തിരുവനന്തപുരം: സിപിഎമ്മും ക്രൈസ്തവസഭയും നയതന്ത്രം മെനയുന്നുവോ എന്ന് സംശയിക്കുന്നതായി ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. ഏതാനും മാസങ്ങള്‍ക്കകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സഭാനേതൃത്വത്തിന്റെയും നയം വ്യക്തമാകുമെന്നും പരമേശ്വരന് പറഞ്ഞു.
മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ സോഷ്യലിസം അതിന്റെ പ്രത്യയശസ്ത്രമായി സ്വീകരിക്കുകയാണെന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയുടെ പ്രസ്താവന മൗലികമോ പുതുമ അവകാശപ്പെടുന്നതോ അല്ല. 100 വര്‍ഷത്തിനു മുമ്പ് സ്വാമി വിവേകാനന്ദന് വേദാന്തസോഷ്യലിസത്തെക്കുറിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ഹിന്ദുമഹാസഭ ഹിന്ദുസോഷ്യലിസം എന്ന ആശയവുമായി മുന്നോട്ടുവരികയുണ്ടായി. നമ്മുടെ ഭരണഘടനയില്‍ ഇന്ത്യന്‍ സോഷ്യലിസം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം നിര്‍ദ്ദേശിക്കുന്ന ഇന്ത്യന്‍ സോഷ്യലിസം ഏതു രീതിയിലാണ് നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള സോഷ്യലിസത്തെക്കാള്‍ വ്യത്യസ്തമാകുന്നത്? ഇവിടെ മതേതരം എന്നാല്‍ ഫലത്തില്‍ ന്യൂനപക്ഷത്തോടുള്ള പ്രീണനവും ഭൂരിപക്ഷത്തെ കബളിപ്പിക്കലുമാണെന്ന് അര്ത്ഥമായിത്തീര്ന്നിരിക്കുന്നു.
ഭാരതീയത എന്ന പദപ്രയോഗത്തിന്റെ വ്യക്തമായ സ്വഭാവം അവര്‍ ഇന്ത്യന്‍ സോഷ്യലിസമെന്ന പ്രയോഗത്തില്‍ വ്യക്തമാക്കാത്തിടത്തോളം ആരുംതന്നെ ഈ പ്രസ്താവന മുഖവിലയ്ക്കെടുക്കുകയില്ലെന്നും സിപിഎം ചെന്നുപെട്ടിട്ടുള്ള ആശയക്കുഴപ്പം തുടരുമെന്നും ഉറപ്പാണ്.
ഈ പ്രസ്താവനയിലൂടെ ഒരുകാര്യം വ്യക്തമായിരിക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ പ്രത്യയശാസ്ത്രപരമായോ ഘടനാപരമായോ ഭാരതീയമല്ലെന്ന് തുറന്ന കുറ്റസമ്മതമാണ്. അത് റഷ്യന്‍ കമ്മ്യൂണിസ്റ്റുപാര്ട്ടിയുടെയോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ ഒരു പുതുനാമ്പ് മാത്രമാണ്. ഇപ്പോള്‍ റഷ്യയും ചൈനയും മുതലാളിത്ത പാത സ്വീകരിച്ച അവസ്ഥയില്‍ സിപിഎം അതിന്റെ നിസ്സഹായാവാസ്ഥകാരണം ഏര്ത്ഥത്തിലായാലും ഇന്ത്യന്‍ സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കാന്‍ നിര്ബന്ധിതമായിത്തീര്ന്നിരിക്കുകയാണ്.
കമ്മ്യൂണിസം കാലഹരണപ്പെടുകയും പ്രസക്തി നഷ്ടപ്പെടുകയും ചെയ്തുവെന്ന പോപ്പ് ബനഡിക്റ്റ് പതിനാറാമന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിന് പ്രാധാന്യമൊന്നുമില്ലെന്നുമുള്ള രാമചന്ദ്രന്‍പിള്ളയുടെ പ്രസ്താവന പ്രാധാന്യമര്‍ഹിക്കുന്നില്ല. പോപ്പ് ലോക കാത്തലിക് ചര്‍ച്ചിന്റെ അനിഷേധ്യനേതാവാണ്. കേവലമൊരു നയതന്ത്രജ്ഞനല്ല. അന്തര്‍ദേശീയ പ്രാധാന്യമുള്ള നിര്‍ണ്ണായക കാര്യങ്ങളെക്കുറിച്ച് അവര്‍ വ്യക്തിപരമായ പ്രസ്താവനകള്‍ നടത്താറില്ല. വല്ല പ്രസ്താവനയും നടത്തുകയാണെങ്കില്‍ അത് ഗൗരവപൂര്‍വ്വമായിരിക്കും. പോളണ്ടുകാരനായ ജോണ്‍പോള്‍ രണ്ടാമനായിരുന്നു യൂറോപ്പിലെ മാര്ക്സിസ്റ്റുപ്രസ്ഥാനത്തിന്റെ ശവപ്പെട്ടിയില്‍ ആദ്യത്തെ ആണിയടിച്ചത്. ഒരുകാലത്ത് കമ്മ്യൂണിസത്തിന്റെ ശക്തമായ കോട്ടയെന്നവകാശപ്പെടുന്ന, അമേരിക്കയ്ക്കൊരു യഥാര്‍ത്ഥ ഭീഷണിയായി കരുതിവന്ന ക്യൂബയില്‍ പോപ്പിന്റെ സന്ദര്സനം ലക്ഷ്യംവയ്ക്കുന്നത് പശ്ചിമ ഉപഭൂഖണ്ഡത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മേല്‍ അടിച്ചുതാഴ്ത്തുന്ന അവസാനത്തെ ആണിയാണ്.
പോപ്പിന്റെ ക്യൂബന്‍ സന്ദര്‍ശനം വരുത്തിത്തീര്ത്തേക്കാവുന്ന ആഗോളസ്വാധീനത്തെക്കുറിച്ച് സിപിഎമ്മിന് വലിയ ആശങ്കയൊന്നുമില്ല. അവര്‍ക്കിപ്പോള്‍ ഇവിടെ പ്രസക്തമായ ഒരു രാഷ്ട്രീയകക്ഷിയായി നിലനില്ക്കേണ്ടതിനെക്കുറിച്ചുള്ള ആശങ്കമാത്രമാണുള്ളത്. കാത്തലിക് പള്ളിയുമായി തിരഞ്ഞെടുപ്പുനീക്കുപോക്കുകള്ക്കായി വാതില്‍ തുറന്നിടണമെന്നാല്ലാതെ കമ്മ്യൂണിസത്തിന്റെ പ്രസക്തിയെക്കുറിച്ച് പോപ്പ് എന്തുകരുതുന്നുവെന്നതല്ല പോളിറ്റ്ബ്യറോ അംഗം ചിന്തിക്കുന്നത്.
പോപ്പിന്റെ പ്രസ്താവന ഗൗരവമായി കണക്കാക്കണമോ അതല്ല താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമോ എന്ന കാര്യം ഇന്ത്യയിലെ സഭാമേധാവിത്വത്തമാണ് തീരുമാനിക്കേണ്ടത്. വരുന്ന ഏതാനും മാസങ്ങള്‍ക്കകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സഭാമേധാവിത്വത്തിന്റെയും നയം വ്യക്തമാവും. പരമേശ്വരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: