ഇസ്ലാമാബാദ്: പാക്കിസ്ഥാന് പാര്‍ലമെന്റിലേക്ക് ഭീകരവാവദസംഘടനകള് വന്‍ റാലി നടത്തി. ആയിരത്തോളം പേരാണ് റാലിയില്‍ പങ്കെടുത്തത്. പാക് ഭരണകൂടവും നാറ്റോ സേനയും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് റാലി നടത്തിയത്. അഫ്ഗാനിലെ നാറ്റോ സേനക്ക് യുഎസ് അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നത് അഫ്ഗാന് പാതയിലൂടെയാണ്. എന്നാല്‍ പാത തുറന്നുകൊടുക്കുന്നതിനെതിരെ പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്. അഫ്ഗാന് പാത യുഎസിന് തുറന്നുകൊടുക്കുകയാണെങ്കില്‍ ശക്തമായ ആക്രമണം ആരംഭിക്കുമെന്ന് പാക് താലിബാന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഫ്ഗാന് പാത തുറന്നുകൊടുക്കുകയാണെങ്കില്‍ നിരപരാധികളുടെ ജീവന് പൊലിയുന്നത് കാണേണ്ടിവരുമെന്ന് ലഷ്കര്‍ ഇ തൊയ്ബ തലവന്‍ ഹാഫിസ് മുഹമ്മദ് സയിദ് ഇന്നലെ മുന്നറിയിപ്പ് നല്കി. നാറ്റോ സേനക്കായി അഫ്ഗാന് പാത തുറന്നുകൊടുക്കുവാന്‍ പാക് ജനത അനുവദിക്കില്ലെന്നും സയിദ് മുന്നറിയിപ്പ് നല്കി. പാക്കിസ്ഥാന് നേതാക്കളോ കരസേനാ മേധാവി ജനറല്‍ അഷ്ഫഖ് പര്‍വേസ് കയാനി ഉള്‍പ്പെടെയുള്ളവര്‍ രാജതാല്പര്യം സംരക്ഷിക്കാത്തപക്ഷം രാജിവെക്കണമെന്നും സയിദ് ആവശ്യപ്പെട്ടു. ഡെഫാ-ഇ-പാക്കിസ്ഥാന് കൗണ്‍സിലില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന് പ്രതിഷേധകര്‍ ഇസ്ലാമബാദിലും മറ്റ് പ്രദേശങ്ങളിലും റാലി നടത്തിയിരുന്നു. കറുപ്പും വെളുപ്പും നിറഞ്ഞ കൊടികളുമേന്തിയായിരുന്നു റാലി. അമേരിക്കന്‍ ഭരണകൂടവുമായി പാക് സര്‍ക്കാരിനുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്നും ചിലര്‍ പ്ലക്കാര്‍ഡില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഡെഫാ-ഇ-പാക്കിസ്ഥാന് കൗണ്‍സില്‍ ചെയര്മാന് മൗലാനാ സാമി-ഉള്-ഹഖ്, മുന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ചീഫ് ഹമീദ് ഗുള്‍, പാക്കിസ്ഥാന് മുസ്ലീംലീഗ് സിയാ നേതാവ് ഇജാസ് ഉള് ഹഖ് തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തു.
നാറ്റോ സേനക്ക് അഫ്ഗാന് പാത തുറന്നുകൊടുത്താല്‍ പാക് സര്‍ക്കാര്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സമി-ഉള്-ഹഖ് മുന്നറിയിപ്പ് നല്കി. ഡെഫാ-ഇ-പാക്കിസ്ഥാന് കൗണ്‍സിലാണ് റാലി ആസൂത്രണം ചെയ്തത്. നവംബറില്‍ 24 പാക് സൈനികര്‍ നാറ്റോ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനുശേഷം അഫ്ഗാന് പാത അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ യുഎസ്-പാക് ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പാത തുറക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. നിശ്ചിത നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് പാത തുറക്കാനാണ് പാര്‍ലമെന്റില്‍ തീരുമാനമായത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവരുന്നത്. ഡെഫാ-ഇ-പാക്കിസ്ഥാന് കൗണ്‍സില്‍ ഉള്‍പ്പെടെ 40 ഓളം സംഘടനകളാണ് ഇന്നലെ നടന്ന പാര്‍ലമെന്റ് റാലിയില്‍ പങ്കെടുത്തത്.
പാക്കിസ്ഥാനിലുടനീളം നടന്ന പ്രതിഷേധറാലികള്‍ പ്രധാനമായും ഉന്നംവെക്കുന്നത്. ഇന്ത്യയെയും അമേരിക്കയെയുമാണെന്നത് മറ്റൊരു പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: