എഴുപതുകളുടെ അന്ത്യം മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ സമകാലീന സാമൂഹ്യ രാഷ്ട്രീയാവസ്ഥകള്ക്കൊപ്പംനിന്ന് വെള്ളിത്തിരയെ പ്രകമ്പനം കൊള്ളിച്ച നിരവധി സിനിമകള്‍ക്കാണ് ടി. ദാമോദരന്‍ തിരക്കഥയൊരുക്കിയത്. സ്കൂളിലെ കായികാധ്യാപകനില്നിന്ന് നാടകക്കാരനിലേക്കും പിന്നീട് സിനിമയുടെ തിരക്കഥാകൃത്തിലേക്കും അദ്ദേഹം മാറി. തിക്കോടിയന്, കുതിരവട്ടം പപ്പു, ഹരിഹരന്, കുഞ്ഞാണ്ടി തുടങ്ങി കോഴിക്കോട്ടെ നാടക, സിനിമാ സംഘത്തിലെത്തിയതാണ് ദാമോദരന്‍ സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. നിഴല്‍ എന്ന നാടകമാണ് ചലച്ചിത്രരംഗത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. നടന് സത്യന് ആയിരുന്നു ആ നാടകത്തിന്റെ ഉദ്ഘാടകന്‍. സത്യനും ബാബുരാജും ചേര്‍ന്ന് ഹരിഹരനെക്കൊണ്ട് ഈ നാടകം ചലച്ചിത്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതു നടന്നില്ലെങ്കിലും ഒരു വര്‍ഷത്തിനകം ഹരിഹരന്റെ ‘ലൗ മാര്യേജ്’ എന്ന ചിത്രത്തിന് ദാമോദരന്‍ തിരക്കഥയെഴുതി. തുടര്‍ന്ന് ഹരിഹരന്റെതന്നെ നിരവധി ജനപ്രിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കാനും ദാമോദരനായി.
ശക്തമായ സംഭാഷണങ്ങളും വലിയ കാന്വാസുമായിരുന്നു ദാമോദരന്റെ തിരക്കഥകളുടെ പ്രത്യേകത. കഥകളും ഉപകഥകളും നിറഞ്ഞ വിശാലമായ സിനിമ. നൂറുകണക്കിന് കഥാപാത്രങ്ങള്‍. എല്ലാം ഒന്നിനോടൊന്ന് ബന്ധപ്പെട്ടു നിന്നു. കഥാപപാത്രങ്ങളുടെ ബാഹുല്യം കഥപറച്ചിലിനെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ആദ്യാവസാനം പ്രേക്ഷകനില്‍ ആകാംക്ഷയുടെ രസച്ചരട് നിലനിര്‍ത്തുന്നതായിരുന്നു ടി.ദാമോദരന്റെ തിരക്കഥകള്‍. ഐ.വി.ശശി, ദാമോദരന്‍ കൂട്ടുകെട്ടില്‍ പുറത്തു വന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായതും ഇങ്ങനെയാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ ജയനെ മലയാള സിനിമയില്‍ സൂപ്പര്‍ നായകനാക്കിയത് ദാമോദരന്റെ തിരക്കഥകളാണ്. ഐ.വി.ശശി സംവിധാനം ചെയ്ത അങ്ങാടി, മീന്‍, കരിമ്പന, കാന്തവലയം എന്നീ സിനിമകളാണ് ജയന്റെ സിനിമാഭിനയ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമയായ ‘അങ്ങാടി’യില്‍ ജയന് പറയുന്ന ഡയലോഗുകള്‍ മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും സജീവമായി നില്ക്കുന്നു. അങ്ങാടിയില്‍ ജയന്റെ കഥാപാത്രം പറയുന്ന ‘മേ ബി വീ ആര് പൂവര്‍… കൂലീസ്…ട്രോളി പുള്ളേഴ്സ്… ബട്ട് വീ ആര് നോട്ട് ബെഗേഴ്സ്… എന്ന ഇംഗ്ലീഷ് ഡയലോഗ് ഇന്നും പ്രേക്ഷകരുടെ ഹരമാണ്.
കച്ചവട സിനിമയ്ക്കും കലാമൂല്യമുണ്ടെന്ന് തെളിയിക്കാന്‍ ദാമോദരനു കഴിഞ്ഞു. അതോടൊപ്പം ആര്‍ട്ട് സിനിമയുടെ പേരില്‍ വീമ്പിളക്കുന്നവരെ പരസ്യമായി പരിഹസിക്കാനും അദ്ദേഹം തയ്യാറായി. കോഴിക്കോടിന്റെ തെരുവിലൂടെ എപ്പോഴും മുണ്ടും മടക്കിക്കുത്തി സാധാരണക്കാരനായി നടക്കുന്നതായിരുന്നു അദ്ദേഹത്തിനു കൂടുതലിഷ്ടം. സാധാരണക്കാരുടെ ജീവിതകഥകള്‍ തിരക്കഥകളാക്കാന് അദ്ദേഹത്തിനു സാധിച്ചതും അതിനാലാണ്.
തിരക്കഥ ദാമോദരന്റേതാണെങ്കില് സിനിമയ്ക്ക് കയറുന്ന പ്രേക്ഷകരുണ്ടായിരുന്നു. അത്തരം ആസ്വാദകരെ സൃഷ്ടിക്കാന്‍ ടി.ദാമോദരന്റെ തിരക്കഥകള്‍ക്ക് കഴിഞ്ഞു. ഐ.വി.ശശി-ദാമോദരന്‍ കൂട്ടുകെട്ടില്‍ അമ്പതോളം സിനിമകളാണ് ഉണ്ടായത്. ഓരോന്നും മികച്ച പ്രദര്‍ശന വിജയം നേടി. സാമൂഹിക വ്യവസ്ഥയെ ചോദ്യംചെയ്യുന്ന ചിത്രങ്ങളാണ് ദാമോദരന്റെ തൂലികയില്‍നിന്ന് കൂടുതലും ഉണ്ടായത്. ഐ.വി.ശശിയുമായി ചേര്‍ന്ന് ദാമോദരന്‍ ഒരുക്കിയ തിരക്കഥകള്‍ 1980കളില്‍ മലയാള സിനിമയ്ക്ക് ഊര്‍ജ്ജം നല്കിയവയായിരുന്നു. ഈ കൂട്ടുകെട്ടിന്റെ ആദ്യ ഹിറ്റ് ചിത്രം ‘അങ്ങാടി’യാണ്. 1988ല്‍ ഐ.വി.ശശി-ദാമോദരന്‍ ടീം ഒരുക്കിയ 1921 എന്ന സിനിമയാണ് തന്റെ മാസറ്റ്ര്പ്പീസെന്ന് ദാമോദരന്‍ തന്നെ പറഞ്ഞിരുന്നു. ഈ നാട്, ഇനിയെങ്കിലും, ഇന്നല്ലെങ്കില്‍ നാളെ, ഉണരൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കേരളം സിനിമയിലെ ശക്തമായ സാമൂഹ്യ വിമര്‍ശനം അനുഭവിച്ചത്.
ജയനു ശേഷം മമ്മൂട്ടിക്ക് താരപരിവേഷം നല്കിയതും ദാമോദരന്റെ തിരക്കഥയില്‍ ഉണ്ടായ ചലച്ചിത്രങ്ങളിലൂടെയാണ്. ദാമോദരന്‍ സിനിമകളിലെ മമ്മൂട്ടിയുടെ പോലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. അഹിംസ, ജോണ്‍ ജാഫര്‍ ജനാര്ദനന്, ഈ നാട്, ഇന്നല്ലെങ്കില്‍ നാളെ, നാണയം, ഇനിയെങ്കിലും, അമേരിക്ക അമേരിക്ക, ഇത്തിരിപ്പൂവേ ചുവന്നപൂവേ, അങ്ങാടിക്കപ്പുറത്ത്, വാര്‍ത്ത, ആവനാഴി, ഇത്രയും കാലം, നാല്ക്കവല, അബ്കാരി, 1921, ഇന്‍സ്പെക്ടര്‍ ബല്‍റാം, ജാക്പോട്ട് തുടങ്ങിയ സിനിമകളിലൂടെ മമ്മൂട്ടി വന്താരപരിവേഷത്തിലേക്ക് ഉയരുകയായിരുന്നു.
മോഹന്‍ലാലിന്റെ പല ഹിറ്റ് ചിത്രങ്ങളും ദാമോദരന്‍ തൂലികയില്‍നിന്ന് വെള്ളിത്തിരയിലെത്തിയവയാണ്. കാറ്റത്തെ കിളിക്കൂട്, ഉണരൂ, അടിവേരുകള്‍, ആര്യന്, അര്‍ഹത, അഭിമന്യു, അദ്വൈതം, കാലാപാനി തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്.
മണിരത്നം ആദ്യമായി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഉണരൂ. രതീഷിനെയും മോഹന്‍ലാലിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഥയാണ് പറഞ്ഞത്. ഐ.വി. ശശിക്കെന്നപോലെ പ്രിയദര്‍ശന്റെയും ഭരതന്റെയും ഇഷ്ട തിരക്കഥാകൃത്തായിരുന്നു ടി. ദാമോദരന്‍. ദാമോദരന്‍ തിരക്കഥയൊരുക്കിയ ആര്യന്, അഭിമന്യു, അദ്വൈതം, കാലാപാനി, മേഘം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ്. ഭരതന്റെ കാറ്റത്തെ കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്നപൂവെ എന്നീ നല്ല ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയതും അദ്ദേഹമായിരുന്നു.
തിരക്കഥാ രചനയില്‍ എം.ടിയ്ക്കൊപ്പം ചേര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞ പ്രതിഭാശാലിയായിരുന്നു ടി.ദാമോദരന്‍. എം.ടിയുമായി ദാമോദരനുണ്ടായിരുന്ന സൗഹൃദം തിരക്കഥയുടെ മര്‍മ്മം മനസ്സിലാക്കുന്നതിന് ദാമോദരനെ സഹായിച്ചു. തിരക്കഥയുടെ ശക്തി എത്രത്തോളമുണ്ടെന്ന് അദ്ദേഹം പ്രേക്ഷകര്‍ക്ക് കാട്ടിത്തന്നു.
സാധാരണക്കാര്‍ക്ക് രസിക്കുന്ന തിരക്കഥകളായിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് എന്നും ജന്മമെടുത്തത്. കൂടുതലും പറഞ്ഞത് സാധാരണക്കാരനെ ബാധിക്കുന്ന കഥകളും. സാധാരണക്കാരനായി ജീവിച്ച് സാധാരണക്കാര്‍ക്കായി സിനിമയെഴുതിയ തിരക്കഥാകൃത്ത്. കാലം ഓര്‍ത്തുവയ്ക്കുന്ന സിനിമകളിലൂടെ അദ്ദേഹം എന്നും ജീവിക്കും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: