക്കളുടെ ടാങ്കുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ ടാങ്കുകള്‍ക്ക് വെടിക്കോപ്പില്ലെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ജനറല്‍ വി.കെ. സിംഗ് ചൂണ്ടിക്കാട്ടിയതും വെളിപ്പെട്ടിരിക്കുകയാണ്. ഇത് ഇന്ത്യയുടെ യുദ്ധസജ്ജീകരണത്തെക്കുറിച്ച് ആശങ്ക പരത്താനും ശത്രുരാജ്യങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കാനുമാണ് സഹായകരമാകുക. ഈ വിവരങ്ങള്‍ അടങ്ങിയ കത്ത് സിംഗ് പ്രധാനമന്ത്രിക്ക് എഴുതിയത് പുറത്താകുകയും മാധ്യമചര്ച്ചാവിഷയമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സിംഗിനെ പുറത്താക്കണം, അല്ലെങ്കില്‍ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടണമെന്ന നിലപാടിലേക്ക് കേന്ദ്രവും കോണ്‍ഗ്രസും എത്തിച്ചേര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് 12 നാണ് ഈ കത്തെഴുതിയത്. രാജ്യത്തിന് നിലവാരമില്ലാത്ത വാഹനങ്ങള്‍ വാങ്ങാന്‍ തനിക്ക് 14 കോടി രൂപ വാഗ്ദാനം ചെയ്തു എന്നും പ്രതിരോധമന്ത്രിയോട് വെളിപ്പെടുത്തിയ വിവരം പുറത്തുവന്ന ശേഷമാണ് അതീവരഹസ്യമായി പ്രധാനമന്ത്രിക്കയച്ച കത്ത് പുറത്തായത്.
ആദ്യത്തെ ആരോപണം സിബിഐ അന്വേഷണത്തിന് വിട്ടിരിക്കുകയാണ്. രേഖാമൂലം തെളിവില്ലാത്ത ഈ പരാതിയിന്മേല് സംഭാഷണ ടേപ്പിനെ ആധാരമാക്കിയാണ് സിബിഐ അന്വേഷണം. ഈ കേസില്‍ ഉള്‍പ്പെട്ട ജനറല്‍ മാനനഷ്ടത്തിന് സിംഗിനെതിരെ കേസ് കൊടുത്തുകഴിഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് ചോര്‍ത്തിയത് താനല്ലെന്ന് പറയുന്ന കരസേനാ മേധാവിയെ അവിശ്വസിക്കേണ്ടതില്ല. മാര്‍ച്ച് 31 ന് വിരമിക്കാനിരിക്കുന്ന കരസേനാ മേധാവി പ്രതിരോധമന്ത്രാലയത്തെ നിരന്തര സമ്മര്‍ദ്ദത്തിലാക്കുകയാണ്. ഏറ്റവും ഒടുവില്‍ കരസേനാ സജ്ജീകരണത്തെപ്പറ്റി തൃണമൂല്‍ കോണ്‍ഗ്രസ് എംപി പ്രതിരോധമന്ത്രിക്കയച്ച കത്തിനെക്കുറിച്ചാണ് വി.കെ. സിംഗ് വെളിപ്പെടുത്തിയത്. ജനനത്തീയതി കേസില്‍ പരാജിതനായതിന്റെ നിരാശയാണ് ഇതെന്ന് പറഞ്ഞ് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ ലഘൂകരിച്ച് കാണിക്കാനാണ് ചില കേന്ദ്രമന്ത്രിമാര്‍ ശ്രമിക്കുന്നത്. കിഴക്കന്‍ മേഖലാ കമാന്‍ഡര്‍ ജനറല്‍ ബിക്രംസിംഗിനെ പിന്‍ഗാമിയായി വരുത്താനാണ് കേന്ദ്രത്തിന്റെ ഈ ഗൂഢനീക്കങ്ങള്‍ എന്ന കിംവദന്തി നിലനില്‍ക്കുകയാണ്. അഴിമതി വിവാദവും പ്രധാനമന്ത്രിക്കയച്ച കത്തും ഇപ്പോള്‍ പുറത്തായ കത്തും എല്ലാം തെളിയിക്കുന്നത് യോജിച്ച് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും സൈന്യവും തമ്മില്‍ ഉളവാകുന്ന വിശ്വാസത്തകര്‍ച്ചയാണ്. പ്രതിരോധ ഇടപാടുകള്‍ എന്നും അഴിമതിയാരോപണങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. രാജീവ്ഗാന്ധിയുടെ ബോഫോഴ്സ് ഇടപാട് മുതല്‍ ഇത് പ്രകടമാണ്. ഇന്ത്യ ഇപ്പോള്‍ രണ്ട് മൗണ്ടന്‍ ബറ്റാലിയനുകള്‍, ഒരു വ്യോമപ്രതിരോധ ഡിവിഷന്, മൂന്ന് ആര്‍ട്ടിലറി ഡിവിഷന് മുതലായവ കഴിഞ്ഞ രണ്ട് കൊല്ലത്തില്‍ ഉയര്‍ത്തിയെങ്കിലും അവ ഉപയോഗശൂന്യമാണെന്നും 400 ലധികം ഹോവിറ്റ്സര്‍ തോക്കുകള്‍ നിലവാരമില്ലാത്തതാണെന്നുമാണ് സിംഗിന്റെ കത്ത് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യന്‍ സൈന്യം നവീകരിക്കാത്ത എം-46 തോക്കുകളും .105 എംഎം ഫീല്‍ഡ് ഗണ്ണുകളും മറ്റുമാണ് ഉപയോഗിക്കുന്നതെന്നും സിംഗ് വ്യക്തമാക്കുന്നു. ചേതക് ചീറ്റാ ഹെലികോപ്റ്റര്‍ വാങ്ങിയെങ്കിലും അഴിമതിയാരോപണം ഉണ്ടായിരുന്നു. 2010 ല്‍ 3,90,000 ബാലിസ്റ്റിക് ഹെല്‍മറ്റുകളും 30,000 രാത്രി കാണുന്ന ഉപകരണങ്ങളും 1,80,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും മറ്റും ഇന്ത്യ വാങ്ങിയിരുന്നു. ഇന്ത്യയുടെ പ്രതിരോധ സ്വപ്നങ്ങള്‍ വലുതാണെങ്കിലും അവ പ്രായോഗികതലത്തിലെത്താറില്ല. ടാഗ്ര ട്രക്കുകള്‍ വാങ്ങിയതിലും അഴിമതിയാരോപണം ഉയരുകയുണ്ടായി. ഒന്നിന് പിറകെ ഒന്നായുള്ള ജനറല്‍ സിംഗിന്റെ വെളിപ്പെടുത്തലുകള്‍ ഗൗരവസ്വഭാവമുള്ളതാണ്. എന്നാല്‍ വി.കെ. സിംഗിനെ കുറ്റക്കാരനായി ചിത്രീകരിച്ച് അദ്ദേഹത്തെ പുറത്താക്കി തന്റെ കൈകളില്‍ ചോരയില്ലെന്ന് വരുത്താനാണ് പ്രതിരോധമന്ത്രി ആന്റണി ശ്രമിക്കുന്നത്. ആന്റണി പ്രതിരോധമന്ത്രിയായിട്ട് അഞ്ചുകൊല്ലം തികയാറായി. നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചത് വി.കെ. സിംഗിന് ഒരുവില്ലന്റെ പരിവേഷം നല്കി എന്നതാണ് സത്യം. ആന്റണി അഴിമതിക്ക് നേരെ കണ്ണടക്കുന്ന വ്യക്തിയാണ് എന്ന ആരോപണം ശരിവെക്കുന്നതാണ് ജനറല്‍ സിംഗിന്റെ കോഴ വാഗ്ദാന ആരോപണം അന്വേഷണത്തിനുത്തരവിടാതിരുന്നത്. അഴിമതിയുടെ സുനാമിയാണ് വിദേശകമ്പനികളുമായുള്ള ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട സേനയില്‍ നിലനില്ക്കുന്നതെന്ന ആരോപണത്തിന് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോളം പഴക്കമുണ്ട്. വി.കെ. സിംഗിന്റെ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്നതും മറ്റൊന്നല്ല.
മൂന്ന് സേനാ മേധാവികളിലും തനിക്ക് വിശ്വാസമുണ്ടെന്നാണ് പ്രതിരോധ മന്ത്രി ആന്റണി ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കരസേനാ മേധാവിയുടെ പ്രായവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അദ്ദേഹത്തെ ആന്റണി വിശ്വാസത്തിലെടുത്തില്ലെന്ന ആരോപണം ശക്തമാണ്. വിവാദത്തിലേയ്ക്കും കോടതി നടപടികളിലേയ്ക്കുമൊക്കെ പോകുന്നതിന് മുന്‍പ് പരിഹരിക്കാമായിരുന്ന പ്രശ്നമായിരുന്നു ഇതെങ്കിലും ആന്റണി അതിന് മുന്‍കയ്യെടുത്തില്ല. മറിച്ച് കരസേനാ മേധാവി കുറ്റക്കാരനാണെന്ന് വരുത്താനായിരുന്നു ശ്രമം. ജനറല്‍ വി.കെ. സിംഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിനോടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണങ്ങളും രാജ്യരക്ഷയെ പരമപ്രധാനമായി കാണുന്നവര്‍ക്ക് സന്തോഷമുളവാക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: