കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.കെ. വിജയരാഘവന്(75) അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ച മുന്‍പ് പക്ഷാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതം മരണകാരണമാവുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ എടക്കാട് കടമ്പൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 10 മുതല്‍ കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് 11 മണിയോടെ പയ്യാമ്പലത്ത് സംസ്കരിക്കും. പി.രാമകൃഷ്ണന് രാജിവച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 15നാണ് വിജയരാഘവന് മാസ്റ്റര്‍ ഡി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതലയേറ്റത്.
ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ ആഭ്യന്തര പ്രശ്നത്തെ തുടര്‍ന്നു സമവായമെന്ന നിലയിലാണ് ഡി.സി.സി വൈസ് പ്രസിഡന്റായിരുന്ന വിജയരാഘവനെ പ്രസിഡന്റാക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. അധ്യാപകന്, സഹകാരി എന്ന നിലയിലും ജനങ്ങളുടെ ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു വിജയരാഘവന്റേത്.
കണ്ണൂര്‍ കടമ്പൂരാണ് സ്വദേശം. കടമ്പൂര് നോര്‍ത്ത് യു.പി. സ്കൂള്‍ അധ്യാപകനായിരുന്ന വിജയരാഘവന് മാസ്റ്റര്‍ സര്‍വ്വീസിലിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയിലെ പ്രധാന പ്രവര്‍ത്തകനായിരുന്നു. 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 77 ല്‍ കെ. ശങ്കരനാരായണന്റെ നേതൃത്വത്തിലാണ് വിജയരാഘവന് മാസ്റ്റര്‍ വീണ്ടും കോണ്‍ഗ്രസ്സിലെത്തുന്നത്.
എടക്കാട് മണ്ഡലം ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായും വിജയരാഘവന് പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പങ്കജവല്ലി. മക്കള്‍: ഡാനിഷ് (ഗള്‍ഫ്), ഡാലിയ (അധ്യാപിക).
പ്രതികരിക്കാൻ ഇവിടെ എഴുതുക: