തൃപ്പൂണിത്തുറ: ചോറ്റാനിക്കര പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കൊച്ചി ദേവസ്വംബോര്‍ഡിന്റെ ചോറ്റാനിക്കര ക്ഷേത്രത്തോടനുബന്ധിച്ച കംഫര്‍ട്ട് സ്റ്റേഷന് അടച്ചുപൂട്ടി. ദേവസ്വത്തിന്റെ നാല് സത്രങ്ങളില്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് സത്രം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ക്ഷേത്രദര്‍ശനത്തിന് നാനാ ദേശങ്ങളില്‍നിന്നും എത്തുന്ന ഭക്തര്‍ സ്വകാര്യ ലോഡ്ജുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
ഒഴിവുകാലം ആരംഭിച്ചതോടെ ചോറ്റാനിക്കര ക്ഷേത്രദര്‍ശനത്തിനും ഭജനമിരിക്കുന്നതിനുമായി വന്‍ ജനത്തിരക്കാണ് ഉണ്ടായിട്ടുള്ളത്. ഇവര്‍ക്കെല്ലാം വേണ്ട സൗകര്യം ചെയ്തുകൊടുക്കുന്നതില്‍ കൊച്ചി ദേവസ്വംബോര്‍ഡ് പരാജയപ്പെട്ടിരിക്കുകയാണ്. ക്ഷേത്രത്തിനകത്തെ കിണര്‍വെള്ളം ക്ഷേത്രാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ക്ഷേത്രച്ചടങ്ങുകള്‍ക്ക് തടസമൊന്നുമില്ല.
അതേസമയം, ക്ഷേത്രത്തിന്റെ മറ്റാവശ്യങ്ങള്‍ക്കും ഭക്തജനങ്ങളുടെ ആവശ്യങ്ങള്‍ക്കും ദേവസവം സത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട വെള്ളം വിതരണം നടത്തുന്നതില്‍ ദേവസ്വം അധികൃതര്‍ അനാസ്ഥ കാട്ടുകയാണെന്നും ആരോപണമുണ്ട്. ഒരു ഭക്തന് വാങ്ങി നല്കിയ പത്ത് സെന്റ് സ്ഥലത്ത് കുളമുണ്ടാക്കി കനാല്‍ വെള്ളം കുളത്തില്‍ ശേഖരിച്ച് ജലവിതരണ സൗകര്യമുണ്ടാക്കിയിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാത്ത അവസ്ഥയാണുള്ളത്. രണ്ട് കുളങ്ങളിലെ ലഭ്യമായ വെള്ളം ശുദ്ധീകരിച്ച് നല്‍കുന്നതിനും കഴിയുന്നില്ല. 50000വും 15000വും ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് വാട്ടര്‍ ടാങ്കുകള്‍ നോക്കുകുത്തിയായിരിക്കുന്നു.
ചോറ്റാനിക്കര പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. കുടിവെള്ളം ശേഖരിക്കാന്‍ ജനങ്ങള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നാമമാത്രമായതിനാല്‍ പലയിടങ്ങളിലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ചൂണ്ടി പദ്ധതിയുടെ വെള്ളം ചോറ്റാനിക്കരയിലെത്താന് ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: